പ്രശ്നങ്ങൾ രൂക്ഷം, പക്ഷെ തോറ്റു പിൻമാറില്ല ഞങ്ങൾ!

നീണ്ട കാലം പ്രവാസിയായിരുന്നു റിയാബ്. അവിടെ തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ രൂക്ഷമാകുകയും വേതനം കുത്തനെ കുറയുകയും ചെയ്തതോടെ നാട്ടില്‍ തിരിച്ചെത്തി. തൊഴില്‍ തേടി അലയാതെ സംരംഭകനാകാന്‍ മോഹിച്ച റിയാബ്, സാധ്യതകള്‍ തിരിച്ചറിഞ്ഞ് സ്വന്തം നാട്ടില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നു. തുടക്കത്തില്‍ നല്ല കാലമായിരുന്നു. നോട്ട് പിന്‍വലിക്കലോടെ കച്ചവടം കുത്തനെ ഇടിഞ്ഞു.

കച്ചവടം സാധാരണ നിലയിലേക്ക് വരും മുമ്പേ ജി എസ്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായി. ഇതോടെ റിയാബിന്റെ നിലനില്‍പ്പേ അവതാളത്തിലായി. സമ്പാദ്യം മുഴുവന്‍ തീര്‍ന്നു.

ജീവനക്കാര്‍ക്ക് വേതനം കൊടുക്കാന്‍ പോലും പറ്റാതായി. പലരെയും പിരിച്ചു വിട്ടു. തട്ടിമുട്ടി മുന്നോട്ടു പോകുന്നതിനിടെ പ്രളയം വന്നു. ഓണക്കാലത്തെ കച്ചവടം പ്രതീക്ഷിച്ച് സൂക്ഷിച്ച സ്റ്റോക്ക് മുഴുവന്‍ ഒലിച്ചുപോയി. നഷ്ടത്തിനു മേല്‍ നഷ്ടമായതോടെ സൂപ്പര്‍ മാര്‍ക്കറ്റിന് റിയാബ് ഷട്ടറിട്ടു.

ഇത് ഒരു വ്യക്തിയുടെ കഥയല്ല. കേരളത്തിലെ വ്യാപാര മേഖലയിലെ ആയിരക്കണക്കിനാളുകളുടെ സ്ഥിതി ഇതിന് സമാനം.

ബാര്‍ നിരോധന കാലം മുതല്‍ ആരംഭിച്ചതാണ് വ്യാപാര രംഗത്തെ കഷ്ടകാലം. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവ്, കാലാവസ്ഥാ വ്യതിയാനം, നിപ്പ പോലുള്ള പകര്‍ച്ച വ്യാധികള്‍, ഗള്‍ഫിലെ സാമ്പത്തിക പ്രതിസന്ധി, പ്രളയം എന്നിവയെല്ലാം തന്നെ വ്യാപാര മേഖലയ്ക്ക് തിരിച്ചടിയായി. ''നോട്ട് പിന്‍വലിക്കലും ജിഎസ്ടിയും കഴിഞ്ഞ് രാജ്യത്തെ മറ്റിടങ്ങളിലെ കച്ചവട മേഖല തിരിച്ചു കയറിയെങ്കിലും കേരളത്തിലെ പ്രത്യേകിച്ച് മലബാര്‍ പ്രദേശത്തെ വ്യാപാരമേഖലയെ ഗള്‍ഫ് പ്രതിസന്ധി വല്ലാതെ ഉലച്ചു'', സംസ്ഥാനത്തെ പ്രമുഖനായ ഒരു മാനുഫാക്ചറര്‍ വ്യക്തമാക്കുന്നു.

ഒന്നിനു പിന്നാലെ ഒന്നെന്ന രീതിയില്‍ പ്രതിസന്ധികള്‍ വ്യാപാരികള്‍ക്കു മേല്‍ വന്നുകൊണ്ടേയിരിക്കുന്നു. ഏതു വ്യാപാരിയോടു ക്ഷേമം അന്വേഷിച്ചാലും ആകെ തകര്‍ന്നു എന്ന മട്ടിലുള്ള ഉത്തരമാണ് അടുത്തിടെയായി ലഭിക്കുന്നതെന്ന് ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡലിന്റെ ദേശീയ സെക്രട്ടറി ഡോ.എം ജയപ്രകാശ് പറയുന്നു. വര്‍ഷങ്ങളായി വ്യാപാരരംഗത്തുള്ളവര്‍ക്കു പോലും പ്രളയം കഴിഞ്ഞതോടെ എല്ലാം നഷ്ടപ്പെട്ട സ്ഥിതിയാണ്. ഇവരില്‍ ബഹുഭൂരിപക്ഷവും ആദ്യമായി കച്ചവടം ആരംഭിക്കു ന്നതിന് തുല്യമായി ഒന്നില്‍ നിന്ന് തുടങ്ങേണ്ടിയിരിക്കുന്നു.

വാഗ്ദാനങ്ങള്‍ കടലാസില്‍ മാത്രം

ഇക്കഴിഞ്ഞ പ്രളയത്തില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് വ്യാപാര മേഖലയിലുള്ള സംരംഭകര്‍ക്കാണ്. വ്യാപാരികളുടെ നഷ്ടത്തെ കുറിച്ചുള്ള കണക്ക് ക്ഷേമ ബോര്‍ഡ് വഴി വിവിധ സംഘടനകള്‍ സര്‍ക്കാരിലേക്കെത്തിച്ചിട്ടുണ്ട്. പ്രളയത്തില്‍ നാശം സംഭവിച്ചവര്‍ക്ക് പുനരുജ്ജീവനത്തിനായി പത്തു ലക്ഷം രൂപ വരെ വായ്പകള്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടായിരുന്നു.

എന്നാല്‍ ഇത് ആര്‍ക്കും ലഭിച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍ വ്യാപാരികള്‍ക്കു സഹായം നല്‍കുന്നതിനുള്ള പദ്ധതികളൊന്നും നിലവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കില്ല. ഇത്തരത്തിലുള്ള പദ്ധതികള്‍ പുതുതായി ആവിഷ്‌കരിക്കേണ്ട അവസ്ഥയാണുള്ളത്.

''പ്രളയ കാലത്ത് 6000 മുതല്‍ 10000 കോടി രൂപയുടെ വരെ നഷ്ടം വ്യാപാരികള്‍ക്ക് ഉണ്ടായി. ഇവയൊന്നും പുനഃസ്ഥാപിക്കുക അത്ര എളുപ്പമല്ല. പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ഗവണ്‍മെന്റോ ബാങ്കുകളോ മുന്‍കൈയ്യെടുത്തു നടപ്പിലാക്കിയില്ലെങ്കില്‍ ചെറുകിട വ്യാപാര മേഖല മുഴുവന്‍ വലിയ കോര്‍പ്പറേറ്റുകളുടെ കൈയ്യിലേക്ക് പോകും'', കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന ട്രഷറര്‍ ബിന്നി ഇമ്മട്ടി പറയുന്നു.

''മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വില്‍പ്പന 50 ശതമാനത്തിലേറെ ഇടിഞ്ഞിരിക്കുന്നു. വില്‍പ്പനയില്ലാത്തത് വ്യാപാര മേഖലയില്‍ പ്രതിസന്ധി രൂക്ഷമാക്കുന്നു. ആളുകളുടെ ക്രയശേഷി കുറഞ്ഞതാണ് ഇതിന് കാരണം. അത്യാവശ്യ ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമേ അവര്‍ പണം മുടക്കുന്നുള്ളു,'' പ്രൈം ഡെക്കര്‍ പ്രൊപ്രൈറ്ററും വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂര്‍ ജില്ല വൈസ് പ്രസിഡന്റുമായ പവിത്രന്‍ പി. പറയുന്നു.

''കണ്‍സ്യൂമര്‍ ബിസിനസ് ഇന്‍ഡസ്ട്രി നേരെ താഴേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ഓണക്കാലത്ത് പ്രളയം ബാധിക്കാത്ത ജില്ലകളില്‍പ്പോലും ഉദ്ദേശിച്ച വില്‍പ്പന ലക്ഷ്യം നേടിയെടുക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ലെന്ന് ഓള്‍ കേരള ഐ റ്റി ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോബ് ജെയിംസ് ചൂണ്ടിക്കാട്ടുന്നു.

മുമ്പുണ്ടായിരുന്നതിനേക്കാളും ഇപ്പോള്‍ ബിസിനസില്‍ 20 ശതമാനത്തോളം ഇടിവാണുള്ളത്. എഫ്.എം.സി.ജി, നോണ്‍ എഫ്.എം.സി.ജി മേഖലകളിലുള്ള എല്ലാ ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്കുകള്‍ക്കും പ്രതിസന്ധിയുണ്ടെന്ന് ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ എറണാകുളം ജില്ലാ സെക്രട്ടറി ജയ്‌മോന്‍ പറയുന്നു. സാനിറ്ററി മേഖലയില്‍ കേരളത്തില്‍ ആകെയുള്ള മൂവായിരത്തിലേറെ വ്യാപാര സ്ഥാപനങ്ങളില്‍ 30 ശതമാനമെങ്കിലും കടുത്ത പ്രതിസന്ധിയിലാണ്.

പണമില്ലായ്മ മുഖ്യ പ്രശ്‌നം

വ്യാപാരികളുടെ ഫണ്ട് ഫ്‌ളോയിലെ പ്രശ്‌നങ്ങള്‍ കാരണം ഇപ്പോള്‍ ശരിയായ രീതിയില്‍ ബിസിനസ് ലഭിക്കുന്നില്ലെന്നതാണ് വലിയൊരു പ്രശ്‌നം. ആളുകളുടെ കൈയ്യില്‍ ചെലവഴിക്കാന്‍ വേണ്ട പണം എത്തിച്ചേരുന്നില്ല. പലരും അത്യാവശ്യ സാധനങ്ങള്‍ മാത്രമാണ് വാങ്ങാന്‍ തയ്യാറാകുന്നതെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്.

എംപാനല്‍ ജീവനക്കാരുടെ കൂട്ടത്തോടെയുള്ള പിരിച്ചുവിടല്‍ പോലെ, തൊഴില്‍ രംഗത്തെ പ്രതിസന്ധികള്‍ വ്യാപാര മേഖലയെയും ബാധിക്കുന്നു. കൂടാതെ ബഹുരാഷ്ട്ര കമ്പനികളുടെ ലയനവും തൊഴില്‍ നഷ്ടത്തിന് ഇടയാക്കുന്നുണ്ട്. അടുത്തിടെ നടന്ന ഐഡിയ വോഡഫോണ്‍ ലയനം മൂലം 5000 പേര്‍ക്ക് തൊഴില്‍ നഷ്ടം സംഭവിച്ചതായാണ് കണക്ക്.

റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് വന്ന നിയന്ത്രണങ്ങളും നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തന ങ്ങളില്ലാത്തതും സാധാരണക്കാര്‍ക്ക് തൊഴിലില്ലാത്ത അവസ്ഥ യുണ്ടാക്കിയിരിക്കുന്നു. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രശ്‌നങ്ങളും വ്യാപാര മേഖലയ്ക്ക് തിരിച്ചടിയാണ്. ഹോട്ടല്‍ റൂം ബുക്കിംഗില്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയത്തുണ്ടായി രുന്നതിനേക്കാള്‍ 30 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.

''വിപണിയിലേക്കുള്ള പണമൊഴുക്ക് വളരെയേറെ കുറഞ്ഞു. നോട്ട് നിരോധനത്തിനു ശേഷമാണ് ഇതുണ്ടായത്. മാത്രമല്ല ബാങ്കുകള്‍ നിലപാടുകള്‍ കര്‍ശനമാക്കിയതും പണത്തിന്റെ ലഭ്യത കുറച്ചു. ഡിമാന്‍ഡ് സപ്ലൈ അനുപാതത്തില്‍ വന്ന വ്യതിയാനവും പ്രതിസന്ധിക്ക് കാരണമാണ്.'' എബിസി ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുഹമ്മദ് മദനി പറയുന്നു.

''വ്യാപാര മേഖലയില്‍ തളര്‍ച്ച മാറണമെന്നുണ്ടെങ്കില്‍ സര്‍ക്കാരിന്റെ ഫണ്ട് കൂടുതലായി വിപണിയിലേക്കെത്തണം. സാധാരണക്കാരുടെ ചെലവഴിക്കലാണ് വിപണിയെ ഉയര്‍ത്തി നിര്‍ത്തുന്നത്,'' ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് & ടാക്‌സേഷന്‍ ഫാക്കല്‍റ്റി മെമ്പര്‍ ഡോ.ജോസ് സെബാസ്റ്റിയന്‍ പറയുന്നു.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാ സ്ഥലത്തും തുടങ്ങിയാല്‍ ചെറിയൊരു മാറ്റമെങ്കിലും കാണാനാകും. എന്നാല്‍ പോസിറ്റീവായ നവ കേരള സൃഷ്ടി എങ്ങും നടക്കുന്നില്ലെന്ന് ഡോ. എം. ജയപ്രകാശ് പറയുന്നു.

ഇ-കൊമേഴ്‌സ്: സാധ്യതയോ ഭീഷണിയോ?

ഇ കൊമേഴ്‌സ് മേഖലയെ ഭീഷണിയായും അവസരമായും കാണുന്നവരുണ്ട്. ''ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പുതിയ സ്ഥാപനങ്ങള്‍ ഈ രംഗത്ത് ഉയര്‍ന്നു വരുന്നുണ്ട്. ഉപഭോക്താവിന്റെ പെരുമാറ്റം, അവരുടെ താല്‍പ്പര്യം എന്നിവ അറിഞ്ഞ് തീരുമാനമെടുക്കണം. എന്റെ അഭിപ്രായത്തില്‍ ഓണ്‍ലൈന്‍ വ്യാപാരം തകൃതിയായി നടക്കുമ്പോഴും ഓഫ്‌ലൈന്‍ വ്യാപാരത്തിനും സാധ്യതകളുണ്ട്.

ടച്ച് ആന്‍ഡ് ഫീല്‍ ഉണ്ടാകുന്നതിനായി ഓഫ് ലൈന്‍ സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ നിരവധിയുണ്ട്. ഇപ്പോള്‍ പല ഓണ്‍ലൈന്‍ സൈറ്റുകളും ഓഫ്‌ലൈന്‍ സാധ്യത കൂടി പരീക്ഷിക്കുന്നുണ്ട്. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സാധ്യതകള്‍ ഒരു പോലെ വിനിയോഗിക്കുന്നവര്‍ക്കാണ് ഭാവിയുള്ളത്,'' മുഹമ്മദ് മദനി പറയുന്നു.

ഉപഭോക്താവിന്റെ ആവശ്യം തിരിച്ചറിഞ്ഞ് കൃത്യമായ ഉല്‍പ്പന്നം നല്‍കുകയും കുറ്റമറ്റ വില്‍പ്പനാനന്തര സേവനം ഒരുക്കുകയും വേറിട്ട ഉപഭോക്തൃ അനുഭവം നല്‍ കയും ചെയ്യുന്നവര്‍ക്ക് ഇ-കൊമേഴ്‌സ് രംഗത്തു നിന്നുള്ള ഭീഷണി ഒരു പരിധി വരെ അതിജീവിക്കാന്‍ സാധിച്ചിട്ടുണ്ട്.

''ഓണ്‍ലൈനിലായാലും ഓഫ് ലൈനിലായാലും വണ്‍ നേഷന്‍, വണ്‍ പ്രൈസ് എന്ന പോളിസി നടപ്പാക്കാന്‍ ഞങ്ങളുടെ ദേശീയ ഫോറം മുഖേന പ്രമുഖ ലാപ് ടോപ്പ് നിര്‍മാണ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിക്കുന്നതിനായി കഴിഞ്ഞ മാസം ഞങ്ങള്‍ പര്‍ച്ചേസ് നിര്‍ത്തിവച്ചു. അതിനെ തുടര്‍ന്ന് ഭൂരിഭാഗം കമ്പനികളും ധാരണാപത്രം ഒപ്പിടാന്‍ തയാറായിട്ടുണ്ട്.'' ജോബ് ജെയിംസ് ചൂണ്ടിക്കാട്ടുന്നു.

മാറ്റങ്ങള്‍ക്ക് വേഗം കൂടിയെന്നതാണ് ഇപ്പോഴത്തെ വിപണിയുടെ പ്രത്യേകത. ആ വേഗത്തിനനുസരിച്ച് വ്യാപാരികള്‍ക്കും മാറാനാകണം. പുതിയ സാങ്കേതിക വിദ്യ അപ്പപ്പോള്‍ തിരിച്ചറിഞ്ഞ് ബിസിനസില്‍ പ്രയോഗിക്കണം. ''പിന്നത്തേക്ക് മാറ്റിവെക്കുക എന്നത് ചിന്തിക്കാന്‍ കൂടി കഴിയാതെ വന്നിരിക്കുന്നു. ആലോചിക്കാന്‍ ഏറെ സമയമുണ്ടാകില്ല. അതിനു മുമ്പേ തീരുമാനമെടുത്തില്ലെങ്കില്‍ പിന്നിലായിപ്പോകുന്ന സ്ഥിതിയാണ്,'' മുഹമ്മദ് മദനി പറയുന്നു. ഉപഭോക്താവിന് അനുഭവങ്ങള്‍ സമ്മാനിക്കുന്ന കേന്ദ്രങ്ങളാകണം വ്യാപാര
സ്ഥാപനങ്ങള്‍. പണ്ടത്തെ പോലെ വെറുമൊരു കടയാകരുത്.

കൂട്ടായ്മകളിലൂടെ മുന്നോട്ട്

പ്രതിസന്ധി ഘട്ടങ്ങളെ ഒന്നിച്ചുനിന്ന് നേരിടാന്‍ കൂട്ടായ്മകള്‍ ഉയര്‍ന്നു വരുന്നുവെന്നതാണ് ഈ സമയത്തെ ചില പോസിറ്റീവ് മാറ്റങ്ങള്‍. സൂപ്പര്‍മാര്‍ക്കറ്റുകളുടെ സംഘടനയായ സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള (സ്വാക്ക്), ഗൃഹോപകരണ ഡീലര്‍മാരുടെ അസോസിയേഷനായ ഡീലേഴ്‌സ് അസോസിയേഷന്‍ ഓഫ് ടെലിവിഷന്‍ ആന്‍ഡ് അപ്ലയന്‍സസ് (ഡാറ്റ) എന്നിവയൊക്കെ അംഗങ്ങളെ ഒരുമിച്ച് നിര്‍ത്തി ബിസിനസ് മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തിലാണ്.

നിലവിലുള്ള ഒറ്റ ഷോപ്പുകളെ ഫ്രാഞ്ചൈസികളായി അണിനിരത്തി പ്രശ്‌നങ്ങളെ അതിജീവിക്കാനാണ് ഡാറ്റ ശ്രമിക്കുന്നത്. വിലപേശാനും പരസ്യങ്ങള്‍ നല്‍കാനും ഇന്‍ഷുറന്‍സ് എടുക്കാനും ഓണ്‍ലൈന്‍ വ്യാപാരത്തിനുമൊക്കെ ഒരുമിച്ചു നില്‍ക്കുന്നതുകൊണ്ട് ഏറെ ഗുണങ്ങളുണ്ടെന്ന് ഡാറ്റയുടെ പ്രസിഡന്റും ഡീലേഴ്‌സ് ഡിജിറ്റല്‍ ഷോപ്പിയുടെ മാനേജിംഗ് ഡെസിഗ്‌നേറ്റഡ് പാര്‍ട്ണറുമായ വിനോദ് പി മേനോന്‍ പറയുന്നു.

ഓണ്‍ലൈന്‍ ഷോപ്പിംഗിലേക്ക് കടക്കുമ്പോള്‍ ഒറ്റ ദിവസം കൊണ്ട് കേരളത്തിലെമ്പാടും സപ്ലൈ ചെയ്യാന്‍ ഇത്തരം കൂട്ടായ്മയിലൂടെ സാധിക്കുമെന്ന് വിനോദ് പി മേനോന്‍ കൂട്ടിച്ചേര്‍ക്കുന്നു.

വിപണിയുടെ മോശം അവസ്ഥകളെ കുറിച്ച് അംഗങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തിയും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ചുമൊക്കെയാണ് കൂട്ടായ്മകള്‍ മുന്നേറുന്നത്. വില്‍പ്പനാനന്തര സേവനവും ഉപഭോക്താവിന് തികച്ചും വ്യക്തിഗതമായ പിന്തുണയും നല്‍കികൊണ്ട് മാത്രമേ ബിസിനസ് പിടിച്ചുനിര്‍ത്താനാകൂ എന്ന അറിവ് അംഗങ്ങളിലേക്ക് പകരുന്നുണ്ടെന്ന് ജോബ് ജെയിംസ് പറയുന്നു.

സര്‍ക്കാര്‍ കേള്‍ക്കുന്നുണ്ടോ?

സര്‍ക്കാര്‍ പോസിറ്റീവായാലേ നിലനില്‍ക്കാനാകൂ എന്നാണ് വ്യാപാരികള്‍ പറയുന്നത്. സംരംഭകര്‍ക്ക് നിലനില്‍ക്കാനും വളരാനും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കണം. എല്ലാ ദിവസവും എന്ന പോലെയായിരിക്കുന്നു ഹര്‍ത്താലുകള്‍. പ്രളയത്തില്‍ തകര്‍ന്നു പോയൊരു സംസ്ഥാനമാണെന്നതു പോലും കണക്കിലെടുക്കാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ മാറി മാറി ഹര്‍ത്താലുകള്‍ നടത്തി നാടിന്റെ സാമ്പത്തിക സ്ഥിതിയെ താറുമാറാക്കിക്കൊണ്ടേയിരിക്കുന്നു.

Hartal strike

സെഞ്ച്വറി തികയ്ക്കാന്‍ നില്‍ക്കുകയാണ് ഹര്‍ത്താലുകളുടെ എണ്ണം. സമൂഹത്തിന് ഗുണം ചെയ്യാത്ത ഹര്‍ത്താലുകള്‍ പൂര്‍ണമായും ഇല്ലാതാക്കിയില്ലെങ്കില്‍ തിരിച്ചു വരാനാകാത്ത വിധം കേരളം പിന്നിലേയ്ക്ക് പോകുമെന്ന് മുന്നറിയിപ്പും വ്യാപാരികള്‍ നല്‍കുന്നു.

പലപ്പോഴും നിക്ഷേപം നടത്തി കഴിയുമ്പോഴാണ് അതിനനുസൃതമായ റിട്ടേണ്‍ ലഭിക്കില്ലെന്നു തിരിച്ചറിയുന്നത്. അതിനിടെ പ്രതികൂല സാഹചര്യങ്ങളും അടിക്കടി ഹര്‍ത്താലുകളും കൂടി ആകുന്നതോടെ വിജയ ശതമാനം കുത്തനെ കുറയും. ഇതിന്റെ തിക്തഫലം അനുഭവിക്കുന്നത് സംരംഭകര്‍ മാത്രമല്ല. ബാങ്കുകളുടെ, സര്‍ക്കാരിന്റെ പണം ഒക്കെ നഷ്ടമാകും. ഇത് കൈകാര്യം ചെയ്യാനുള്ള ഇച്ഛാശക്തി സര്‍ക്കാരിനു വേണം.

മുന്നോട്ടു പോവാന്‍ ചെയ്യേണ്ടതെന്ത്?

  • ഡിമാന്‍ഡിനേക്കാള്‍ കൂടുതലാണ് സപ്ലൈ എന്നതിനാല്‍ കേരളത്തിനു പുറത്തേക്കും ബിസിനസ് വ്യാപിപ്പിക്കുക എന്നത് നല്ല ആശയമാണ്.
  • കേരളത്തെ മാത്രം ആശ്രയിച്ച് ഒരു ഉല്‍പ്പന്നത്തിനും നിലനില്‍ക്കാനാകില്ല. വ്യാപാരികള്‍ കേരളത്തിനു പുറത്തും അവസരങ്ങള്‍ കണ്ടെത്തണം.
  • ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് ഇപ്പോള്‍ വലിയ പ്രചാരമുണ്ട്. അത് അവസരമായി കണ്ട് വിനിയോഗിക്കണം.
  • ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സാധ്യതകള്‍ ഒരു പോലെ ഉപയോഗിച്ച് പുതിയ ബിസിനസ് മോഡലുകള്‍ സൃഷ്ടിക്കണം.
  • വിപണിയിലെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് അതിവേഗം മാറാനുള്ള കഴിവ് വ്യാപാരികള്‍ സ്വായത്തമാക്കണം.
  • വ്യത്യസ്തത പരിപോഷിപ്പിക്കാന്‍ ശ്രമിക്കണം. വിപണിയിലെ വിജയമാതൃകകള്‍ അതേപടി അനുകരിക്കരുത്.
  • ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് നൂതനമായ സേവനം ലഭ്യമാക്കിയാല്‍ വിപണിയില്‍ പിടിച്ചു നില്‍ക്കാനാകും.
  • വേറിട്ട ഉപഭോക്തൃ അനുഭവത്തിലൂടെ മാത്രമേ റീറ്റെയ്ല്‍ രംഗത്ത് വിജയിക്കാനാകൂ. വെറും ഉല്‍പ്പന്നങ്ങളല്ല, മറിച്ച് അനുഭവങ്ങള്‍ ഉപഭോക്താവിന് നല്‍കാന്‍ ശ്രമിക്കണം. ഇതിലൂടെ മാത്രമേ ബിസിനസ് പിടിച്ചുനിര്‍ത്താനും വളരാനും സാധിക്കു.
  • ബിസിനസ് രംഗത്തെ പ്രതിസന്ധികള്‍ പുതുമയുള്ള കാര്യമല്ല. ഓരോ പ്രതിസന്ധിയേയും എങ്ങനെ ക്രിയാത്മകമായി മറികടക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ബിസിനസുകളുടെ വളര്‍ച്ചയും തളര്‍ച്ചയും.
  • അതിവേഗ മാറ്റങ്ങള്‍ സംഭവിക്കുന്ന ഇക്കാലത്ത് പരമ്പരാഗത ശൈലികളില്‍ നിന്നും മാറിചിന്തിക്കുന്നവര്‍ക്കൊപ്പമാകും വിജയം.

ജിഎസ്ടി ഇപ്പോഴും പ്രശ്‌നം

ജിഎസ്ടി പ്രാബല്യത്തിലായതോടെ പല മേഖലകളിലും നികുതി ഭാരം വല്ലാതെ വര്‍ധിച്ചു. അഞ്ചു ശതമാനത്തില്‍ നിന്ന് 18 ശതമാനം വരെയൊക്കെ നികുതി ഉയര്‍ന്നത് പല വ്യാപാരികള്‍ക്കും തിരിച്ചടിയായി. ബേക്കറി രംഗത്ത് അഞ്ച് ശതമാനമായിരുന്ന നികുതിയാണ് ജിഎസ്ടി വന്നപ്പോള്‍ 18 ശതമാനം ആയത്. അതോടെ നിലനില്‍പ്പ് പ്രശ്‌നത്തിലായ നിരവധി ബേക്കറികള്‍ അടച്ചു പൂട്ടി.

മാത്രമല്ല ജി.എസ്.ടി നിലവില്‍ വന്നതോടെ ഓഫീസ് ജോലികള്‍ വര്‍ധിച്ചു. എക്കൗണ്ട്‌സ് സൂക്ഷിക്കാനും റിട്ടേണുകള്‍ ഫയല്‍ ചെയ്യാനും മാത്രമായി പല സ്ഥാപനങ്ങള്‍ക്കും പ്രത്യേകം ജീവനക്കാരെ നിയോഗിക്കേണ്ടതായി പോലും വന്നു.

അടുത്തിടെ ജിഎസ്ടി കൗണ്‍സില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും അതുകൊണ്ട് ഇനി കാര്യമില്ലെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. ജിഎസ്ടി മൂലം ധാരാളം സ്ഥാപനങ്ങള്‍ ഇതിനകം തന്നെ പൂട്ടിപ്പോയി. 15000 ത്തിനും 20000 ത്തിനുമിടയില്‍ ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ പൂട്ടിപ്പോയിട്ടുണ്ട്. പെരുമ്പാവൂരില്‍ മാത്രം 200 ഓളം കമ്പനികള്‍ പൂട്ടി പോയി എന്നാണ് അനൗദ്യോഗിക കണക്ക്.

ജിഎസ്ടി വരും മുന്‍പ് ഒന്നര കോടി രൂപ വരെ വിറ്റുവരവുള്ളവര്‍ക്ക് എക്‌സൈസ് ഡ്യൂട്ടിയില്‍ ഇളവുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ 20 ലക്ഷം രൂപയാണ് അതിന്റെ പരിധി ഇതു കൊടുക്കാന്‍ സാധിക്കാത്തവര്‍ക്ക് അടച്ചു പൂട്ടേണ്ടി വരുന്നു. 12-14 ശതമാനം നികുതി നിരക്കാണ് നിശ്ചയിച്ചതെങ്കില്‍ ഇത്രയും കുഴപ്പമുണ്ടാകില്ലായിരുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു. ജിഎസ്ടി നിരക്കുകളില്‍ വരുത്തിയ കുറവ് പുതുതായി വ്യാപാര രംഗത്തേക്ക് കടന്നു വരുന്നവര്‍ക്ക് മെച്ചമാകുമെങ്കിലും നിലവിലുള്ള വ്യാപാരികള്‍ക്ക് കാര്യമായ ഗുണം ഇതുമൂലം ഉണ്ടാകുന്നില്ല എന്നതാണ് വസ്തുത.

''നികുതി അടയ്ക്കാത്ത വലിയൊരു കൂട്ടം ആളുകളുമായാണ് ഞങ്ങള്‍ക്ക് മല്‍സരിക്കേണ്ടിവരുന്നത്. ജിഎസ്ടി നല്ലതുതന്നെ, അതിനെ പിന്തുണയ്ക്കുന്നു. എന്നാല്‍ എല്ലാവരും നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. എട്ട് ശതമാനമാക്കി നികുതി കുറച്ചാല്‍ തന്നെ കൂടുതല്‍പ്പേര്‍ സ്വമേധയാ
നികുതി നല്‍കാന്‍ തയാറാകും.'' നവ്യ ബേക്കേഴ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ ബിജു ജോസഫ് പറയുന്നു.

സാധ്യതകള്‍ എവിടെ?

നിര്‍മാണ മേഖല കുറച്ചു കാലമായി സ്തംഭിച്ചു നില്‍ക്കുകയാണെന്നത് സത്യം തന്നെ. എന്നാല്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനം സജീവമാകുന്നുണ്ട്. വീടുകളടക്കം പുതുക്കിപ്പണിയുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. 1980 കളിലും മറ്റും
പണിത വീടുകള്‍ ഇന്നത്തെ സൗകര്യങ്ങള്‍ വിളക്കിച്ചേര്‍ത്ത് ആധുനികമാക്കുന്ന മേഖലയിലെ ഉണര്‍വ് ഇതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും ഡിമാന്‍ഡ് ഉണ്ടാക്കാന്‍ കാരണമാകുന്നുണ്ട്.

ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനക്കാര്‍ എന്ന നിലയില്‍ നിന്നും ടോട്ടല്‍ സൊലൂഷന്‍ പ്രൊവൈഡര്‍ എന്ന നിലയിലേക്ക് വ്യാപാരികള്‍ മാറണം. ഉല്‍പ്പാദനം മുതല്‍ പദ്ധതികളുടെ നടത്തിപ്പ് വരെ ചെയ്യാനാകണം.

കേരളത്തില്‍ ഇനി അവസരങ്ങളുള്ളത് ആരോഗ്യം, ഫിറ്റ്‌നസ്, വെല്‍നെസ്, സ്‌പോര്‍ട്‌സ്, ഗെയിംസ്, വിനോദം, ഭക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ടാണ്. ഇവയിലെ അനന്ത സാധ്യതകള്‍ തിരിച്ചറിഞ്ഞാല്‍ വ്യാപാരമേഖലയില്‍ പുതിയ വഴികള്‍ കണ്ടെത്തി മുന്നേറാനാകും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it