ഷോപ്പിംഗ് അനുഭവം മാറ്റിമറിക്കാൻ 10 റീറ്റെയ്ൽ ഇന്നവേഷനുകൾ

റീറ്റെയ്ൽ എന്ന വാക്കിന് പുതിയ മാനങ്ങൾ കൈവന്നു കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. ഇ-കോമേഴ്സിന്റെ കടന്നുവരവോടെ റീറ്റെയ്ൽ മേഖലയിലെ മത്സരം കടുത്തുകൊണ്ടിരിക്കുകയാണ്. 'ബയ്‌ വൺ ഗെറ്റ് വൺ ഫ്രീ' എന്നതിൽ നിന്ന് മാറി, എങ്ങിനെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം നൽകാം എന്നതാണ് ഓരോ റീറ്റെയ്ലുകാരും തെരഞ്ഞുകൊണ്ടിരിക്കുന്നത്.

ലോകത്തിന്റെ പല ഭാഗങ്ങളിൽ പല റീറ്റെയ്ലർമാരും നടപ്പാക്കിയ ഇന്നവേഷൻസ് വിശദീകരിക്കുകയാണ് ഫ്രീലാൻസ് ബിസിനസ് എഴുത്തുകാരനായ ക്രിസ് ക്രെയ്ൻസിസ്സ്.

ജീൻസിന്റെ സൈസ് അറിയാൻ ക്യൂ ആർ കോഡ്

യുഎസിലെ സിയാറ്റിലിലുള്ള ഹോയിന്റെർ എന്ന ജീൻസ് ഷോപ്പിൽ ചെന്നാൽ ഓരോ മോഡലിലും ഉള്ള ഒറ്റ പെയർ ജീൻസ് മാത്രമേ കാണൂ. ഓരോന്നിനും ഓരോ ക്യൂ.ആർ കോഡ് ഉള്ള ടാഗ് ഉണ്ടാകും. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. ഹോയിന്ററിന്റെ മൊബീൽ ആപ്പ് ഉപയോഗിച്ച് തെരഞ്ഞെടുത്ത ജീൻസിന്റെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുക. ഉടനെ ട്രയൽ റൂം നമ്പർ മൊബീലിൽ പ്രത്യക്ഷപ്പെടും. അവിടെയെത്തുമ്പോഴേക്കും ട്രയൽ ചെയ്യാനുള്ള നിങ്ങളുടെ ജീൻസ് റെഡി ആയിരിക്കും. ജീൻസ് പാകമാണെങ്കിൽ ആപ്പ് ഉപയോഗിച്ച് അപ്പോൾ തന്നെ ഓർഡർ ചെയ്യാം. വസ്ത്രങ്ങൾ ട്രയൽ റൂമിലേയ്ക്ക് എടുത്തുകൊണ്ട് പോകേണ്ട ബുദ്ധിമുട്ടില്ല. സമയവും ലാഭം.

ഓടിയ ദൂരത്തെ പണമാക്കി മാറ്റാം, നൈക്കി ഷൂസ് വാങ്ങാം

നൈക്കി ഷൂ നിർമ്മാതാക്കൾ മെക്സിക്കോയിൽ നടത്തിയ പ്രൊമോഷൻ ഉപഭോക്താക്കളുടെ ആരോഗ്യത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ഒരാൾ ഒരാഴ്ച വ്യായാമത്തിന്റെ ഭാഗമായി ഓടിയ ദൂരം എത്രെയെന്ന് ഏതെങ്കിലും ആപ്പ് ഉപയോഗിച്ച് അളക്കണം. പിന്നീട് നൈക്കി നടത്തുന്ന ഫേസ്ബുക് ലേലത്തിൽ ഓടിയ അത്രയും കിലോമീറ്ററുകളെ പണമാക്കി മാറ്റാം. അതായത് ഏറ്റവും കൂടുതൽ ദൂരം ഓടിയ ആൾ ആയിരിക്കും ലേലത്തിൽ വിജയിക്കുക.

ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗിച്ച് ഓൺലൈൻ ഷോപ്പിംഗ്

ചൈനയിലെ ഒരു ഓൺലൈൻ ഗ്രോസറി സ്റ്റോറുകാരുടെ തലയിലുദിച്ച ഐഡിയ ആണിത്. ചില പൊതു സ്ഥലങ്ങളിൽ മാത്രമാണ് ഈ സൗകര്യം ലഭ്യമാകുക. ഈ തെരഞ്ഞെടുത്ത ഇടങ്ങളിൽ ഇരുന്ന് ഒരു ഉപഭോക്താവ് ഓൺലൈൻ പർച്ചേസ് ചെയ്യുകയാണെന്നിരിക്കട്ടെ, അവരുടെ സ്മാർട്ട് ഫോൺ ഒരു പ്രത്യേക ദിശയിൽ ചലിപ്പിച്ചാൽ അവിടെ ഒരു വെർച്ച്വൽ സ്റ്റോർ പ്രത്യക്ഷപ്പെടും. നിങ്ങൾക്കുവേണ്ട സാധനങ്ങൾ സാധാരണ കടയിലെന്നപോലെ ഷെൽഫിൽ നിന്ന് തെരഞ്ഞെടുത്ത് മേടിക്കാം. ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗിച്ചാണ് ഈ സംവിധാനം ഒരുക്കിയത്.

കസ്റ്റമർ പറയുന്ന സാധനങ്ങൾ മാത്രം സ്റ്റോക്ക് ചെയ്യുക

ഡെന്മാർക്കിലെ ഒരു സൂപ്പർ മാർക്കറ്റ് പ്രയോഗിച്ച തന്ത്രം മറ്റൊന്നാണ്. കസ്റ്റമറുടെ അഭിപ്രായമനുസരിച്ച് സാധനങ്ങൾ സ്റ്റോർ ചെയ്യുക എന്നത്. എന്താണ് അവർക്കാവശ്യം എന്നത് ഷോപ്പിന്റെ വെബ്സൈറ്റ് വഴി ഉപഭോക്താക്കൾക്ക് അറിയിക്കാം. അതുണ്ടോ എന്ന് ഉറപ്പു വരുത്തിയിട്ട് മാത്രം പോയി വാങ്ങിയാൽ മതി. അനാവശ്യ സാധങ്ങൾ സ്റ്റോക്ക് ചെയ്യുന്നത് ഒഴിവാക്കാനും ഇത് സഹായിക്കും.

ക്യൂ ഒഴിവാക്കാൻ ആപ്പ്

അമേരിക്കയിലെ ഒരു റീറ്റെയ്ൽ സ്റ്റോർ അവതരിപ്പിച്ച ക്യൂ-ത്രൂ എന്ന മൊബീൽ ആപ്പ് ക്യൂ വിൽ നിൽക്കാതെ സാധനങ്ങൾ വാങ്ങാൻ സഹായിക്കുന്നതാണ്. കടയിൽ ചെല്ലുമ്പോൾ തന്നെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്യുക. പിന്നീട് ഷെൽഫിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഓരോ ഉത്പന്നങ്ങളുടെയും ബാർ കോഡ് സ്കാൻ ചെയ്യുക. അങ്ങനെ ഷോപ്പിംഗ് കഴിയുമ്പോൾ കടയുടെ എക്സിറ്റ് പോയ്‌ന്റിൽ ഉള്ള ഒരു മെഷീനിൽ ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ നിങ്ങളുടെ ബിൽ കിട്ടും. പേയ്മെന്റ് ഓൺലൈൻ ആയി ഇതിനകം നടന്നിട്ടുണ്ടാകും.

നിങ്ങളുടെ ഉല്പന്നത്തിന്റെ എത്ര 'ലൈക്'...എല്ലാവരും അറിയട്ടെ

ബ്രസീലിലുള്ള ഒരു ഫാഷൻ റീറ്റെയ്ലർ തന്റെ ഉത്പന്നങ്ങൾക്ക് എത്ര ഫേസ്ബുക് ലൈക് കിട്ടിയിട്ടുണ്ട് എന്ന് ഓഫ്‌ലൈൻ സ്റ്റോറിൽ വരുന്ന ഉപഭോക്താക്കൾക്ക് പറഞ്ഞുകൊടുക്കാൻ ഒരു വിദ്യ കണ്ടു പിടിച്ചു. സ്റ്റോറിൽ പ്രദർശിപ്പിച്ചിരിക്കുന്ന വസ്ത്ര ഉത്പന്നങ്ങളുടെ കൂടെ ഫിറ്റ് ചെയ്തിരിക്കുന്ന ചെറിയ സ്ക്രീൻ വഴിയാണ് ഇത്. കൂടുതൽ ലൈക്കുകൾ ഉള്ള ഉത്പന്നങ്ങൾ നോക്കി ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.

ടിപ്സ് കൊടുക്കാം കാർഡ് വഴി

ലോകമൊന്നാകെ ക്യാഷിൽ നിന്ന് കാർഡിലേയ്ക്ക് മാറുമ്പോൾ ഇതിനിടയിൽ ചെറിയ ചില്ലറകൾ ടിപ്സ് ആയി ലഭിച്ചിരുന്ന ആളുകളുടെ ഒരു ഭാഗം വരുമാനം ഇല്ലാതാകുന്നു എന്ന ചിന്തയിൽ നിന്നാണ് ഡിപ് ജാർ എന്ന ആശയത്തിന്റെ വരവ്. ടിപ്സ് കൊടുക്കാൻ ആഗ്രഹിക്കുന്നവർ, പ്രത്യേകിച്ചും റെസ്റ്റോറന്റുകളിലും മറ്റും, ഡിപ് ജാറിൽ കാർഡ് സ്വൈപ് ചെയ്താൽ മതി. ഒരു തവണ സ്വൈപ് ചെയ്താൽ ഒരു ഡോളർ ടിപ് ആയി നൽകാം.

നിശബ്ദ ഷോപ്പിംഗ്

ഷോപ്പിംഗ് സ്ഥലത്ത് തിരക്കേറുന്തോറും ഒച്ചയും വർധിക്കും. ചിലപ്പോഴൊക്കെ ഇത് സഹിക്കാവുന്നതിലപ്പുറമാകും. ഈ അവസരത്തിൽ ഷോപ്പിംഗ് തന്നെ നിർത്തി പോകുന്നവരുണ്ട്. ഇതിനൊരു പരിഹാരമായാണ് യു.കെ യിലെ ഒരു സൂപ്പർ മാർക്കറ്റ് നിശബ്ദ ക്യാമ്പെയ്ൻ തുടങ്ങിയത്. ഷോപ്പിംഗ് സമയത്ത് ആരും ഇവിടെ ഒച്ചവെച്ച് സംസാരിക്കാൻ പാടില്ല എന്ന നിയമം വിശ്വസ്തരായ ഉപഭോക്താക്കളുടെ പ്രീതി പിടിച്ചുവാങ്ങാൻ സഹായിച്ചു.

ബെഡ് തെരഞ്ഞെടുക്കുന്നതിനിടയിൽ ഒന്നുറങ്ങാം

ന്യൂയോർക്കിലെ ഒരു ഫർണിച്ചർ സ്ഥാപനം കിടക്ക വാങ്ങുന്നതിന് മുൻപ് ഉപഭോക്താവിന് ഒന്നുറങ്ങി നോക്കാനും അവസരം നൽകുന്നുണ്ട്. ഒരു ഗ്ലാസ് ഫ്രീ ഓറഞ്ച് ജ്യൂസ് കൂടി കിട്ടും. രണ്ട് മണിക്കൂർ ഉറങ്ങാനുള്ള അനുവാദമുണ്ട്. ഷോപ്പിനെ കുറിച്ച് കൂടുതൽ ആളുകൾ സംസാരിക്കാനും അതു വഴി കൂടുതൽ സന്ദർശകരെ സൃഷ്ടിക്കാനും ആണ് ഈ ഐഡിയ.

ആർ.എഫ്.ഐ.ഡി വഴി ഉൽപ്പന്നങ്ങൾ കൃത്യമായി ട്രാക്ക് ചെയ്യാം

ബ്രസീലിലെ ഒരു റീറ്റെയ്ലർ തന്റെ കച്ചവടച്ചരക്കുകൾ എവിടേക്കെല്ലാം പോകുന്നു എന്ന് മനസിലാക്കാനായി റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) ടാഗുകൾ ഉപയോഗപ്പെടുത്തി. നിർമ്മാതാക്കൾ മുതൽ ഉപഭോക്താക്കൾ വരെ ആ ഉത്പന്നം ആരുടെയൊക്കെ കൈകളിൽ മാറി മറിയുന്നെന്ന് ഇത് വഴി മനസിലാക്കാം. ഒരു സ്റ്റോറിൽ ഒരു പ്രത്യേക ഉത്പന്നം എവിടെയാണ് ഇരിക്കുന്നതെന്ന് ഇത് വഴി കണ്ടെത്താം. മാത്രമല്ല, ബില്ലിംഗ് കുറച്ചു കൂടി എളുപ്പമാക്കാൻ ഈ സാങ്കേതിക വിദ്യ സഹായിക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it