റീറ്റെയ്‌ലിംഗ്, ബിയാനി സ്റ്റൈൽ!

എങ്ങനെയാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് റീറ്റെയ്ല്‍ രംഗത്ത് മുന്നേറ്റം സാധ്യമാക്കിയതെന്ന് ഗ്രൂപ്പ് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ കിഷോര്‍ ബിയാനി പറയുന്നു

ഇന്നവേഷന്‍

പടികള്‍ കയറുന്നതു പോലെയാണ് ബിസിനസ്. തുടക്കത്തില്‍ എനിക്ക് ബിസിനസിനെ കുറിച്ച് ഒന്നുമറിയുന്നുണ്ടായിരുന്നില്ല. എന്നാല്‍ ബിസിനസ് തുടങ്ങിയപ്പോള്‍ എങ്ങനെ വ്യത്യസ്തമായി ചെയ്യാം എന്നതായി ചിന്ത. ഇപ്പോള്‍ വേഗതയാണ് ബിസിനസിന്റെ അസ്തിത്വം.

നമ്മുടെ മേഖലയില്‍ ഉണ്ടാകാവുന്ന മാറ്റങ്ങള്‍ മുന്‍കൂട്ടി കാണാനും അതിനെ തരണം ചെയ്ത് വിജയിക്കാനുമുള്ള മാര്‍ഗങ്ങളാണ് തേടേണ്ടത്. ഉപഭോക്താവ് ആവശ്യപ്പെടുന്ന തരത്തിലുള്ള സേവനങ്ങളും സാധനങ്ങളും നല്‍കാന്‍ നമുക്കാവണം.

നമ്മള്‍ സ്വയം ഉണ്ടാക്കുന്ന മാറ്റങ്ങളെയാണ് ഞാന്‍ ഇന്നവേഷന്‍ എന്നു വിളിക്കുന്നത്. റീറ്റെയ്ല്‍ ഒരു മതമാണെങ്കില്‍ അതിലെ ദൈവമാണ് ഉപഭോക്താവ്. റീറ്റെയ്ല്‍ ഷോപ്പുകള്‍ ദേവാലയങ്ങളും. ഉപഭോക്താവ് ഒരു മാറ്റം പ്രതീക്ഷിക്കുന്നതിനു മുന്നേ നമുക്ക് അത് നടപ്പില്‍ വരുത്താനാകണം. ഫ്യൂച്ചര്‍ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഒരു മൂല്യ ശൃംഖല സൃഷ്ടിച്ചുവെന്നതാണ് നേട്ടം. ഫാഷന്‍ രംഗത്ത് 60-65 ശതമാനം സ്വന്തം ഉല്‍പ്പന്നങ്ങളാണ് ഞങ്ങള്‍ വില്‍ക്കുന്നത്.

മൂല്യ ശൃംഖല

മറ്റൊരു കമ്പനിക്കുവേണ്ടി ഉല്‍പ്പന്നം ഉണ്ടാക്കി നല്‍കുക എന്നതൊക്കെ പഴയ രീതിയാണ്. സ്വയമുണ്ടാക്കി സ്വയം വില്‍ക്കുകയാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ്. ഉപഭോക്താവാണ് ബ്രാന്‍ഡ് സൃഷ്ടിക്കുന്നത്. റീറ്റെയ്‌ലില്‍ നിന്നു മാറി ഇപ്പോള്‍ എഫ്എംസിജി കമ്പനിയായി ഞങ്ങള്‍ മാറിയിരിക്കുന്നു.

ഞങ്ങള്‍ ബ്രാന്‍ഡ് അവതരിപ്പിക്കുകയും അത് വിതരണം ചെയ്യുകയും റീറ്റെയ്‌ലിലൂടെ ഉപഭോക്താക്കളിലേക്കെത്തിക്കുകയും ഉപഭോക്താക്കളെ കുറിച്ചുള്ള കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്നതടക്കമുള്ള മൂല്യശൃംഖല സ്വയം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. മറ്റേതൊരു ഗ്രൂപ്പും ചെയ്യുന്നതിനേക്കാള്‍ വിപുലമായി
ഞങ്ങളത് ചെയ്യുന്നുമുണ്ട്.

ഇ കൊമേഴ്‌സ്

ഇ കൊമേഴ്‌സ് എന്നത് വളരെ പഴയ ആശയമാണ്. ചെലവേറിയതുമാണ്. അതില്‍ ഉപഭോക്താക്കളെ കണ്ടെത്തുന്നതിന് ഉല്‍പ്പന്നത്തിന്റെ ആകെ വിലയുടെ 12-20 ശതമാനം ചെലവ് വരുന്നു. അവരെ കച്ചവടത്തിലേക്ക് എത്തിക്കുന്നതിന് 8-10 ശതമാനം ചെലവും ഉല്‍പ്പന്നം സ്വീകരിച്ച്, പാക്ക് ചെയ്ത്, ഷിപ്പിംഗ് നടത്തി കച്ചവടം പൂര്‍ത്തിയാക്കാന്‍ 12-20 ശതമാനം ചെലവും വരുന്നു.

ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത് അത്ര ലാഭകരമല്ല. ലാഭം വളരെ കുറവാണെന്നതും അംഗീകരിക്കണം. അതു വെച്ച് നോക്കുമ്പോള്‍ ഞങ്ങള്‍ക്ക് പ്രവര്‍ത്തന ചെലവ് കുറവാണ്. ഞങ്ങള്‍ ഇ കൊമേഴ്‌സിനെയല്ല, സാങ്കേതിക വിദ്യയെ ആണ് പ്രയോജനപ്പെടുത്തുന്നത്. ഇ കൊമേഴ്‌സിലേക്ക് കടക്കുമോ എന്ന് പലരും ചോദിക്കാറുണ്ട്.

എന്നാല്‍ അങ്ങനെ കളയാന്‍ ഞങ്ങളുടെ കൈയില്‍ പണമില്ല. ഫഌപ്പ്കാര്‍ട്ട് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6000 കോടി രൂപയും ആമസോണ്‍ 6800 കോടി രൂപയും നഷ്ടം വരുത്തിയെന്നാണ് അറിഞ്ഞത്. കൂടുതല്‍ നഷ്ടമുണ്ടാകുന്നതിലൂടെ കൂടുതല്‍ മൂല്യം കൈവരിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല. അതിനു പകരം മൂല്യ ശൃംഖലയാണ് ഞങ്ങളുടെ വിജയഫോര്‍മുല.

ഓണ്‍ലൈനും ഓഫ്‌ലൈനും രണ്ടു വഴിയല്ല

അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഓണ്‍ലൈന്‍-ഓഫ് ലൈന്‍ ബിസിനസ് യോജിച്ചു പോകുന്ന സ്ഥിതിയുണ്ടാകും. ഉപഭോക്താവിന് നേരിട്ട് കാണാനുള്ള അവസരവും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാനുള്ള അവസരവും ലഭ്യമാകുന്ന ഒമ്‌നിചാനല്‍ എന്നത് ഈ മേഖലയിലെ പുതിയ വാക്കായി മാറിയിരിക്കുന്നു.

തഥാസ്തു

ഫാഷന്‍ രംഗത്ത് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ തഥാസ്തു പൂര്‍ണമായും ഓണ്‍ലൈന്‍ അല്ല. ഡാറ്റ പ്രയോജനപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇന്റര്‍നെറ്റ് കൊമേഴ്‌സ് ബസ് ഞങ്ങള്‍ക്ക് കിട്ടിയില്ല. ഭാഗ്യവശാല്‍ കിട്ടിയില്ല എന്നേ പറയൂ.

മാര്‍ക്കറ്റ് ലീഡര്‍ ആകേണ്ട

രാജ്യത്ത് കൂടുതല്‍ റീറ്റെയ്ല്‍ ഗ്രൂപ്പുകള്‍ കടന്നു വരുന്നത് നല്ലതു തന്നെ. 80 ബില്യണ്‍ ഡോളറിന്റെ വിപണിയാണ് ഇന്ത്യ. അതില്‍ ലീഡര്‍ ആയിരിക്കുക എന്നത് ഞങ്ങള്‍ക്ക് നിര്‍ബന്ധമുള്ള കാര്യമല്ല. രണ്ടാമതോ മൂന്നാമതോ ആയിരിക്കുന്നതിലും ഞങ്ങള്‍ സന്തോഷം കണ്ടെത്തും. കുറഞ്ഞ ചെലവില്‍ നടത്തിക്കൊണ്ടു പോകുന്ന വലിയ മൂല്യശൃംഖല സൃഷ്ടിച്ചെടുക്കാനാകുന്നു എന്നതില്‍ തൃപ്തി കണ്ടെത്തുന്നു.

പുതിയ പ്രവണതകള്‍

പ്രെഡിക്റ്റീവ് സയന്‍സ് ഈ മേഖലയെ നയിക്കും. ബിഗ് ഡാറ്റ, മെഷീന്‍ ലേണിംഗ്, നിര്‍മിത ബുദ്ധി എന്നിവ റീറ്റെയ്ല്‍ മേഖലയെ മാറ്റിമറിക്കും. ബിസിനസ് ചെയ്യാന്‍ സഹായിക്കുന്ന ഉപകരണങ്ങളാക്കി അവയെ മാറ്റാനാകും. ഉല്‍പ്പാദനം, വിതരണം, റീറ്റെയ്‌ലിംഗ് എല്ലാറ്റിലും ഇവയുടെ സ്വാധീനം വര്‍ധിക്കും. ഭക്ഷ്യ മേഖലയില്‍ പുതിയ കാറ്റഗറികള്‍ ഉയര്‍ന്നു വരുന്നു.

ഇതുവരെ കണ്ടിട്ടില്ലാത്ത ഉല്‍പ്പന്നങ്ങളും ബിസിനസ് മോഡലുകളും ഉണ്ടാവുന്നു. ഫാഷന്‍ രംഗത്ത് വില്‍പ്പനയുടെ വേഗമാകും നിലനില്‍പ്പ് നിശ്ചയിക്കുക. ബിസിനസിന്റെ അളവുകോലായി മാറും വേഗത. കാരണം എത്രവേഗത്തില്‍ വിറ്റുപോകുന്നുവോ അപ്പോള്‍ മാത്രമേ ലാഭം നേടാനാകൂ എന്ന സ്ഥിതി വരും. അടിക്കടി ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ മാറി വരുന്ന സാഹചര്യത്തിലാണിത്.

ഉപഭോക്താവിനെ ആകര്‍ഷിക്കല്‍

30,000 കോടി രൂപയുടേതാണ് ഫഌപ്പ്കാര്‍ട്ടിന്റെ ബിസിനസ്. അതില്‍ 65 ശതമാനവും ഇലക്ട്രോണിക്‌സ് & മൊബീല്‍ ഫോണ്‍ വില്‍പ്പനയാണ്. അതും 55 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കിക്കൊണ്ടാണ് ചെയ്യുന്നത്. ഞങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിലൊഴികെ ഒരിക്കലും സാധനത്തിന്റെ മൂല്യത്തേക്കാള്‍ കുറഞ്ഞ നിരക്കില്‍ വിറ്റിട്ടില്ല.

ഡിസ്‌കൗണ്ട് നല്‍കുന്നത് കാഷ് ബാക്കിലൂടെ വാലറ്റിലേക്കാണ്. സാധാരണ ചെയ്യുന്നതു പോലെ എവിടെയും ചെലവഴിക്കാന്‍ ആ കാഷ് ബാക്ക് കൊണ്ട് സാധിക്കില്ല. മറിച്ച് ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ നിന്ന് വീണ്ടും സാധനങ്ങള്‍ വാങ്ങാന്‍ മാത്രമേ അത് ഉപയോഗിക്കാനാവൂ.

ഫ്യൂച്ചറിന്റെ ഫ്യൂച്ചര്‍

രാജ്യത്താകമാനമായി 10,000 ചെറിയ സ്‌റ്റോറുകള്‍ തുറക്കുകയാണ് ലക്ഷ്യം. നിലവില്‍ ചെറു ഷോപ്പുകള്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വലിയ ഷോപ്പുകളില്‍ നിന്നുള്ള വരുമാനമാണ് അവയെ നിലനിര്‍ത്തുന്നത്. എന്നാല്‍ അടുത്ത രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ബിസിനസിന്റെ അളവിലും മൂല്യത്തിലും ഇവ വലിയ ഷോറൂമുകളെ മറികടക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it