പുത്തനുടുപ്പ് വേണ്ട, യുഎസിൽ സെക്കന്റ്-ഹാൻഡ് വസ്ത്രങ്ങൾക്ക് പ്രിയമേറുന്നു

ആരെങ്കിലും ഉപയോഗിച്ച വസ്ത്രങ്ങൾ വീണ്ടുമുപയോഗിക്കുന്നത് കുറച്ചിലായിക്കാണുന്നവരാണ് നമ്മൾ പലരും. പക്ഷെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ യുഎസിൽ ഉപയോഗിച്ച വസ്ത്രങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ.

യുഎസിലെ സെക്കന്റ്-ഹാൻഡ് വസ്ത്രവിപണിയുടെ വളർച്ച പുതിയ വസ്ത്രങ്ങളുടേതിനേക്കാൾ 21 മടങ്ങായിരുന്നുവെന്ന് ലോകസാമ്പത്തിക ഫോറത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കാണിത്.

യുഎസിലെ സെക്കന്റ്-ഹാൻഡ് വസ്ത്രവിപണിയുടെ ഇപ്പോഴത്തെ മൂല്യം 24 ബില്യൺ ഡോളറാണ്. 2025 ആകുമ്പോഴേക്കും ഇത് 51 ബില്യൺ ഡോളർ ആകും. ചെറുപ്പക്കാർക്കിടയിലാണ് യൂസ്ഡ് വസ്ത്രങ്ങൾ ട്രെൻഡായി മാറിയിരിക്കുന്നത്.

മൂന്നിൽ ഒരാൾ ഈ വർഷം യൂസ്ഡ് വസ്ത്രങ്ങൾ വാങ്ങുമെന്നാണ് കണക്കാക്കുന്നത്. പരിസ്ഥിതി സൗഹൃദമായ ശീലമായതുകൊണ്ടും ചെലവ് കുറക്കാമെന്നുള്ളതുകൊണ്ടുമാണ് ഇതിന് ആരാധകർ കൂടുന്നത്.

ലോകത്തിലെ 20 ശതമാനം മലിനജലവും വസ്ത്ര നിർമാണ വ്യവസായങ്ങളിൽ നിന്നുള്ളതാണ്. 10 ഗ്രീൻ ഹൗസ്‌ ഗ്യാസ് എമിഷനും ഇവ കാരണമാണ്.

ഒരു വ്യക്തി വാങ്ങുന്ന അഞ്ചിൽ മൂന്ന് വസ്ത്രങ്ങളും ഒരു വർഷത്തിനുളിൽ ഉപേക്ഷിക്കുന്നുണ്ടെന്നാണ് കണക്ക്. വസ്ത്രങ്ങളുടെ പുനരുപയോഗം ഫാഷൻ ഇൻഡസ്ട്രിയുടെ കാർബൺ ഫൂട്ട് പ്രിന്റ് മെച്ചപ്പെടുത്തും.

2017-ൽ മാത്രം യുകെയിലെ ചാരിറ്റി ഷോപ്പുകൾ ചേർന്ന് 330,000 ടൺ തുണിത്തരങ്ങളാണ് അവിടത്തെ ലാൻഡ് ഫില്ലുകളിൽ നിന്നും ശേഖരിച്ചത്.

ഈ വർഷമാദ്യം, തിരുവനന്തപുരം കളക്ടർ കെ.വാസുകി യൂസ്ഡ് സാരിയിൽ ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചാണ് വാസുകിയും അന്ന് സംസാരിച്ചത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it