Begin typing your search above and press return to search.
സൂക്ഷ്മ വായ്പകളില്‍ ബാങ്കുകള്‍ക്കും എന്‍.ബി.എഫ്‌സികള്‍ക്കും അടിപതറുന്നു, ആര്‍.ബി.ഐയുടെ ആശങ്കകള്‍ക്ക് അടിവരയിട്ട് രണ്ടാം പാദകണക്കുകള്‍
സൂക്ഷ്മ വായ്പകളില്‍ (മൈക്രോ ഫിനാൻസ്) ആസ്തി നിലവാരം കുത്തനെ ഇടിയുന്നത് ആശങ്കയാകുന്നു. സെപ്റ്റംബര്‍ പാദത്തില്‍ കിട്ടാക്കടങ്ങള്‍ കഴിഞ്ഞ 18 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയായ 11.6 ശതമാനത്തിലെത്തി. ഈ മേഖലയില്‍ വായ്പകള്‍ കൂടുന്നതുമായി ബന്ധപ്പെട്ട് കുറച്ചു നാളായി ആര്‍.ബി.ഐ പ്രകടിപ്പിക്കുന്ന ആശങ്കകള്‍ സാധൂകരിക്കുന്നതാണ് പുതിയ കണക്കുകകള്‍.
സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ കിട്ടാക്കടം 1.40 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ഐ.ഡി.എഫ്.സി ഫസ്റ്റ്, ബന്ധന്‍, എ.യു സ്‌മോള്‍ ഫിനാന്‍സ്, ഇന്‍ഡസ് ഇന്‍ഡ്, ആര്‍.ബി.എല്‍ തുടങ്ങിയ ബാങ്കുകളുടെയെല്ലാം സൂക്ഷ്മ വായ്പകളില്‍ കിട്ടാക്കടം വലിയ തോതില്‍ വര്‍ധിച്ചു. എന്‍.ബി.എഫ്.സികളുടെയും എന്‍.ബി.എഫ്.സി-എം.എഫ്.ഐകളുടെയും സ്ഥിതിയും വ്യത്യസ്തമല്ല.
ഇന്‍ഡസ് ഇന്‍ഡ് ബാങ്കാണ് ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത്. കഴിഞ്ഞ പാദത്തില്‍ കിട്ടാക്കടങ്ങള്‍ക്കായി കൂടുതല്‍ തുക നീക്കി വയ്‌ക്കേണ്ടി വന്നത് ബാങ്കിന്റെ ലാഭത്തില്‍ ഇടിവുണ്ടാക്കി. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ ബാങ്കുകളുടെ കിട്ടാക്കടം 12.1 ശതമാനമാണ്. ഒന്നാം പാദത്തിലിത് 10.3 ശതമാനമായിരുന്നു. എന്‍.ബി.എഫ്.സികളുടേത് 12.7 ശതമാനത്തില്‍ നിന്ന് 13.4 ശതമാനമായി. സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളുടെ കിട്ടാക്കടങ്ങള്‍ 12.2 ശതമാനത്തില്‍ നിന്ന് 15.3 ശതമാനവും എന്‍.ബി.എഫ്.സി എം.എഫ്.ഐകളുടേത് 8.3 ശതമാനത്തില്‍ നിന്ന് 8.5 ശതമാനവുമായി.
കർശന നിയന്ത്രണങ്ങൾക്ക് സാധ്യത
മൂന്ന് ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ബാങ്കുകളും ബാങ്ക് ഇതര സ്ഥാപനങ്ങളും നല്‍കുന്ന ഈട് രഹിത വായ്പകളാണ് മൈക്രോ ഫിനാന്‍സ് വായ്പകള്‍. സ്ത്രീകളാണ് ഇത്തരം വായപ്കളുടെ മുഖ്യ ഗുണഭോക്താക്കള്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആര്‍.ബി.ഐയും കേന്ദ്ര സര്‍ക്കാരും ഈ വായ്പകള്‍ കൂടുതല്‍ നല്‍കുന്നതിനെതിരെ ബാങ്കുകളോട് ആശങ്ക അറിയിച്ചിരുന്നു.
കിട്ടാക്കടം ഉയരുന്നത് ബാങ്കുകളുടെ ലാഭക്ഷമതയെ ബാധിക്കുക മാത്രമല്ല കൂടുതല്‍ വായ്പകള്‍ നല്‍കുന്നതില്‍ നിന്ന് ബാങ്കുകളെ പിന്തിരിപ്പിക്കുകയും ചെയ്യും. ഇത് സാധാരണക്കാരായവര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതിലേക്കും നയിക്കും. റിസർവ് ബാങ്കിന്റെ ഭാഗത്ത് നിന്ന് മൈക്രോ ഫിനാന്‍സ് വായ്പാ മേഖലയില്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കുമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും ഇതിടയാക്കിയേക്കും.
Next Story
Videos