റബര്‍ വില ഉയര്‍ന്ന നിരക്കില്‍ തുടരും; എത്ര നാള്‍?

സ്വാഭാവിക റബറിന്റെ വില ഹ്രസ്വകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന നിരക്കില്‍ ആഗോളതലത്തില്‍ തുടരുമെന്ന് വിലയിരുത്തപ്പെടുന്നു. സാമ്പത്തിക മേഖലയുടെ തിരിച്ചു വരവ് ഉല്‍പ്പന്ന വിലകളുടെ വര്‍ദ്ധനവിനെ പൊതുവെ പിന്തുണയ്ക്കുന്നതും, സ്വാഭാവിക റബറിന്റെ ഉല്‍പ്പാദനത്തിലെ കുറവും ആണ് റബറിന്റെ വിലയെ സഹായിക്കുന്ന മുഖ്യ ഘടകങ്ങള്‍.

കോവിഡ് വാക്‌സിനേഷന്‍ വേണ്ട വേഗതയില്‍ പുരോഗതിയും, അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ പ്രഖ്യാപിച്ച വലിയ ഉത്തേജന പാക്കേജുകള്‍ സാമ്പത്തിക മേഖലയുടെ ത്വരിതഗതിയിലുളള തിരിച്ചു വരവിനും, തൊഴില്‍ അവസരങ്ങളുടെ സൃഷ്ടിക്കും കളമൊരുക്കുമെന്ന് സ്വാഭാവിക റബര്‍ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ അസ്സോസിയേഷന്‍ ഓഫ് നാച്ചുറല്‍ റബര്‍ പ്രൊഡ്യൂസിംഗ് കണ്‍ട്രീസ് ന്റെ (ANRPC) റബര്‍ വിപണിയെ കുറിച്ചുള്ള ഫെബ്രുവരി ആദ്യ പകുതിയിലെ വിശകലനം വ്യക്തമാക്കുന്നു. കോവിഡിനെ കുറിച്ചുളള ആശങ്കകള്‍ കുറഞ്ഞതോടെ ആഗോളതലത്തില്‍ ഗതാഗത മേഖല സാധാരണ നില കൈവരിക്കുന്നതും റബര്‍ മേഖലക്ക് ഉത്തേജനം പകരുന്ന ഘടകമാണ്.
ചൈനയിലെയും, ഇന്ത്യയിലെയും ആട്ടോമൊബൈല്‍ മേഖല സാധാരണ നില കൈവരിക്കുന്നതും, അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നതും വില നിലവാരം ഉയര്‍ന്ന നിലയില്‍ തുടരുന്നതിന് സഹായിക്കുന്ന ഘടകങ്ങളാണ്. ചൈനയിലെ വാഹന വില്‍പ്പന 2021ജനുവരിയില്‍ 29.5 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. സ്വാഭാവിക റബറിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവായ ചൈനയിലെ വാഹന വില്‍പ്പനയുടെ വളര്‍ച്ച ടയര്‍ ഉല്‍പ്പന്നങ്ങളുടെ ആവശ്യകത ഉയര്‍ത്തുമെന്ന് വിലയിരുത്തപ്പെടുന്നു. കോവിഡിനെ തടര്‍ന്ന് തിരിച്ചടി നേരിട്ട വാഹന വിപണിയുടെ താഴ്ന്ന നിരക്കില്‍ നിന്നുമാണ് 29ശതമാനം വളര്‍ച്ച കൈവരിച്ചതെങ്കിലും വ്യവസായ മേഖലയില്‍ പൊതുവെ ദൃശ്യമായ ഉണര്‍വിന്റെ പ്രതിഫലനമാണ് വാഹന വില്‍പ്പനയില്‍ തെളിയുന്നത്. ഇരു ചക്ര വാഹനങ്ങള്‍ ഒഴിച്ചുള്ള ഇന്ത്യന്‍ വാഹന വില്‍പ്പനയും 2021ജനുവരിയില്‍ പോയ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 5ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
സ്വാഭാവിക റബറിന്റെ വില പൊതുവെ അന്താരാഷ്ട്ര വിപണയിലെ അസംസ്‌കൃത എണ്ണയുടെ വിലയെ പിന്തടരുന്ന പ്രവണത പുലര്‍ത്താറണ്ട്. അസംസ്‌കൃത എണ്ണയുടെ വില വര്‍ദ്ധന പെട്രോളിയത്തിന്റെ ഉപോല്‍പ്പന്നമായ സിന്തറ്റിക് റബറിന്റെ വില ഉയരുന്നതിന് സഹായിക്കുമെന്ന ധാരണയിലാണ് ഈ പ്രക്രിയ അരങ്ങേറുന്നത്. അസംസ്‌കൃത എണ്ണയുടെ വില ഇനിയും ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. കുറഞ്ഞ പക്ഷം മാര്‍ച്ച് അവസാനം വരെയെങ്കിലും വില ഇപ്പോഴത്തെ നിലയില്‍ തുടരുമെന്ന വിലയിരുത്തല്‍ സ്വാഭാവിക റബറിന്റെ വില ഉയര്‍ന്ന നിരക്കില്‍ തുടരുവാന്‍ സഹായിക്കുന്ന ഘടകമാണ്.
ആഗോളതലത്തില്‍ സ്വാഭാവിക റബറിന്റെ ലഭ്യത ഏപ്രില്‍ 2021 വരെയങ്കിലും കുറഞ്ഞ തോതില്‍ ആയിരിക്കുമെന്നാണ് ANRPC-യുടെ വിശകലനം. ഇലപൊഴിച്ചില്‍ കാലത്ത് കര്‍ഷകര്‍ ടാപ്പിംഗ് നിര്‍ത്തി വെയ്ക്കുന്നതടക്കമുള്ളതാണ് ഇതിനുള്ള കാരണങ്ങള്‍. 2020 ഡിസംബറിലെ 1.3 മില്യണ്‍ ടണ്ണുമായി താരതമ്യം ചെയ്യുമ്പോള്‍ 2021 ഫെബ്രുവരിയിലെ സ്വാഭാവിക റബറിന്റെ ആഗോള തലത്തിലെ ഉല്‍പ്പാദനം 1.0 മില്യണ്‍ ടണ്ണും, മാര്‍ച്ചില്‍ 0.9 മില്യണ്‍ ടണ്ണുമായി കുറയുമെന്നാണ് അനുമാനം.
സ്വാഭാവിക റബറിന്റെ വിലയെ പിന്തുണയ്ക്കുന്ന ഘടകങ്ങളോടൊപ്പം വില താഴുന്നതിന് പ്രേരണ ആയേക്കാവുന്ന ചില കാര്യങ്ങളെ പറ്റിയും അചഞജഇയുടെ വിശകലനം മുന്നറിയിപ്പു നല്‍കുന്നു. വാക്‌സിനേഷന്‍ കാര്യമായ നിലയില്‍ പുരോഗതി കൈവരിക്കുന്നുവെങ്കിലും സാധാരണസ്ഥിതി പൂര്‍ണ്ണമായും പുനസ്ഥാപിച്ചുവെന്നു കരുതാനാവില്ല. ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് 94 രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ വ്യാപിച്ചത് ആശങ്കാജനകമാണ്. അമേരിക്കയിലെ മൂന്നിലൊന്നു ജനങ്ങള്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് പുലര്‍ത്തുന്ന വിമുഖതയും ഉത്ക്കണ്ഠയുളവാക്കുന്നു.
2021 ജനുവരി 29 മുതല്‍ ഫെബ്രുവരി 15 വരെയുളള കാലയളവില്‍ കോട്ടയം വിപണയില്‍ ആര്‍എസ്സ്എസ്സ്4 ഗ്രേദ് റബറിന്റെ വില 3.0 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയപ്പോള്‍ ഇതേ കാലയളവില്‍ ബാങ്കോക്ക് റബര്‍ വിപണിയില്‍ സമാനമായ ഗ്രേഡിന്റെ FOB വില 7.1 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. കോട്ടയം വിപണിയെ പ്രധാനമായും ആഭ്യന്തര വിഷയങ്ങളാണ് സ്വാധീനിച്ചതെങ്കില്‍ ബാങ്കോക്ക് ആഗോള തലത്തിലെ ട്രെന്‍ഡുകളാണ് പിന്തുടരുന്നത്. ലോകത്തിലെ പ്രധാനപ്പെട്ട സ്‌പോട്ടും, ഫ്യൂച്ചേര്‍സ്സും അടങ്ങുന്ന റബര്‍ വിപണികള്‍ എല്ലാം ഇതേ കാലയളവില്‍ ഉയര്‍ന്ന വില നിലവാരം രേഖപ്പെടുത്തി. മാര്‍ച്ച് അവസാനം വരെയെങ്കിലും ഈ പാറ്റേണ്‍ തുടരാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല.
അമേരിക്കന്‍ കടപ്പത്രത്തിന്റെ ആദായം ഉയരുന്നതും, നാണയപ്പെരുപ്പത്തെ പറ്റിയുള്ള ആശങ്കകളും നിക്ഷപകരെ ഉല്‍പ്പന്നങ്ങള്‍ (കമ്മോഡിറ്റീസ്) തല്‍ക്കാലം ഉപേക്ഷിച്ച് മറ്റ് നിക്ഷേപ ഉപകരണങ്ങളെ സ്വീകരിക്കുവാന്‍ പ്രേരിപ്പിക്കുന്ന സംഗതിയാണ്. ലോക ഭക്ഷ്യോല്‍പ്പന്ന സൂചിക കഴിഞ്ഞ 6വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ എത്തിയതും നാണയപ്പെരുപ്പത്തെ കുറിച്ചുള്ള ആശങ്കകള്‍ രൂക്ഷമാക്കുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it