റഷ്യന്‍ ഇന്ധന ഇറക്കുമതിയില്‍ ഇടിവ്, സൗദി അറേബ്യയ്ക്ക് നേട്ടം

റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇന്ധന ഇറക്കുമതിയില്‍ ഓഗസ്റ്റില്‍ ഇടിവ്. റിഫൈനറികള്‍ ഇറക്കുമതി കുറച്ചതോടെ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ജൂലൈയിലെ 42 ശതമാനത്തില്‍ നിന്ന് ആഗസ്റ്റില്‍ 34 ശതമാനമായി കുറഞ്ഞെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയില്‍ നിന്നുള്ള വിതരണവും ഓഗസ്റ്റില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് 23 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 14.7 ലക്ഷം ബാരല്‍ എണ്ണയാണ് റഷ്യ നല്‍കുന്നത്. ഇക്കാലയളവില്‍ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയ്ല്‍ ഇറക്കുമതി 5 ശതമാനം ഇടിഞ്ഞ് 43.5 ലക്ഷം ബാരലായി കുറഞ്ഞു.

അതേസമയം, ചൈനയിലേക്കുള്ള റഷ്യയുടെ കയറ്റുമതി ജൂലൈയില്‍ പ്രതിദിനം 13 ലക്ഷം ബാരലായിരുന്നത് ആഗസ്റ്റില്‍ 14 ലക്ഷം ബാരലായി ഉയര്‍ന്നു.
സ്വകാര്യ കമ്പനികള്‍ ഇറക്കുമതി കുറച്ചു
ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള റിഫൈനറികള്‍ പ്രതിദിനം 8.52 ലക്ഷം ബാരല്‍ റഷ്യന്‍ എണ്ണ വാങ്ങിയപ്പോള്‍ സ്വകാര്യ എണ്ണ കമ്പനികള്‍ 6.17 ബാരലാണ് വാങ്ങിയത്. സ്വകാര്യ കമ്പനികളുടെ ഇറക്കുമതിയില്‍ ജൂലൈയിലേതിനേക്കാള്‍ 13 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. റഷ്യയില്‍ നിന്നുള്ള വിതരണത്തിലുണ്ടായ കുറവും രാജ്യത്തെ റിഫൈനറികളില്‍ നടക്കുന്ന അറ്റകുറ്റപണികളും മൂലമാണ് റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറയാനിടയാക്കിയതെന്ന് അനലിസ്റ്റുകള്‍ പറയുന്നു. ക്രൂഡ് ഉത്പാദനം കുറയ്ക്കുന്നതിലും വര്‍ദ്ധിച്ച ആഭ്യന്തര ഇന്ധന ആവശ്യം നിറവേറ്റുന്നതിലും റഷ്യ ശ്രദ്ധ കേന്ദ്രീകരിച്ചതിനാലാണ് കയറ്റുമതി ചുരുങ്ങുന്നത്.
സൗദിയുടെ വിഹിതം ഉയര്‍ന്നു
റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറഞ്ഞത് പ്രധാനമായും ഗുണം ചെയ്തത് സൗദി അറേബ്യയ്ക്കാണ്. ആഗസ്റ്റില്‍ 8.2 ലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യന്‍ റിഫൈനറികളിലേക്ക് സൗദിയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ജൂലൈയെ അപേക്ഷിച്ച് 70 ശതമാനം വര്‍ധനയുണ്ട്. ഇതോടെ ഇന്ത്യന്‍ ക്രൂഡ് വിപണിയില്‍ സൗദി അറേബ്യയുടെ വിഹിതം ജൂലൈയിലെ 11 ശതമാനത്തില്‍ നിന്ന് 19 ശതമാനമായി ഉയര്‍ന്നു.

വിഹിതത്തില്‍ കുറവുണ്ടായെങ്കിലും നിലവില്‍ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി നടത്തുന്ന രാജ്യം റഷ്യയാണ്. റഷ്യ-യുക്രയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് പല രാജ്യങ്ങളും റഷ്യന്‍ എണ്ണയ്ക്ക് ഉപരോധമേര്‍പ്പെടുത്തിയപ്പോള്‍ പ്രീമിയം ബ്രാന്‍ഡായ യുറാല്‍സിന്റെ വില റഷ്യ ബാരലിന് 30 ഡോളര്‍ ആക്കി കുറച്ചിരുന്നു. ഈ സമയത്താണ് ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങാനാരംഭിച്ചത്. എന്നാല്‍ പിന്നീട് കയറ്റുമതി ചാര്‍ജ് ഈടാക്കുന്നതിന്റെ ഭാഗമായി ഡിസ്‌കൗണ്ട് 30 ഡോളറില്‍ നിന്നും നാല് ഡോളറാക്കി കുറച്ചെങ്കിലും ക്രൂഡോയില്‍ ഇറക്കുമതി ഇന്ത്യ തുടരുകയായിരുന്നു.

Also Read : ഡിസ്‌കൗണ്ട് കുറഞ്ഞു; പക്ഷേ എണ്ണ ഇറക്കുമതി പാതിയോളം റഷ്യയില്‍ നിന്ന് തന്നെ

ഇറാഖാണ് ഇന്ത്യയിലേക്ക് എണ്ണ ഇറക്കുമതി നടത്തുന്നതിൽ രണ്ടാം സ്ഥാനത്ത്‌. 20 ശതമാനമാണ് ഇറാഖിന്റെ വിഹിതം. 19 ശതമാനം വിപണി വിഹിതവുമായി മൂന്നാം സ്ഥാനത്താണ് സൗദി. യു.എ.ഇ യ്ക്ക് ആറ് ശതമാനവും യു.എസിന് 4 ശതമാനവും വിപണി വിഹിതമുണ്ട്. അഞ്ച് ശതമാനം എണ്ണ ഇറക്കുമതി ആഫ്രിക്കയില്‍ നിന്നുമാണ്. യു.എസ്, ചൈന എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയ്ല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

Related Articles
Next Story
Videos
Share it