സാംസംഗില്‍ 1,700 ല്‍ പരം തൊഴിലാളികള്‍ വീണ്ടും ജോലിക്ക്; 39 ദിവസത്തെ സമരത്തില്‍ ആര് നേടി?

തമിഴ്‌നാട്ടിലെ ശ്രീപെരുംപുതൂരിലുള്ള സാംസംഗ് ഇലക്ടോണിക്‌സ് പ്ലാന്റില്‍ തൊഴിലാളികള്‍ 39 ദിവസമായി നടത്തി വന്ന സമരം അവസാനിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സമരം തീര്‍ന്നത്. തിങ്കളാഴ്ച മുതല്‍ തൊഴിലാളികള്‍ ജോലിയില്‍ പ്രവേശിക്കുന്നതോടെ ഉല്‍പ്പാദനം സജീവമാകും. ചെന്നൈ നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള സാംസംഗ് പ്ലാന്റില്‍ സെപ്തംബര്‍ ഒമ്പതിനാണ് സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സമരം തുടങ്ങിയത്. കമ്പനിയില്‍ ആകെ 1,700 ല്‍ പരം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇതില്‍ 85 ശതമാനം പേരും സമരത്തില്‍ പങ്കാളികളായതോടെ പ്ലാന്റിന്റെ പ്രവര്‍ത്തനം നിശ്ചലമായിരുന്നു.

30 ശതമാനം വരുമാന നഷ്ടം

2007 ല്‍ 80 ഏക്കറിലാണ് സാംസംഗ് പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയത്. ടെലിവിഷന്‍, മോണിറ്ററുകള്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, എ.സി എന്നിവയാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ വിവിധ പ്ലാന്റുകളില്‍ നിന്ന് ഇലക്ടോണിക്‌സ് ഉപകരണങ്ങളുടെ നിര്‍മാണത്തിലൂടെ സാംസംഗിന്റെ വരുമാനം 1,200 കോടി ഡോളറാണ് (ഒരു ലക്ഷം കോടി രൂപ) യാണ്. ഇതിന്റെ 30 ശതമാനം വരെ നഷ്ടം തമിഴ്‌നാട് പ്ലാന്റിലെ സമരം മൂലം ഉണ്ടായതായാണ് കണക്കാക്കുന്നത്. നിരവധി സബ് കോണ്‍ട്രോക്ടര്‍മാര്‍ക്കും സമരം മൂലം വരുമാനം നഷ്ടമായി. അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കുന്നവര്‍, ലോജിസ്റ്റിക്‌സ് കമ്പനികള്‍, ട്രേഡ് സബ് കോണ്‍ട്രാക്ടര്‍മാര്‍, നോണ്‍-ട്രേഡ് വെണ്ടര്‍മാര്‍ തുടങ്ങി മൊത്തം സബ് കോണ്‍ട്രാക്ടര്‍മാരില്‍ 90 ശതമാനവും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്.

ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍

തൊഴിലാളികള്‍ മുന്നോട്ടു വെച്ച ആവശ്യങ്ങളില്‍ പലതും സാംസംഗ് മാനേജ്‌മെന്റ് അംഗീകരിച്ചതോടെയാണ് സമരത്തില്‍ നിന്ന് പിന്‍മാറാന്‍ സി.ഐ.ടി.യു തയ്യാറായത്. ശമ്പള വര്‍ധനയായിരുന്നു തൊഴിലാളികളുടെ പ്രാധാന ആവശ്യം. ഒക്ടോബര്‍ മുതല്‍ അടുത്ത മാര്‍ച്ച് വരെ ഇന്‍സെന്റീവ് ആയി പ്രതിമാസം 5,000 രൂപ നല്‍കാമെന്ന കമ്പനിയുടെ നിര്‍ദേശം തൊഴിലാളികള്‍ അംഗീകരിച്ചു. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ശമ്പള വര്‍ധന നടപ്പാക്കും. തൊഴിലാളികളുടെ നൈപുണ്യ വികസനത്തിന്റെ ഭാഗമായി തൊഴില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. സമരം ചെയ്തതിന്റെ പേരില്‍ പ്രതികാര നടപടികള്‍ ഉണ്ടാകില്ലെന്നും മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

Related Articles
Next Story
Videos
Share it