വിലക്ക് നീങ്ങിയോ? മെയ് 16 മുതലുള്ള യാത്രാ ടിക്കറ്റ് ബുക്കിംഗുകള്‍ പുനരാരംഭിച്ച് വിമാനക്കമ്പനികള്‍

വിമാന കമ്പനികള്‍ ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിച്ചതായി അവരുടെ ഔദ്യോഗിക വെബ്സൈറ്റുകളിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു. കോവിഡ് പ്രതിസന്ധി മൂലം നിര്‍ത്തിവെച്ചിരുന്ന യാത്രാ ബുക്കിംഗ് പുനരാരംഭിക്കുന്നതിന് എയര്‍ലൈന്‍സിന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ എന്നത് അവ്യക്തമായി തുടരുമ്പോഴും ടിക്കറ്റ് ബുക്കിംഗുമായി രംഗത്തെത്തിയിരിക്കുകയാണ് വിമാന കമ്പനികള്‍. സ്പൈസ്ജെറ്റും ഗോ എയറും മെയ് 16 മുതലുള്ള ടിക്കറ്റുകളുടെ ബുക്കിംഗ് ആണ് ആരംഭിച്ചിരിക്കുന്നത്. ഇന്‍ഡിഗോയും വിസ്താരയും ജൂണ്‍ 1 മുതലുള്ള യാത്രകള്‍ക്കുള്ള ടിക്കറ്റുകളുടെ ബുക്കിംഗും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ എയര്‍ ഇന്ത്യ നിലവില്‍ ടിക്കറ്റ് ബുക്കിംഗ് നിര്‍ത്തി വെച്ചിരിക്കുകയാണ്. എന്നാല്‍ മറ്റു വിമാന കമ്പനികള്‍ ശനിയാഴ്ച വീണ്ടും ബുക്കിംഗ് ആരംഭിച്ചുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

ഏപ്രില്‍ 18ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയും ബുക്കിംഗ് പുനരാരംഭിക്കുന്നതായി സൈറ്റില്‍ പരസ്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനെ തുടര്‍ന്ന് ബുക്കിംഗ് ആരംഭിക്കരുതെന്ന നിര്‍ദ്ദേശവുമായി വ്യോമയാന മന്ത്രാലയം എത്തി. എയര്‍ ഇന്ത്യ പിന്നീട് പരസ്യം സൈറ്റില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു. ചില ബിസിനസുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്ച ചില ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ അതില്‍ വിമാന കമ്പനികളെ പെടുത്തിയിട്ടുള്ളതായി തെളിഞ്ഞിട്ടില്ല. എങ്കിലും വിമാനക്കമ്പനികള്‍ തങ്ങളുടെ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള ഒരു സൂചനയായി വേണം ബുക്കിംഗ് പുനരാരംഭിച്ചിരിക്കുന്നതിനെ കണക്കാക്കേണ്ടത്.

കൊവിഡ് -19 വ്യാപിക്കുന്നത് തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്‌ഡൌണ്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ തുടരുന്നതിനിടയില്‍ ബുക്കിംഗ് നടത്തരുതെന്ന് വ്യോമയാന മന്ത്രാലയം കഴിഞ്ഞ ആഴ്ച്ച വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് കമ്പനികളുടെ നീക്കം. കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതുവരെ ബുക്കിംഗ് നടത്തരുതെന്നാണ് കമ്പനികളോട് ആവശ്യപ്പെട്ടിരുന്നത്.

നിലവിലെ വെബ്്‌സൈറ്റ് പരസ് വിവരങ്ങളനുസരിച്ച് മെയ് 16നുള്ള ഡല്‍ഹി ബെംഗളൂരു സ്പൈസ് ജെറ്റ് വിമാന ടിക്കറ്റിന് നിലവില്‍ 3,500 രൂപയാണ് നിരക്ക്. ജൂണ്‍ -1 ലെ യാത്രയ്ക്ക് ഇന്‍ഡിഗോയും ഇതേ റൂട്ടിന് സമാനമായ വിലയാണ് ഈടാക്കുന്നത്. ജൂണ്‍ ഒന്നിന് ഡല്‍ഹി -കൊല്‍ക്കത്ത വിസ്താര വിമാനത്തിന്റെ നിരക്ക് 3,800 രൂപയും ഇന്‍ഡിഗോ നിരക്ക് 3,400 രൂപയുമാണ്. ജൂണ്‍ 1 നുള്ള ഡല്‍ഹി - മുംബൈ വിമാന ടിക്കറ്റ് വിസ്താരയില്‍ 4,400 രൂപയ്ക്ക് ലഭ്യമാണ്. ഗോ എയര്‍ അതേ റൂട്ടിലെ മെയ് 16ന് 2,500 രൂപയാണ് ടിക്കറ്റ് നിരക്ക്.

സാമൂഹ വ്യാപനം തടയാന്‍ നിലവില്‍ യാത്രക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നതിനാല്‍ ടിക്കറ്റ് നിരക്ക് ഉയര്‍ന്നേക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും പരസ്യപ്പെടുത്തിയിട്ടുള്ള നിരക്കുകള്‍ യാത്രക്കാര്‍ക്ക് അധികബാധ്യതയല്ല എന്നാണ് വിലയിരുത്തല്‍. എന്നാല്‍ യാത്രാ സജീകരണം സംബന്ധിച്ച് ഇപ്പോഴും ആശങ്കകള്‍ നിലനില്‍ക്കുകയാണ്. വ്യോമയാന മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പ് വരുന്നത് വരെ യാത്രകള്‍ പുനരാരംഭിക്കാനാകില്ല വിമാന കമ്പനികള്‍ക്ക് എന്നതാണ് സത്യം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it