റഷ്യന്‍ എണ്ണയുടെ ഗുണം, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി വിഹിതം റെക്കോര്‍ഡ് ഉയരത്തില്‍

ഇന്ത്യയുടെ ആകെ കയറ്റുമതിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ (Petroleum Product's Export) വിഹിതം റെക്കോര്‍ഡ് ഉയരത്തില്‍. ഏപ്രില്‍-ഓഗസ്റ്റ് മാസം കയറ്റുമതിയില്‍ 21.2 ശതമാനം ആയിരുന്നു പെട്രോളിയം ഉല്‍പ്പന്നങ്ങള്‍. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയില്‍ ലഭിച്ചതും ആഗോള തലത്തില്‍ വില ഉയര്‍ന്നതും രാജ്യത്തെ കയറ്റുമിതക്കാര്‍ക്ക് നേട്ടമായി.

ഇക്കാലയളവില്‍ പെട്രോളിയം ഇതര വിഭാഗത്തിന്റെ കയറ്റുമതിയില്‍ 8.1 ശതമാനം മാത്രം വര്‍ധനവ് ഉണ്ടായപ്പോള്‍ പെട്രോളിയം ഉല്‍പ്പനങ്ങളുടെ കയറ്റുമതി ഉയര്‍ന്നത് 75 ശതമാനം ആണ്. ഓഗസ്റ്റ് മാസം പെട്രോളിയം ഇതര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 1.8 ശതമാനം കുറഞ്ഞിരുന്നു. എന്നാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിഹിതം ഉയര്‍ന്നത് കൊണ്ട് ആകെ കയറ്റുമതി ഓഗസ്റ്റില്‍ 1.6 ശതമാനം വര്‍ധിച്ചു.

ജൂലൈ മാസത്തെ കണക്കുകള്‍ അനുസരിച്ച് യുഎഇയാണ് (9.1 ശതമാനം) ഇന്ത്യന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ പ്രധാന ഉപഭോക്താക്കള്‍. നെതര്‍ലാന്‍ഡ്‌സ് ( 8.8 ശതമാനം), ടോഗോ (5.8 ശതമാനം), യുഎസ് (5.7 ശതമാനം) എന്നിവയാണ് പിന്നാലെ. ഡീസല്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഓയില്‍, പെട്രോള്‍, ഹൈസ്പീഡ് ഡീസല്‍, നാഫ്ത തുടങ്ങിയവയാണ് ഇന്ത്യ പ്രധാനമായും കയറ്റി അയക്കുന്നത്.

റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളെയാണ് ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്. യുക്രെയ്‌നുമായുള്ള യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയ്ക്ക് കുറഞ്ഞ വിലയ്ക്കാണ് റഷ്യ ക്രൂഡ് ഓയില്‍ നല്‍കുന്നത്. ജി7 രാജ്യങ്ങളെ പ്രതിരോധിക്കാന്‍ ഇപ്പോഴത്തേതിലും കുറഞ്ഞ നിരക്കില്‍ ഓയില്‍ നല്‍കാമെന്ന് ഇന്ത്യയെ അറിയിച്ചിരുന്നു. ഓഗസ്റ്റില്‍ ശരാശരി വിലയെക്കാള്‍ ബാരലിന് 6 ഡോളര്‍ കുറച്ചാണ് ഇന്ത്യയ്ക്ക് റഷ്യ ഓയില്‍ നല്‍കിയത്.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel


Related Articles
Next Story
Videos
Share it