വെള്ളി വിപണിയില്‍ തിളക്കം; വിലയും ഇറക്കുമതിയും കുതിക്കുന്നു

ഇന്ത്യയില്‍ സൗരോര്‍ജ പാനലുകള്‍ക്കും വൈദ്യുത വാഹനങ്ങള്‍ക്കും ഡിമാന്‍ഡ് ഉയരുന്നത് മൂലം വെള്ളി ഇറക്കുമതി കുതിക്കുന്നു. 2023ല്‍ 3,625 ടണ്‍ ഇറക്കുമതി ചെയ്ത സ്ഥാനത്ത് 2024 ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ 4,172 ടണ്‍ വെള്ളി ഇറക്കുമതി ചെയ്തതായി വാര്‍ത്ത ഏജന്‍സി റോയിറ്റേര്‍സ് റിപ്പോര്‍ട്ട് ചെയ്തു.

ലോകത്ത് ഏറ്റവും അധികം വെള്ളി ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ വര്‍ഷം ആദ്യം വെള്ളി കട്ടിക്ക് കിലോക്ക് 80,000 രൂപയായിരുന്നത് 99,500 രൂപയായി വര്‍ധിച്ചു. 24.3 ശതമാനമാണ് വര്‍ധന.
ആഭരണ നിര്‍മാണത്തിന് കൂടാതെ സൗരോര്‍ജ പാനല്‍, വൈദ്യുത വാഹനങ്ങള്‍, 5 ജി ആന്റിന എന്നിവയില്‍ വെള്ളിയുടെ വ്യവസായിക ഉപയോഗം വര്‍ധിക്കുന്നുണ്ട്.
ആഗോള വെള്ളി ഉത്പാദനം കുറയുന്നതും ഡിമാന്‍ഡ് വര്‍ധനയും വെള്ളിയുടെ വില ഉയരാന്‍ കാരണമാകും. കഴിഞ്ഞ വര്‍ഷം തുടര്‍ച്ചയായി മൂന്നാം വര്‍ഷം വെള്ളിയുടെ ലഭ്യതയെക്കാള്‍ മുന്നിലായിരുന്നു ഡിമാന്‍ഡ്. ഖനികളില്‍ നിന്നുളള ഉത്പാദനം ഒരു ശതമാനം കുറഞ്ഞിരുന്നു.
ഈ വര്‍ഷം വെള്ളി ഇറക്കുമതിയുടെ മുഖ്യ പങ്കും യു.എ.ഇയില്‍ നിന്നായിരുന്നു. വെള്ളിക്ക് 15 ശതമാനം ഇറക്കുമതി തീരുവയുണ്ടെങ്കിലും യു.എ.ഇയുമായി ഒപ്പുവെച്ച സാമ്പത്തിക കരാര്‍ പ്രകാരം ഇന്ത്യ ഇന്റര്‍നാഷണല്‍ ബുള്ള്യന്‍ എക്‌സ്‌ചേഞ്ച് വഴി ഇറക്കുമതി ചെയ്യുന്നതിന് 9 ശതമാനം തീരുവ നല്‍കിയാല്‍ മതിയാകും. കൂടാതെ 3 ശതമാനം മൂല്യ വര്‍ദ്ധിത നികുതിയും ബാധകമാണ്.


Related Articles

Next Story

Videos

Share it