ഇന്ത്യയുടെ ഊര്‍ജ്ജ മോഹങ്ങളും സോളാറിന്റെ ചൂടും

2019-20ല്‍ സോളാര്‍ വേഫര്‍, സെല്‍സ് , മൊഡ്യൂള്‍സ്, സോളാര്‍ ഇന്‍വട്ടര്‍ എിവയുടെ ഇറക്കുമതിക്ക് ഇന്ത്യ ചെലവാക്കിയത് 2.55 ബില്യണ്‍ ഡോളര്‍ ആണ്.
ഇന്ത്യയുടെ ഊര്‍ജ്ജ മോഹങ്ങളും സോളാറിന്റെ ചൂടും
Published on

പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ ശേഷി 2022 ഓടെ 175 ജിഗാവാട്ട് ആക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. അതില്‍ സൗരോര്‍ജത്തിന്റെ പങ്ക് ആകെ 100 ജിഗാവാട്ടും. എന്നാല്‍ ഈ ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ യാത്രയുടെ വേഗത കുറയ്ക്കുന്ന ചില ഘടകങ്ങളുണ്ട്. ഓന്നാമത്തേത് ചൈനീസ് ഊര്‍ജ്ജ പ്രതിസന്ധിയാണെങ്കില്‍ രണ്ടാമത്തേത് വിരോദാഭാസമെന്ന് പറയട്ടെ കേന്ദ്ര നയങ്ങള്‍ തന്നെയാണ്.

കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സോളാര്‍ പാനലുകളുടെ വില 23 ശതമാനം ആണ് വര്‍ധിച്ചത്. ഊര്‍ജ്ജ പ്രതിസന്ധിയില്‍ വലയുന്ന ചൈനീസ് കമ്പനികള്‍ ഉത്പാദനം കുറച്ചതാണ് പ്രധാന കാരണം. ചൈനീസ് പ്രതിസന്ധി അവസാനിച്ചാലും രാജ്യത്ത് സോളാര്‍ പാനലുകളുടെ വില ഉയർന്നു തന്നെ നില്‍ക്കും.

ഒക്ടോബര്‍ ആദ്യം സോളാര്‍ പിവി(photovoltaic ) മൊഡ്യൂളുകള്‍ ഉൾപ്പടെയുള്ള റിനീവബിള്‍ എനര്‍ജി ഉപകരണങ്ങളുടെ ജിഎസ്ടി സ്ലാബ് 5 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇതു കൂടാതെ 2022 ഏപ്രില്‍ ഒന്നുമുതല്‍ ഇറക്കുമതി ചെയ്യുന്ന സോളാര്‍ പാനലുകള്‍ക്ക് 40 ശതമാനം ബേസിക് കസ്റ്റംസ് ഡ്യൂട്ടി കൊണ്ടുവരാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.

ഇറക്കുമതിയെ ആശ്രയിച്ചുകൊണ്ടുള്ള മുന്നോട്ട് പോക്ക്

ആഗോള തലത്തില്‍ 60 ശതമാനത്തിൽ അധികം സോളാര്‍ മൊഡ്യൂളുകളും (പാനല്‍) വിതരണം ചെയ്യുത് ചൈനീസ് കമ്പനികളാണ്. യുഎസ്, യൂറോപ് ,സിംഗപ്പൂര്‍, മലേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളും മൊഡ്യൂളുകല്‍ കയറ്റി അയക്കുന്നുണ്ട്.

സോളാര്‍ മൊഡ്യൂളുകൾ നിര്‍മിക്കുന്നതിന് സെല്ലുകല്‍ ആവശ്യമാണ്. സെല്ലുകള്‍ നിര്‍മിക്കുന്നതാകട്ടെ വേഫേഴ്‌സ് കൊണ്ടാണ്. ലോകത്തെ ഭൂരിഭാഗം ഇടങ്ങളിലും ഈ വേഫറുകള്‍ എത്തുന്നത് ചൈനയില്‍ നിന്നാണ് എന്നതാണ് വാസ്തവം. അതായത് ഇന്ത്യയില്‍ സെല്ലുകള്‍ നിര്‍മിക്കുന്ന കമ്പനികളും ഒരു ഘട്ടത്തില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നു എന്നര്‍ത്ഥം.

രാജ്യത്ത് നിര്‍മിക്കുന്ന സോളാര്‍ സെല്ലുകളുടെ ശേഷി പ്രതിവര്‍ഷം വെറും 3 ജിഗാവാട്ട് മാത്രമാണ്. പാനല്‍ നിര്‍മാണ ശേഷി ഏകദേശം 15 ജിഗാവാട്ടും. പ്രാദേശികമായി ഉത്പാദിപ്പിക്കപ്പെടുന്ന സെല്ലുകള്‍ക്ക് രാജ്യത്ത് ഡിമാന്റ് കുറവാണ് എന്നതാണ് മറ്റൊരു വസ്തുത. ഒട്ടുമിക്ക പാനല്‍ നിര്‍മാണ കമ്പനികളും ഗുണനിലവാരം കൂടിയ സെല്ലുകള്‍ ഇറക്കുമതി ചെയ്യുകയാണ്. സര്‍ക്കാരിന്റെ കണക്ക് അനുസരിച്ച് 2019-20ല്‍ സോളാര്‍ വേഫര്‍, സെല്‍സ് , മൊഡ്യൂള്‍സ്, സോളാര്‍ ഇന്‍വട്ടര്‍ എിവയുടെ ഇറക്കുമതിക്ക് ഇന്ത്യ ചെലവാക്കിയത് 2.55 ബില്യണ്‍ ഡോളര്‍ ആണ്.

മൂപ്പന്‍സ് എനര്‍ജി സെല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ ഫയാസ് മുഹമ്മദ് പറയുന്നത് പ്ലാന്റുകളുടെ ആകെ ചെലവിന്റെ 60 ശതമാനവും സോളാര്‍ പാനലുകളിലാണ് വരുന്നതെന്നാണ്. സര്‍ക്കാരിന്റെ പുതിയ ഇറക്കുമതി നയം സോളാര്‍ പാനലുകളെ മാത്രമല്ല സെല്ലുകളെയും ബാധിക്കും. ഇത് ഇറക്കുമതി ചെയ്യുന്ന പാനലുകള്‍ക്കൊപ്പം പ്രാദേശിക തലത്തില്‍ നിര്‍മിക്കുന്നവയുടെയും വില ഉയര്‍ത്തും. അടുത്ത ഏപ്രില്‍ മുതല്‍ ഒറ്റയടിക്ക് സോളാർ പ്ലാന്റുകളുടെ നിർമാണ ചെലവ് കുത്തനെ ഉയരും. ഇത് സര്‍ക്കാര്‍ തുടങ്ങിവെച്ച പല പ്രോജക്ടുകളെ ഉള്‍പ്പടെ ബാധിക്കുമെന്നും ഫായാസ് ചൂണ്ടിക്കാട്ടുന്നു.

ഇറക്കുമതി തീരുവ ഉയര്‍ത്തുമ്പോള്‍ ഒരുപക്ഷെ അത് ഇന്ത്യയിലെ സോളാര്‍ മൊഡ്യൂള്‍ നിര്‍മാണ കമ്പനികള്‍ക്ക് ഗുണം ചെയ്‌തേക്കാം. രാജ്യത്തെ ഡിമാന്റിന് അനുസരിച്ച് ഉത്പാദനം നടത്താനുള്ള ശേഷി ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇല്ലെന്നും പറയുന്നു.

സോളാര്‍ പാനലുകള്‍ സ്ഥാപിക്കുമ്പോള്‍ ആദ്യംതന്നെ വലിയ മുടക്കുമുതല്‍ ആവശ്യമാണ്. വര്‍ഷങ്ങള്‍ കൊണ്ട് മാത്രമെ അത് തിരിച്ചുകിട്ടു. പെട്ടന്ന് വില ഉയര്‍ന്നാല്‍ അത് ഉപഭോക്താക്കളെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കും . കേരളത്തിലെ റിനീവബില്‍ എനര്‍ജി മേഖലയിലെ സംരംഭകരുടെ സംഘടനയായ കോര്‍ ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിരെ സമീപിച്ചിട്ടുണ്ടെന്നും സംഘടനയുടെ വൈസ് പ്രസിഡന്റുകൂടിയായ ഫയാസ് പറഞ്ഞു.

2030 ഓടെ 250 ജിഗാവാട്ട് സോളാര്‍ എനര്‍ജി ശേഷിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഇന്ത്യ നേടിയത് വെറും 34 ജിഗാവാട്ടിന്റെ ശേഷിയാണ്.

സോളാര്‍ മൊഡ്യൂളുകളും സെല്ലുകളും മറ്റും രാജ്യത്ത് വ്യാപകമായി നിര്‍മിക്കപ്പെട്ടാൽ മാത്രമേ സര്‍ക്കാർ മുന്നില്‍ കാണുന്ന ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com