Begin typing your search above and press return to search.
മൊബൈലിന് റേഞ്ച് കിട്ടുന്നില്ലേ? സ്ഥിതി ഉടൻ മെച്ചപ്പെട്ടേക്കില്ല, കാരണം ഇതാണ്
ഇന്ത്യ 5ജി യുഗത്തിലേക്ക് ചുവടുവച്ചെങ്കിലും ഇപ്പോഴും മൊബൈല്‍ഫോണിന് ആവശ്യത്തിന് നെറ്റ്‌വര്‍ക്ക് റേഞ്ച് കിട്ടുന്നില്ലെന്ന പരിഭവം നിരവധി ഉപയോക്താക്കള്‍ക്കുണ്ട്. സ്ഥിതി ചിലപ്പോള്‍ കൂടുതല്‍ മോശമാകുമെന്ന സ്ഥിതിയാണ് ഇപ്പോള്‍ ഉരുത്തിരിയുന്നത്. മൊബൈല്‍ ടവറുകള്‍ സംബന്ധിച്ച സുപ്രീം കോടതി അടുത്തിടെ പുറപ്പെടുവിച്ച വിധിയാണ് തിരിച്ചടി.
പെര്‍മിറ്റ് ഫീസ് ഈടാക്കാം
പുതിയ മൊബൈല്‍ ടവറുകള്‍ക്ക് പെര്‍മിറ്റ് ഫീസ് ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്നാണ് അടുത്തിടെ സുപ്രീം കോടതി വിധിച്ചത്. ഇതോടെ കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കുന്നതില്‍ നിന്ന് മൊബൈല്‍ സേവനദാതാക്കള്‍ പിന്‍വലിയുകയാണ്. ഇത് മൊബൈല്‍ഫോണ്‍ ഉപയോഗ സാന്ദ്രത ഏറെയുള്ള കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മൊബൈല്‍ റേഞ്ച് കണക്ടിവിറ്റി പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കിയേക്കും.
ടവറുകള്‍ക്ക് ഇനിമുതല്‍ സംസ്ഥാന സര്‍ക്കാരുകളും ഫീസ് ഈടാക്കുമെന്നത് സാമ്പത്തികഭാരം കൂട്ടുമെന്ന് വിലയിരുത്തിയാണ് കമ്പനികളുടെ പിന്‍വലിയല്‍. കേരളത്തില്‍ കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തിലായിരുന്നു സേവനദാതാക്കളായ ബി.എസ്.എന്‍.എല്‍., എയര്‍ടെല്‍, വീ, ജിയോ എന്നിവ. അതേസമയം, കമ്പനികളില്‍ നിന്ന് പെര്‍മിറ്റ് ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് കേരള സര്‍ക്കാര്‍ ഇനിയും പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഫീസ് ഈടാക്കാനായി കേരളവും സര്‍ക്കുലര്‍ ഇറക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
Next Story
Videos