വിദ്യാര്‍ത്ഥികള്‍ക്ക് വിമാനത്താവളം കാണാം; വ്യോമയാന സുരക്ഷാ വാരാഘോഷത്തിന് സിയാലില്‍ തുടക്കം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (സിയാല്‍) വ്യോമയാന സുരക്ഷാ വാരാഘോഷത്തിന് കൂട്ടനടത്തത്തോടെ (വാക്കത്തോണ്‍) തുടക്കം കുറിച്ചു. 2023 ജൂലൈ 31 മുതല്‍ ആഗസ്ത് 5 വരെയാണ് ആഘോഷങ്ങള്‍. സിയാലിലെയും അനുബന്ധ കമ്പനികളിലേയും ജീവനക്കാര്‍, സി.ഐ.എസ്.എഫ്, കേരള പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ എയര്‍ലൈന്‍ ജീവനക്കാര്‍, ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ജീവനക്കാര്‍, ഏവിയേഷന്‍ വിദ്യാര്‍ത്ഥികള്‍, സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍ എന്നിവരുള്‍പ്പെടെ 550 ല്‍ അധികം പേര്‍ കൂട്ടനടത്തത്തില്‍ പങ്കെടുത്തു.


കൂട്ടനടത്തവും ഡോഗ് ഷോയും

ഉദ്ഘാടന വേളയില്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എസ്) റീജിയണല്‍ ഹെഡ് അനില്‍ കുമാര്‍, ബി.സി.എ.എസ് അസിസ്റ്റന്റ് ഡയറക്ടര്‍ സഞ്ജയ് ശര്‍മ എന്നിവര്‍ യഥാക്രമം ഇംഗ്ലീഷിലും ഹിന്ദിയിലും വ്യോമയാന സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു ജി. കൂട്ടനടത്തം (വാക്കത്തോണ്‍) ഔദ്യോഗികമായി ഫ്‌ലാഗ് ഓഫ് ചെയ്തു. വാക്കത്തോണിന് ശേഷം സി.ഐ.എസ്.എഫ് ഏവിയേഷന്‍ സെക്യൂരിറ്റി ഗ്രൂപ്പ് (എ.എസ്.ജി) ഡോഗ് സ്‌ക്വാഡിന്റെ അഭ്യാസപ്രകടനങ്ങളുമുണ്ടായിരുന്നു.

പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തും

ബി.സി.എ.എസ്സും കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ സംരംഭം 'നോക്കുക, അറിയിക്കുക, സുരക്ഷിതരാവുക' എന്ന ആശയമാണ് മുന്നോട്ട് വയ്ക്കുന്നത്. സമാധാനപരവും സുരക്ഷിതവുമായ വിമാനയാത്രാനുഭവത്തിന് ആവശ്യമായ അടിസ്ഥാനപരവും നിര്‍ണായകവുമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് വ്യോമയാന സുരക്ഷാ വാരാചരണം സംഘടിപ്പിച്ചിരിക്കുന്നത്. സെമിനാറുകള്‍, ഫ്‌ളാഷ് മോബുകള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിമാനത്താവള സന്ദര്‍ശനം, ക്വിസ്-ഉപന്യാസ മത്സരങ്ങള്‍ തുടങ്ങി വിപുലമായ പരിപാടികളാണ് വ്യോമയാന സുരക്ഷാ വാരാഘോഷത്തില്‍ സിയാല്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

Related Articles
Next Story
Videos
Share it