Begin typing your search above and press return to search.
പതഞ്ജലി പരസ്യക്കേസില്‍ രാംദേവിനെയും ബാലകൃഷ്ണയെയും നിറുത്തിപ്പൊരിച്ച് കോടതി; മാപ്പപേക്ഷ തള്ളി, നടപടി ഉറപ്പ്
പതഞ്ജലി പരസ്യക്കേസില്‍ ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണയും സമര്‍പ്പിച്ച മാപ്പപേക്ഷ തള്ളി സുപ്രീംകോടതി. കോടതി അലക്ഷ്യക്കേസില്‍ നടപടി നേരിടാന്‍ ഇരുവരോടും ഒരുങ്ങിക്കൊളളാനും കോടതി പറഞ്ഞു.
''കോടതി അന്ധരല്ല, മാത്രമല്ല ഈ കേസില്‍ ഉദാരത കാണിക്കാന്‍ ആഗ്രഹിക്കുന്നുമില്ല, ഞങ്ങള്‍ക്ക് മാപ്പപേക്ഷ ബോധ്യപ്പെട്ടില്ല. കോടതിയുടെ ഉത്തരവ് ലംഘിച്ചതിന്റെ അനന്തര ഫലം നിങ്ങള്‍ അനുഭവിക്കണം. അതിനാല്‍ ഇത് തള്ളുന്നു''. എന്നായിരുന്നു കേസ് പരിഗണിച്ച ജസ്റ്റിസ് ഹിമ കോലിയുടെയും അഹ്‌സനുദ്ദീന്‍ അമാനുള്ളയുടെയും ബെഞ്ച് വ്യക്തമാക്കിയത്.
കടലാസിലുള്ള ക്ഷമാപണം മാത്രമാണിതെന്നും മറ്റു വഴിയൊന്നുമില്ലാത്ത കടുത്ത സമ്മര്‍ദ്ദത്തിലാണ് മാപ്പപേക്ഷ നല്‍കിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിക്ക് നല്‍കുന്നതിന് മുന്‍പായി മാപ്പപേക്ഷ മാധ്യമങ്ങള്‍ക്ക് അയച്ചതോടെ കോടതിയെ കബളിപ്പിക്കുകയാണെന്നും കോടതി പറഞ്ഞു. ചൊവ്വാഴ്ചയാണ് രാംദേവ് സുപ്രീം കോടതിയില്‍ വീണ്ടും മാപ്പപേക്ഷ നല്‍കിയത്. കേസ് ഏപ്രില്‍ 16ന് വീണ്ടും പരിഗണിക്കും
കേസ് നാള്‍വഴികള്‍
രോഗം ശമിപ്പിക്കുമെന്നതടക്കം തെറ്റിദ്ധാരണ ജനിപ്പിക്കും വിധത്തില്‍ പരസ്യം നല്‍കിയെന്നാണ് പതഞ്ജലിക്കെതിരായ കേസ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് (ഐ.എം.എ) കേസ് നല്‍കിയത്.
പരസ്യങ്ങള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ബാബാ രാംദേവിനും ആചാര്യ ബാലകൃഷ്ണയ്ക്കും നോട്ടീസ് നല്‍കിയെങ്കിലും ഇരുവരും പ്രതികരിച്ചിരുന്നില്ല. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിറുത്തി വയ്ക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും തുടരുന്നതായി കണ്ടെത്തിയിരുന്നു. ഇത് കോടതിയെ വെല്ലുവിളിക്കലാണെന്ന് ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ നടപടികളിലേക്ക് നീങ്ങുകയായിരുന്നു. കോടതിയലക്ഷ്യക്കേസില്‍ ഇരുവരും എഴുതിനല്‍കിയതും നേരിട്ട് പറഞ്ഞതുമായ മാപ്പപേക്ഷ സുപ്രീം കോടതി തള്ളുകയും ചെയ്തിരുന്നു.
അവകാശവാദങ്ങള്‍ അശ്രദ്ധമായി ഉള്‍പ്പെട്ടതാണെന്നും തെറ്റായ പരസ്യങ്ങള്‍ നല്‍കിയതില്‍ ഖേദിക്കുന്നുവെന്നുമായിരുന്നു സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. കോടതി ഉത്തരവിനെ കുറിച്ച് പരസ്യ വിഭാഗത്തിന് അറിവില്ലായിരുന്നുവെന്നും വാദിച്ചിരുന്നു. ഇതിനെ ധിക്കാരപരമായ നടപടിയെന്ന് ചൂണ്ടിക്കാട്ടിയ കോടതി പുതിയ സത്യവാങ്മൂലം നല്‍കാനും ഇന്ന് നേരിട്ട് ഹാജരാകാനും ആവശ്യപ്പെടുകയുമായിരുന്നു.
കേന്ദ്രത്തിന്റെ സത്യവാങ്മൂലം
പതഞ്ജലിയുടെ ഉത്പന്നങ്ങള്‍ക്ക് ചില ഗുരുതര രോഗങ്ങള്‍ ശമിപ്പിക്കാനുള്ള കഴിവുണ്ടെന്ന് കമ്പനി അവകാശമുന്നയിച്ചിരുന്നു. എന്നാല്‍ കോടതി നടപടിക്കു ശേഷവും രാംദേവ് അവകാശവാദം നടത്തിയെന്ന് ഐ.എം.എയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ കേന്ദ്രസര്‍ക്കാരും കണ്ണടയ്ക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തുകയും ചെയ്തു.
സുപ്രീം കോടതിയുടെ പരമാര്‍ശത്തിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് കേന്ദ്രം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഏത് ആരോഗ്യ സേവനമാണ് വേണ്ടതെന്ന് തീരുമാനിക്കേണ്ടത് വ്യക്തികളാണെന്നും മറ്റ് ചികിത്സാ സംവിധാനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നത് നിരുത്സാഹപ്പെടുത്തുമെന്നുമായിരിന്നു കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.
Next Story
Videos