ഒറ്റ മോതിരത്തില്‍ 24679 വജ്രക്കല്ലുകള്‍, 90 ദിവസത്തെ പ്രയത്‌നത്തില്‍ മലയാളി കമ്പനി നേടിയത് ലോകറെക്കോര്‍ഡ്

24,679 വജ്രക്കല്ലുകള്‍ (Diamond) കൊണ്ടൊരു മോതിരമോ? അത്ഭുതപ്പെടേണ്ട... ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വജ്രക്കല്ലുകള്‍ പതിപ്പിച്ച മോതിരം ഇന്ത്യയില്‍ തന്നെയാണ്, അതും കേരളത്തില്‍. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ്, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് തുടങ്ങി ലോകത്തെ പ്രധാന ബഹുമതികള്‍ നേടിയ വജ്രമോതിരം (Diamond Ring) മലപ്പുറത്തുനിന്നാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പിങ്ക് ഓയിസ്റ്റര്‍ മഷ്‌റൂമിന്റെ മാതൃകയിലുള്ള ദി ടച്ച് ഓഫ് ആമി എന്ന മോതിരത്തിനാണ് ഈ ആഗോളബഹുമതി ലഭിച്ചിരിക്കുന്നത്. ഇതോടെ 12638 വജ്രക്കല്ലുകള്‍ പതിപ്പിച്ച മോതിരത്തിന്റെ റെക്കോര്‍ഡ് സ്വാ ഡയമണ്ട്സ് (Swa Diamond) മറികടന്നു.

'മോസ്റ്റ് ഡയമണ്ട് സെറ്റ് ഇന്‍ വണ്‍ റിങ്' എന്ന വിഭാഗത്തില്‍ ഗിന്നസ് ബഹുമതി നേടിയ മോതിരം കേപ്പ്സ്റ്റോണ്‍ കമ്പനിയുടെ കീഴിലുള്ള സ്വാ ഡയമണ്ട്സിന് (Swa Diamonds) വേണ്ടി കോഴിക്കോട് സ്വദേശിനി ടി.വി റിജിഷയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 90 ദിവസമാണ് വജ്രം പതിപ്പിക്കാന്‍ വേണ്ടിവന്നത്. ഏറ്റവും കൂടുതല്‍ വജ്ര- സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിക്കുന്നവരുടെ നാടായിട്ടും കേരളത്തില്‍ വജ്രാഭരണ നിര്‍മാണ ഫാക്ടറികള്‍ കുറവാണെന്ന വസ്തുത നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ബെല്‍ജിയം പോലുള്ള രാജ്യങ്ങള്‍ അടക്കി ഭരിക്കുന്ന വജ്ര വിപണിയില്‍ കേരളത്തില്‍ നിന്നുള്ള ഒരു കമ്പനിക്ക് ലോക റെക്കോര്‍ഡ് നേടാന്‍ സാധിച്ചിരിക്കുന്നതെന്ന് കമ്പനിയുടമകള്‍ പറഞ്ഞു.
'മലയാളിയുടെ ഉടമസ്ഥയിലുള്ള കേരളത്തിലെ വജ്രാഭരണ നിര്‍മാണ കമ്പനിയിലാണ് ഈ മോതിരം നിര്‍മിച്ചിരിക്കുന്നതെന്നത് അഭിമാനകരമാണ്. അതോടൊപ്പം 'ദി ടച്ച് ഓഫ് ആമി' നമ്മുടെ നാടിന്റെ സംരംഭകത്വ വിജയത്തിന്റെ വജ്രത്തിളക്കം കൂടിയായി അടയാളപ്പെടുത്തുന്നു '- സ്വാ ഡയമണ്ട്‌സ് എംഡി അബ്ദുല്‍ ഗഫൂര്‍ ആനടിയന്‍ പറഞ്ഞു.
ദക്ഷിണേന്ത്യയിലുടനീളം രണ്ടു പതിറ്റാണ്ടുകളായി സ്വര്‍ണ - വജ്ര- പ്ലാറ്റിനം ആഭരണ നിര്‍മാണ രംഗത്തുള്ള കേപ്പ്സ്റ്റോണ്‍ 2019 ലാണ് സ്വാ ഡയമണ്ട്‌സ് ബ്രാന്‍ഡ് ആരംഭിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് വിപണി പ്രതികൂലമായിട്ടും തങ്ങള്‍ക്ക് വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ 150ല്‍പ്പരം സ്റ്റോറുകളിലായി സ്വാ ഡയമണ്ട്‌സിനെ അവതരിപ്പിക്കാന്‍ സാധിച്ചു എന്നത് വലിയ അംഗീകാരമാണെന്ന് നിര്‍മാതാക്കള്‍ പറയുന്നു.


മുംബൈ, ഗുജറാത്ത് ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രമായി വജ്രാഭരണ നിര്‍മാണ വിപണി വ്യാപിച്ചു കിടക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്ള ഈ ലോക റെക്കോര്‍ഡ് നേട്ടം സംസ്ഥാനത്തെ വജ്രാഭരണ നിര്‍മാണ മേഖലയില്‍ നിക്ഷേപം വര്‍ധിക്കുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മലയാളികള്‍ തന്നെ കേരളത്തിന് പുറത്തുപോയി നിക്ഷേപങ്ങള്‍ നടത്താന്‍ തുടങ്ങുന്ന കാലഘട്ടത്തിലാണ് ലോകത്തിലെ വജ്ര വ്യാപാര വിപണിയിലേക്ക് സ്വാ ഡയമണ്ട്‌സിലൂടെ ഒരു 'കേരള ബ്രാന്‍ഡ്' അവതരിക്കുന്നത്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it