സ്വകാര്യ മേഖലാ ജീവനക്കാരുടെ പി.എഫ് വിഹിതം കുറച്ചേക്കും
എംഎസ്എംഇ, ടെക്സ്‌റ്റൈല്‍, സ്റ്റാര്‍ട്ടപ്പ് അടക്കം ഏതാനും മേഖലകളില്‍ ജീവനക്കാര്‍ പ്രോവിഡന്റ് ഫണ്ടിലേക്ക് നല്‍കേണ്ടതായ വിഹിതത്തില്‍ കുറവു വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. തൊഴിലാളികളുടെ കൈവശം എത്തുന്ന ശമ്പളത്തില്‍ ഇതോടെ നേരിയ വര്‍ധനയുണ്ടാകുന്നത് പൊതു വിപണിയിലെ തളര്‍ച്ച മാറ്റാനുപകരിക്കുമെന്ന ആശയമാണ് ഈ നീക്കത്തിനു പിന്നിലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന സാമൂഹ്യസുരക്ഷാ നിയമം- 2019 വഴിയാണ് ഇത്തരമൊരു മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ അടിസ്ഥാന ശമ്പളത്തിന്റെ 12% വരെയാണ് പി.എഫിലേക്ക് നിര്‍ബന്ധിത വിഹിതമായി നിക്ഷേപിക്കുന്നത്.തൊഴിലുടമയും 12% നല്‍കുന്നു. തൊഴിലുടമ നല്‍കുന്ന തുകയുടെ 8.33 ശതമാനം പെന്‍ഷന്‍ ഫണ്ടിലേക്കും 3.67 ശതമാനം പിഎഫ് ഫണ്ടിലേക്കും പോകുന്നു.
ഇതില്‍ തൊഴിലുടമയുടെ വിഹിതം മാറ്റമില്ലാതെ തുടരും. തൊഴിലാളികളുടെ വിഹിതം 9 ശതമാനത്തിനും 12 ശതമാനത്തിനും ഇടയില്‍ വ്യത്യാസപ്പെടുത്താം. കൈയില്‍ കിട്ടുന്ന ശമ്പളം മെച്ചപ്പെടുമെന്നതാണ് ഇതിന്റെ ഗുണം.പുതിയ പരിഷ്‌കാരംവഴി കേവലം 3,000 കോടി രൂപയുടെ വാര്‍ഷിക ചെലവിടല്‍ മാത്രമേ കൂടാന്‍ സാധ്യതയുള്ളൂവെന്നും ഉപഭോക്തൃ മാന്ദ്യത്തെ മറികടക്കാന്‍ ഇത് പര്യാപ്തമാവില്ലെന്നുമാണ് നിരീക്ഷണം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്ക് ഗുണം ചെയ്യുന്നതാവില്ല ഈ നീക്കമെന്ന വിമര്‍ശനവുമുണ്ട്.
തൊഴിലാളികള്‍ ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ ലഭിക്കുന്ന തുകയില്‍ ഗണ്യമായ കുറവുണ്ടാകും. ആളുകളുടെ പോക്കറ്റിലേക്ക് കൂടുതല്‍ പണമെത്തുന്നത് പൊതുവെ ചെലവാക്കാനുള്ള ശേഷിയെയും അതുവഴി ഉപഭോഗത്തെയും വര്‍ധിപ്പിക്കാറുണ്ട്. എന്നാല്‍ ആഭ്യന്തര ഉപഭോഗം ഗണ്യമായി ഉയര്‍ത്തുവാനുള്ള നടപടിയായി ഇതിനെ കാണേണ്ടതില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. 1.3 ട്രില്യണ്‍ രൂപയാണ് ഇന്ത്യയിലെ തൊഴിലുടമകളും തൊഴിലാളികളും കൂടി പ്രതിവര്‍ഷം പിഎഫ് ഫണ്ടിലേക്ക് വിഹിതമായി നിക്ഷേപിക്കുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline