ഇന്ത്യയിലെ ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള കമ്പനി ടാറ്റ; എല്‍ഐസിയും ഇന്‍ഫോസിസും തൊട്ട് പിന്നാലെ

ഇന്ത്യയില്‍ ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള കമ്പനിയായി ടാറ്റ വരുന്നത് അത്ര പുതിയ കാര്യമൊന്നുമല്ല. പല തവണ മികച്ച ബ്രാന്‍ഡ് ലിസ്റ്റില്‍ ഇടം നേടാന്‍ കഴിഞ്ഞ കമ്പനി വ്യത്യസ്തമാകുന്നത് ഉപ്പ് തൊട്ട് സോഫ്റ്റ് വെയര്‍ സര്‍വീസ് വരെയുള്ള കമ്പനി ഏറ്റവും മികച്ച 100 ബ്രാന്‍ഡുകളിലേക്ക് ഉയര്‍ന്നത് കൊണ്ട് തന്നെയാണെന്നാണ് 2019 ലെ യുകെയിലെ ബ്രാന്‍ഡ് ബേസ്ഡ് ഫിനാന്‍സ് അനാലിസിസില്‍ ചൂണ്ടിക്കാട്ടുന്നു.

ടാറ്റ ഗ്രൂപ്പിന്റെ 37 ശതമാനം കുതിപ്പാണ് ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്റെ എക്‌സ്‌ക്ലൂസീവ് ലിസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നത്. 2019 ല്‍ ടോപ് 25 കമ്പനികളില്‍ 19.55 ബില്യണ്‍ ഡോളര്‍ ബ്രാന്‍ഡ് മൂല്യവര്‍ധനവാണ് ടാറ്റ കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 14.23 ബില്യണ്‍ ഡോളര്‍ ബ്രാന്‍ഡ് മൂല്യമാണ് കമ്പനി നേടിയത്. മുമ്പത്തെക്കാള്‍ ഒമ്പത് ശതമാനം വളര്‍ച്ചയായിരുന്നു ഇത്.

'വിവിധ സെക്ടറുകളിലുള്ള ടാറ്റ ഗ്രൂപ്പിന്റെ സാന്നിധ്യമാണ് ഈ വളര്‍ച്ച സാധ്യമാക്കുന്നത്'' ബ്രാന്‍ഡ് ഫിനാന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡേവിഡ് ഹയ്യ വ്യക്തമാക്കി. ബ്രാന്‍ഡ് മൂല്യത്തില്‍ മുന്നിലുളള 100 കമ്പനികളിലും ടാറ്റയ്ക്ക് സ്ഥാനമുണ്ട്. 2018 ലെ പട്ടികയില്‍ 104 ാം സ്ഥാനത്തായിരുന്ന ടാറ്റ ഗ്രൂപ്പ് ഈ വര്‍ഷം 86 ാം സ്ഥാനത്താണ് ഇടം പിടിച്ചിരിക്കുന്നത്.

ആദ്യ നൂറില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ കമ്പനിയാണ് ടാറ്റ. സോഫ്റ്റ് വെയര്‍ കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഓട്ടോമോട്ടീവ്്‌സ് സ്റ്റീല്‍ കമ്പനികളുടെ പ്രകടനവും ബ്രാന്‍ഡ് മൂല്യം വര്‍ധിപ്പിക്കാന്‍ സഹായിച്ചുവെന്ന് ഹയ്യാ കൂട്ടിച്ചേര്‍ത്തു.

ഇന്‍ഷുറന്‍സ് ഭീമനായ എല്‍ഐസിയാണ് 2019 ലെ ടോപ് ബ്രാന്‍ഡ് ലിസ്റ്റിങ്ങില്‍ ഇടം നേടിയ രണ്ടാമത്തെ കമ്പനി. 7.32 ഡോളര്‍ വളര്‍ച്ചയുമായാണ് കമ്പനി മികച്ച ബ്രാന്‍ഡിലെ രണ്ടാം സ്ഥാനത്തെത്തിയത്. 23 ശതമാനമാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ വളര്‍ച്ച. 6.5 ബില്യണ്‍ ഡോളറുമായി ഇന്‍ഫോസിസും തൊട്ടു പിന്നാലെയുണ്ട്. 7.7 ശതമാനം വളര്‍ച്ചാ നിരക്കാണ് ഇന്‍ഫോസിസിന്റേതായി രേഖപ്പെടുത്തിയിരിക്കുന്നത്.

എസ്ബിഐ, മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, എയര്‍ടെല്‍, എച്ച് സിഎല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വിപ്രോ എന്നിവയാണ് ആദ്യ പത്തില്‍ സ്ഥാനം പിടിച്ച മറ്റു ബ്രാന്‍ഡുകള്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it