മലയാളി കമ്പനിയായ കൊട്ടാരം അഗ്രോ ഫുഡ്‌സിനെ ഏറ്റെടുക്കാനൊരുങ്ങി ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ്

ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി കമ്പനിയായ കൊട്ടാരം അഗ്രോ ഫുഡ്‌സിനെ(കെഎഎഫ്) ഏറ്റെടുക്കാനൊരുങ്ങി ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ്. സോള്‍ഫുള്‍ എന്ന പ്രമുഖ ബ്രാന്‍ഡ് ഉള്‍പ്പെടെ ഇന്‍സ്റ്റന്റ് ബ്രേക്ക്ഫാസ്റ്റ് കാറ്റഗറിയില്‍ മുന്‍നിര ബ്രാന്‍ഡ് ആയി മാറിയ കെഎഎഫിനെ ഏറ്റെടുക്കുന്നതോടുകൂടി ഭക്ഷ്യോല്‍പ്പന്ന മേഖലയിലേക്കുള്ള ടാറ്റയുടെ തന്ത്രപരമായ കടന്നുവരവാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വില്‍പ്പന കരാര്‍ പ്രകാരം പ്രഭാതഭക്ഷണ ധാന്യങ്ങളും മില്ലറ്റ് (ചോളം) തുടങ്ങിയവ കൊണ്ടുണ്ടാക്കുന്ന ലഘുഭക്ഷണങ്ങളും വിവിധ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളും വിപണിയിലെത്തിക്കുന്ന കൊട്ടാരം അഗ്രോ ഫുഡ്‌സിന്റെ 100 ശതമാനം ഓഹരികളും കമ്പനി ഏറ്റെടുക്കും.
155.8 കോടി രൂപയ്ക്കാണ് വില്‍പ്പന നടക്കുന്നതെന്നും കൊട്ടാരം അഗ്രോ ഫുഡ്‌സിന്റെ മുഴുവനായുള്ള ഏറ്റെടുക്കലാകും നടക്കുക എന്നും ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ് ലിമിറ്റഡ്(ടിപിസിഎല്‍) എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നു. ടാറ്റ സമ്പന്‍ ബ്രാന്‍ഡിന് കീഴില്‍ ഇതിനോടകം പയര്‍വര്‍ഗ്ഗങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, റെഡി-ടു-കുക്ക് മിക്‌സുകള്‍ എന്നിവ വില്‍ക്കുന്നുണ്ട് ടിപിസിഎല്‍. ടാറ്റ ടീ, ടെറ്റ്ലി, 8 o clock കോഫി, ടാറ്റ കോഫി ഗ്രാന്‍ഡ് ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള പാനീയങ്ങളും ഇന്ത്യയിലും വിദേശത്തും വില്‍ക്കുന്നു.
ഈ ഏറ്റെടുക്കല്‍ ടിസിപിഎല്ലിന് ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോ അതിവേഗം വളരുന്ന 'ഓണ്‍-ദി-ടേബിള്‍', 'ഓണ്‍ ദി ഗോ' വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനും പുതിയ ഉപഭോഗ അവസരങ്ങളില്‍ പങ്കെടുക്കാനും അനുവദിക്കുമെന്ന് കമ്പനി അറിയിച്ചു.
കൊട്ടാരം അഗ്രോ ഫുഡ്‌സിന്റെ 'സോള്‍ഫുള്‍ '2013 മുതല്‍ മില്ലറ്റ് അധിഷ്ഠിത ഉല്‍പന്നങ്ങളായ പ്രഭാതഭക്ഷണ ധാന്യങ്ങള്‍, ലഘുഭക്ഷണങ്ങളായ റാഗി ബൈറ്റ്‌സ്, മില്ലറ്റ് മുസ്ലി തുടങ്ങിയവയുമായി ഹെല്‍ത്തി സ്‌നാക്‌സ് വിപണിയില്‍ സജീവമാണ്. നിലവില്‍ ഇന്ത്യയില്‍ എമ്പാടുമുള്ള വിപണികളില്‍ ബ്രാന്‍ഡിന് ശക്തമായ സാന്നിധ്യമുണ്ട്.
പ്രശാന്ത് പരമേശ്വരന്‍, രസിക പ്രശാന്ത്, ഡോ കെ കെ നാരായണന്‍, അമിത് സെബാസ്റ്റ്യന്‍ എന്നിവരാണ് കോട്ടാരം അഗ്രോ ഫുഡ്‌സിന്റെ സ്ഥാപകര്‍. ഈ സാമ്പത്തിക വര്‍ഷം 20.38 കോടി ഡോളറിന്റെ വിറ്റുവരവും രേഖപ്പെടുത്തിയിട്ടുണ്ട്. ടാറ്റ ഏറ്റെടുത്താലും പ്രശാന്ത് പരമേശ്വരനും ടീമും ആയിരിക്കും ടിപിസിഎല്ലില്‍ ഈ വിഭാഗം നിശ്ചിത കാലത്തേക്ക് നയിക്കുന്നതും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it