ആഭ്യന്തര വിപണിയില്‍ പിടിമുറിക്കി ടാറ്റ മോട്ടോഴ്‌സ്‌

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ആഭ്യന്തര വിപണിയില്‍ റെക്കോര്‍ഡ് അറ്റ വില്‍പ്പന (Net Sale) നേടി ടാറ്റ മോട്ടോഴ്‌സ്. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 22,300 കോടിയുടെ അറ്റ വില്‍പ്പനയാണ് ടാറ്റ നേടിയത്. 45 ശതമാനത്തിന്റെ വര്‍ധനവാണ് അറ്റ വില്‍പ്പനയില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 15,390 കോടി രൂപയായിരുന്നു ടാറ്റ ആഭ്യന്തര വില്‍പ്പനയിലൂടെ നേടിയത്.

അതേ സമയം കമ്പനിയുടെ ഏകീകൃത അറ്റ വില്‍പ്പന (Consolidated Net Sale) 3.2 ശതമാനം ഇടിഞ്ഞ് 74,900 കോടിയിലെത്തി. ആഗോള വിപണിയെക്കാള്‍ മികച്ച പ്രകടനമാണ് ടാറ്റ ഇന്ത്യയില്‍ നടത്തുന്നത്. ടാറ്റയുടെ പാസഞ്ചര്‍ വെഹിക്കിള്‍സ് വിഭാഗം ലാഭം നേടുന്ന ആദ്യ പാദം കൂടിയായിരുന്നു ഒക്ടോബര്‍-ഡിസംബര്‍ മാസം. 2018 വരെ പാസഞ്ചര്‍ വെഹിക്കിള്‍സിന്റെ കണക്ക് പ്രത്യേകമായി ടാറ്റ അവതരിപ്പിച്ചിരുന്നില്ല.
കഴിഞ്ഞ വര്‍ഷം 381 കോടിയുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്ത കമ്പനിയുടെ പാസഞ്ചര്‍ വെഹിക്കിള്‍സ് വിഭാഗം ഇത്തവണ 835 കോടി രൂപ ലാഭത്തിലാണ്. 8,600 കോടിയാണ് ഈ വിഭാഗത്തില്‍ നിന്ന് ടാറ്റയുടെ വരുമാനം (Revenue). ഒരു പാദത്തില്‍ ടാറ്റയുടെ പാസഞ്ചര്‍ വെഹിക്കിള്‍സ് വിഭാഗം നേടുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്.
അതേ സമയം കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് വിഭാഗം 77 കോടി രൂപയുടെ നഷ്ടത്തിലാണ്. എന്നാല്‍ വരുമാനം 29.2 ശതമാനം ഉയര്‍ന്ന് 12,316 കോടിയിലെത്തി. ടാറ്റയുടെ ഏകീകൃത അറ്റ വില്‍പ്പനയില്‍ 31.8 ശതമാനം ആണ് ആഭ്യന്തര വിപണിയുടെ സംഭാവന. 2013-20 കാലയളവില്‍ ടാറ്റ മോട്ടോഴ്‌സിന്റെ ഏകീകൃത വരുമാനത്തില്‍ 17 ശതമാനത്തോളം മാത്രമായിരുന്നു ആഭ്യന്തര വിപണിയുടെ സംഭാവന.
ആകെ വില്‍പ്പനയുടെ മൂന്നില്‍ രണ്ട് ഭാഗവും ടാറ്റ മോട്ടോഴ്‌സിന് ലഭിക്കുന്നത് ഉപ കമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ് റോവറില്‍ നിന്നാണ്. ചിപ്പ് ക്ഷാമത്തെ തുടര്‍ന്ന് വലിയ പ്രതിസന്ധി നേരിടുന്ന ജെഎല്‍ആറിന്റെ അറ്റ വില്‍പ്പന ഈ പാദത്തില്‍ 18.3ശതമാനം ഇടിഞ്ഞ് 47,900 കോടിയിലെത്തി. സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് (SUV) ലഭിക്കുന്ന മികച്ച പ്രതികരണവും ഇലക്ട്രിക് വാഹന രംഗത്തെ മേധാവിത്വവും ടാറ്റ മോട്ടോഴ്സിന്റെ ആഭ്യന്തര വിപണി കൂടുതല്‍ മെച്ചപ്പെടുത്താന്‍ കാരണമാവുമെന്നാണ് വിലയിരുത്തല്‍.



Related Articles
Next Story
Videos
Share it