Begin typing your search above and press return to search.
ഇവിയിലെ നേട്ടവും വിലവര്‍ധനവും പുതിയ ലോഞ്ചിംഗും; ഓഹരി വിപണിയില്‍ ടാറ്റ മോട്ടോഴ്‌സ് വീണ്ടും തിരിച്ചുകയറുന്നു
ജുലൈ മാസത്തില്‍ ഓഹരി വിപണിയില്‍ നേരിട്ട ഇടിവിന് ശേഷം ടാറ്റാ മോട്ടോഴ്‌സ് വീണ്ടും ഉയര്‍ച്ചയിലേക്ക്. അഞ്ച് ദിവസത്തിനിടെ 11 ശതമാനത്തിലധികം വര്‍ധനവാണ് ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരി വിലയിലുണ്ടായത്. 34.25 രൂപയുടെ വര്‍ധന. ഇന്ന് മാത്രം ഉയര്‍ന്നത് നാല് ശതമാനത്തിലധികം. ഇലക്ട്രിക് വാഹന വിപണിയില്‍ 10,000 യൂണിറ്റെന്ന നാഴികക്കല്ല് കടക്കാനായതും വാണിജ്യ വാഹനങ്ങളുടെ വിലവര്‍ധനവും പുതിയ ലോഞ്ചിംഗുകളുമാണ് ടാറ്റയുടെ ഓഹരി വിപണിയിലെ പ്രകടനത്തിന് അനുകൂലമായത്.
ഇലക്ട്രിക് വാഹന വിപണിയില്‍ ടാറ്റ നെക്‌സോണ്‍ ഇവിയിലൂടെ 70 ശതമാനത്തിലധികം പങ്കാളിത്തമുള്ള ടാറ്റ, അടുത്തിടെയാണ് ആദ്യ സെഡാന്‍ ഇവിയായ ടിഗോര്‍ ഇവി അവതരിപ്പിച്ചത്. ചെറിയ വിലയില്‍ സ്വന്തമാക്കാവുന്ന ഇലക്ട്രിക് കാര്‍ എന്നതിനാല്‍ വലിയ ഡിമാന്‍ഡ് ഈ മോഡലിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഉത്സവ സീസണിന് മുന്നോടിയായി ടാറ്റ, തങ്ങളുടെ മൈക്രോ എസ്‌യുവിയായ പഞ്ചിനെ ഒക്ടോബര്‍ നാലിനാണ് പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നത്.
ചിപ്പ് ക്ഷാമം ഉല്‍പ്പാദത്തെ ബാധിച്ചേക്കുമെന്നതും ജെഎല്‍ആറിന്റെ നെഗറ്റീവ് ഫ്രീ ക്യാഷ് ഫ്‌ളോയെക്കുറിച്ചുമുള്ള ആശങ്കകളും ഉയര്‍ന്നതിന് പിന്നാലെയായിരുന്ന ജുലൈ ആറിന് ടാറ്റാ മോട്ടോഴ്‌സ് തിരുത്തലിലേക്ക് വീണത്. ഒരു ഘട്ടത്തില്‍ 355 രൂപ വരെയെത്തിയ ഓഹരി വിലയാണ് ജുലൈ അവസാനത്തോടെ 284 രൂപയിലെത്തിയത്. പിന്നീട് ചെറിയ ഉയര്‍ച്ചകളും താഴ്ചകളും നേരിട്ട ടാറ്റ മോട്ടോഴ്‌സ് മികച്ച മുന്നേറ്റം നടത്തിയത് കഴിഞ്ഞ അഞ്ച് ദിവസങ്ങളിലാണ്. ഇന്ന് ഓഹരി വിപണി ക്ലോസ് ചെയ്യുമ്പോള്‍ 331 രൂപയാണ് ടാറ്റാ മോട്ടോഴ്‌സിന്റെ ഒരു ഓഹരിയുടെ വില.
രാജ്യത്തെ പ്രമുഖ സ്റ്റോക്ക് ട്രേഡറായ രാകേഷ് ജുന്‍ജുന്‍വാലയും ടാറ്റാ മോട്ടോഴ്‌സ് സ്‌റ്റോക്കിനോട് താല്‍പ്പര്യം കാണിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപമാണ് അദ്ദേഹം ടാറ്റാ മോട്ടോഴ്‌സില്‍ അടുത്തിടെ നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ''എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപമാണ് കഴിഞ്ഞ 15 മാസത്തിനുള്ളില്‍ ഞാന്‍ ടാറ്റ മോട്ടോഴ്‌സില്‍ നടത്തിയത്'' ജുന്‍ജുന്‍വാല പറഞ്ഞതായി ബിസിനസ് ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഓഗസ്റ്റ് അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം അദ്ദേഹം കൈവശം വച്ചിരിക്കുന്ന ഓഹരികളുടെ മൂല്യം 1084.55 കോടി രൂപയായിരുന്നു. സെപ്റ്റംബറില്‍ ഓഹരി വില ഉയര്‍ന്നതോടെ ഇത് 1,254.62 കോടി രൂപയായി. ഈയൊരു നിക്ഷേപത്തിലൂടെ 170 കോടി രൂപയുടെ നേട്ടാണ് ജുന്‍ജുന്‍വാല നേടിയത്.
Next Story
Videos