വാഹനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ച് ടാറ്റ: ഈ തീയതിക്ക് മുമ്പ് ബുക്ക് ചെയ്തവര്‍ക്ക് ബാധകമല്ല

ഇന്ത്യന്‍ കാര്‍ നിര്‍മാണ രംഗത്തെ വമ്പന്‍മാരായ ടാറ്റ കാറുകളുടെ വില വര്‍ധിപ്പിച്ചു. 26,000 രൂപ വരെയാണ് വില വര്‍ധിപ്പിച്ചത്. ഇന്‍പുട്ട് ചിലവുകളുടെ വര്‍ധന, സെമികണ്ടക്ടേഴ്‌സിന്റെ ലഭ്യതക്കുറവ്, മെറ്റലിന്റെ വില വര്‍ധന തുടങ്ങിയവയാണ് വില വര്‍ധനവിന് കാരണം. സെമി കണ്ടക്ടേഴ്‌സിന്റെ ലഭ്യതക്കുറവ് ഇന്ത്യന്‍ വിപണിയിലെ മിക്കവാറും എല്ലാ നിര്‍മ്മാതാക്കളെയും ബാധിക്കുകയും ഡെലിവറികള്‍ വൈകുന്നതിന് കാരണമാവുകയും ചെയ്യുന്നുണ്ട്.

ടിയാഗോ, ടിഗോര്‍, ആല്‍ട്രോസ്, നെക്സണ്‍, ഹാരിയര്‍ തുടങ്ങിയ ടാറ്റയുടെ എല്ലാ കാറുകളുടെയും വില വര്‍ധിപ്പിച്ചിട്ടുണ്ട്. വേരിയന്റിനനുസരിച്ചാണ് വില വര്‍ധനവുണ്ടാവുക.
2021 ജനുവരി 21 ന് മുമ്പ് കാറുകള്‍ ബുക്ക് ചെയ്ത ഉപഭോക്താക്കളെ വിലവര്‍ധനവ് ബാധിക്കില്ലെന്ന് ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി. ജനുവരി 22ന് മുമ്പ് നിലവിലുണ്ടായിരുന്ന അതേവിലയ്ക്ക് ഈ ഉപഭോക്താക്കള്‍ക്ക് കാറുകളുടെ ഡെലിവറി ലഭിക്കും.
അതേസമയം തങ്ങളുടെ പാസഞ്ചര്‍ വാഹന വിഭാഗം വളര്‍ന്നതായി ടാറ്റ അവകാശപ്പെട്ടു. ഈ സാമ്പത്തിക വര്‍ഷം 20 ശതമാനത്തില്‍ 37 ശതമാനം വര്‍ധനവാണുണ്ടായത്. മൂന്നാം പാദത്തിലാണ് ഏറ്റവും കൂടുതല്‍ വര്‍ധനവ്.
2021 ല്‍ ഇന്ത്യയിലെ കാര്‍ നിര്‍മാതാക്കളില്‍ മിക്കതും വില വര്‍ധിപ്പിച്ചിട്ടുണ്ട്. മാരുതി സുസുകി ഗണ്യമായ തോതിലാണ് വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായും വിലവര്‍ധനവ് പ്രഖ്യാപിച്ചു. ഇപ്പോള്‍ നാലാം സ്ഥാനത്തുള്ള കിയ, സെല്‍റ്റോസ്, സോനെറ്റ് എസ്യുവികളുടെ വില വര്‍ധിപ്പിക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it