67 വര്‍ഷത്തിന് ശേഷം എയര്‍ ഇന്ത്യ തിരിച്ചു വാങ്ങാന്‍ ടാറ്റ സണ്‍സ്

ഇന്ത്യയിലെ മുന്‍നിര കമ്പനിയായ ടാറ്റ സണ്‍സ് പ്രതിസന്ധിയിലായ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ വാങ്ങുന്നതിനുള്ള താല്‍പ്പര്യപത്രം (Expression of Interest) സമര്‍പ്പിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ടാറ്റാ സണ്‍സിന് ഭൂരിപക്ഷം ഓഹരികളുള്ള എയര്‍ ഏഷ്യ ഇന്ത്യ വഴിയാണ് ഇത് ചെയ്തിരിക്കുന്നത് എന്ന് പത്രം പറയുന്നു.

എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും നോണ്‍ഫ്രില്‍ സബ്‌സിഡിയറിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡിലെ 100 ശതമാനം ഓഹരിയും എയര്‍ ഇന്ത്യ സാറ്റ്‌സ് എയര്‍പോര്‍ട്ട് സര്‍വീസസ് െ്രെപവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയും വില്‍ക്കാനുള്ള ലേല പ്രക്രിയക്ക് 2020 ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ തുടക്കം ഇട്ടിരുന്നു. താല്‍പ്പര്യപത്രം സമര്‍പ്പിക്കാനുള്ള സമയം ഡിസംബര്‍ 14ന് വൈകുന്നേരം 5 മണി വരെയാണ്.

സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി സഹകരിച്ച് ടാറ്റാ സണ്‍സ് ഒരു പ്രീമിയര്‍ ഫുള്‍ സര്‍വീസ് കാരിയറായ വിസ്താര നടത്തുന്നുണ്ടെങ്കിലും ബജറ്റ് കാരിയറായ എയര്‍ ഏഷ്യ ഇന്ത്യയിലൂടെ താല്‍പ്പര്യപത്രം സമര്‍പ്പിക്കാനാണ് തീരുമാനിച്ചത്. ഇതിനകം ദുരിതത്തിലായ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണ പരിപാടിയില്‍ പങ്കെടുക്കാന്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് താല്പര്യം കാണിച്ചില്ല, കാരണം ഇത് വിസ്താരയെയും അതിന്റെ സാമ്പത്തിക പ്രതിസന്ധികളെയും വര്‍ദ്ധിപ്പിക്കും.

കൊറോണ വൈറസ് കാരണം യാത്രാ ആവശ്യകതയിലുണ്ടായ ഇടിവ് മൂലം പല വിമാന കമ്പനികളും പ്രതിസന്ധിയിലാണ്. ഇതിനു മുമ്പ് തന്നെ പ്രതിസന്ധിയിലായ എയര്‍ ഇന്ത്യയുടെ സംയോജിത ബാധ്യത ഏകദേശം 90,000 കോടി രൂപയാണ്.

200 എയര്‍ ഇന്ത്യ ജോലിക്കാരുടെ ഒരു സംഘവും താല്‍പ്പര്യപത്രം സമര്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌പൈസ് ജെറ്റിന്റെ അജയ് സിങ്ങും എയര്‍ ഇന്ത്യയെ നിരീക്ഷിക്കുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാന്‍ എയര്‍ ഇന്ത്യ വിസമ്മതിച്ചു. 2018ല്‍ എയര്‍ ഇന്ത്യ വില്‍ക്കാനുള്ള ആദ്യ ശ്രമം ആരും താല്‍പ്പര്യപത്രം സമര്‍പ്പിക്കാത്തതിനാല്‍ വിജയിച്ചില്ല.

സ്വകാര്യവല്‍ക്കരിക്കപ്പെട്ടില്ലെങ്കില്‍ എയര്‍ ഇന്ത്യ അടച്ചുപൂട്ടേണ്ടിവരുമെന്ന് കഴിഞ്ഞ വര്‍ഷം വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞിരുന്നു.

1932ല്‍ ടാറ്റ എയര്‍ലൈന്‍സ് എന്ന പേരില്‍ ജെ ആര്‍ ഡി ടാറ്റ തുടങ്ങിയ ഇന്ത്യയുടെ ആദ്യ വിമാന സര്‍വീസ് പിന്നീട് എയര്‍ ഇന്ത്യ എന്ന പേരിലേക്ക് മാറുകയായിരുന്നു. 1953ല്‍ സര്‍ക്കാര്‍ എയര്‍ ഇന്ത്യയുടെ നിയന്ത്രണം ടാറ്റ സണ്‍സിന്റെ കയ്യില്‍നിന്നും ഏറ്റെടുത്തുവെങ്കിലും ജെ ആര്‍ ഡി ടാറ്റ എയര്‍ ഇന്ത്യയുടെ ചെയര്‍മാനായി 1977 വരെ തുടര്‍ന്നു.

ഇപ്പോള്‍ ഗവണ്മെന്റ് എയര്‍ ഇന്ത്യ വില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ വാങ്ങാന്‍ സാധ്യതയുള്ളവരുടെ കൂട്ടത്തില്‍ ടാറ്റാ സണ്‍സ് ഏറ്റവും മുന്‍പിലാണെന്നു വ്യവസായ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഇത് വിജയിച്ചാല്‍ 67 വര്‍ഷത്തിന് ശേഷം എയര്‍ ഇന്ത്യ വീണ്ടും ടാറ്റാ ഗ്രൂപ്പിന്റെ കയ്യില്‍ തിരിച്ചെത്തും.

അദാനി ഗ്രൂപ്പും ഹിന്ദുജ ഗ്രൂപ്പും താല്‍പ്പര്യപത്രം സമര്‍പ്പിച്ചവരുടെ കൂട്ടത്തില്‍ ഉണ്ട് എന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.


Related Articles
Next Story
Videos
Share it