ടാറ്റാ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് സൈറസ് മിസ്ത്രിയുടെ മടക്കം ഉടന്‍

ടാറ്റാ സണ്‍സ് ഡയറക്ടര്‍ ബോര്‍ഡംഗമായി സൈറസ് മിസ്ത്രിക്കു പുനര്‍നിയമനം നല്‍കാന്‍ മാനേജ്‌മെന്റ് നടപടിയാരംഭിച്ചു. ടിസിഎസ്, ടാറ്റ ഇന്‍ഡസ്ട്രീസ് എന്നിവയുള്‍പ്പെടെ ലിസ്റ്റ് ചെയ്ത ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടര്‍ സ്ഥാനത്തേക്കും ഇതോടൊപ്പം മിസ്ത്രി കടന്നുവരും.

എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മിസ്ത്രിയെ നീക്കിയ നടപടി റദ്ദാക്കിക്കൊണ്ടുള്ള നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവിനോട് ടാറ്റാ ഗ്രൂപ്പ് പ്രഥമദൃഷ്ട്യാ നിഷേധ നിലപാടെടുക്കരുതെന്ന നിയമോപദേശം മാനിക്കാനാണ് രത്തന്‍ ടാറ്റയുടെയും സംഘത്തിന്റെയും തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാരണത്താലാണ് ബോര്‍ഡുകളില്‍ മിസ്ത്രിയെ ഉള്‍പ്പെടുത്തുന്നതിനുള്ള കടലാസ് ജോലികള്‍ക്ക് കമ്പനി സെക്രട്ടറി തുടക്കം കുറിച്ചത്.അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കുന്നതിനുള്ള നടപടികള്‍ അതിനുശേഷമേ ഉണ്ടാകൂ.

2016 ഒക്ടോബറില്‍ ടാറ്റാ സണ്‍സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടെങ്കിലും വിവിധ ഗ്രൂപ്പ് കമ്പനികളിലെ ഡയറക്ടര്‍ സ്ഥാനം രാജിവയ്ക്കാന്‍ മിസ്ത്രി വിസമ്മതിച്ചിരുന്നു. ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ പവര്‍, ടാറ്റാ കെമിക്കല്‍സ്, ഇന്ത്യന്‍ ഹോട്ടലുകള്‍ എന്നിവയുടെ ചെയര്‍മാനായി തുടരാന്‍ തുനിഞ്ഞു അദ്ദേഹം. ഓഹരി ഉടമകളുടെ അസാധാരണ പൊതുയോഗം വിളിച്ചുള്ള പുറത്താക്കല്‍ നടപടിയിലേക്കു രത്തന്‍ ടാറ്റ നീങ്ങിയതോടെയാണ് അദ്ദേഹം ആറ് കമ്പനികളില്‍ നിന്നും സ്വമേധയാ പിന്മാറിയത്.

'മിസ്ട്രിയുടെ ഡയറക്ടര്‍ നിയമനം ഉടനടി പ്രാബല്യത്തില്‍ വരുമെന്ന് നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവില്‍ വ്യക്തമായി പറയുന്നു. ടാറ്റാ സണ്‍സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായുള്ള പുനര്‍നിയമനം നിയമനം മാത്രമാണ് നാല് ആഴ്ചക്കാലം സ്റ്റേ ചെയ്തിരിക്കുന്നതെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പ്രശസ്ത നിയമ സ്ഥാപനമായ എസ് ആന്റ് ആര്‍ അസോസിയേറ്റ്സിനു നേതൃത്വം നല്‍കുന്ന സുദീപ് മഹാപത്രയുടെ അഭിപ്രായത്തില്‍ എസ്സാര്‍ സ്റ്റീല്‍ കേസിലെന്ന പോലെ ഈ വിഷയത്തില്‍ അന്തിമ തീരുമാനം സുപ്രീം കോടതിയില്‍ നിന്ന് വരും. എന്‍സിഎല്‍ടി ഉത്തരവിലെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ സുപ്രീം കോടതി അസാധുവാക്കാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളയുന്നില്ല.

ഉപ്പ് മുതല്‍ സോഫ്റ്റ്‌വെയര്‍ വരെ നീളുന്ന ടാറ്റാ ബിസിനസ് സാമ്രാജ്യത്തിന്റെ താക്കോല്‍ സ്ഥാനത്തേക്ക് രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി 2012 ലാണ് സൈറസ് മിസ്ത്രി എത്തുന്നത്. ടിസിഎസ്, ജാഗ്വാര്‍ ലാന്റ് റോവര്‍ എന്നീ കമ്പനികളുടെ പ്രവര്‍ത്തനത്തില്‍ ചെയര്‍മാന്‍ എന്ന നിലയില്‍ തനിക്ക് പൂര്‍ണ സ്വാതന്ത്ര്യം കിട്ടിയിരുന്നില്ലെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ പുറത്താക്കിയ ശേഷം സൈറസ് മിസ്ത്രി ഉന്നയിച്ചിരുന്നു.

സൈറസ് മിസ്ത്രിയെ ടാറ്റാ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായി പുനഃസ്ഥാപിച്ച ട്രിബ്യൂണല്‍ (എന്‍സിഎല്‍എറ്റി) വിധി 100 ബില്യണ്‍ ഡോളറിന്റെ വ്യവസായ സാമ്രാജ്യത്തെ കടുത്ത ആശങ്കയിലേക്കാണ്് തള്ളിവിട്ടിരിക്കുന്നത്. ട്രിബ്യൂണല്‍ വിധി ചോദ്യം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി കമ്പനിയുടെ എല്ലാ ജീവനക്കാര്‍ക്കും പുറത്തായ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ നടരാജന്‍ ചന്ദ്രശേഖരന്‍ കത്തയച്ചെങ്കിലും ഭീതി ഒഴിവായിട്ടില്ല. ലോകത്തെ തന്നെ ഏറ്റവും പാരമ്പര്യമുള്ള കമ്പനികളിലൊന്നായ ടാറ്റയ്ക്ക് സ്ഥിരതയും തുടര്‍ച്ചയും ഉറപ്പാക്കാനാവുമോയെന്നാണ് നിക്ഷേപകര്‍ ഉറ്റു നോക്കുന്നത്. നാലാഴ്ചത്തെ സമയമാണ് അപ്പീല്‍ നല്‍കാന്‍ ടാറ്റയ്ക്ക് ലഭിച്ചിരിക്കുന്നത്.

മൂന്ന് സാഹചര്യങ്ങളാണ് നിരീക്ഷകരും നിക്ഷേപകരും മുന്നില്‍ കാണുന്നത്. നിലവിലെ എന്‍സിഎല്‍റ്റിഎ ട്രിബ്യൂണല്‍ വിധി അപ്പാടെ മരവിപ്പിക്കുകയും തല്‍സ്ഥിതി തുടരാന്‍ ഉത്തരവിടുകയും ചെയ്യുകയെന്നതാണ് ആദ്യ സാധ്യത. വിവിധ ഉപകമ്പനികളെ പുനര്‍ജീവിപ്പിക്കാനുള്ള നിര്‍ണായക തീരുമാനങ്ങളുമായി മുന്നോട്ടു പോകുന്ന എന്‍ ചന്ദ്രശേഖരന് അവ പൂര്‍ത്തിയാക്കാന്‍ ഇത് അവസരമൊരുക്കും. തലപ്പത്തുള്ള രത്തന്‍ ടാറ്റയ്ക്കും ഇത് ആശ്വാസകരമാവും.

അപ്പലേറ്റ് ട്രിബ്യൂണല്‍ വിധി സുപ്രീം കോടതിയും ശരി വെച്ചാല്‍ സൈറസ് മിസ്ത്രിയുടെ തിരിച്ചുവരവ് യാഥാര്‍ത്ഥ്യമാകും. കമ്പനിയുടെ അടി മുതല്‍ മുടി വരെ മാറ്റത്തിന് വഴി വെക്കുന്നതാനും ഈ സാഹചര്യം. എങ്കിലും രത്തന്‍ ടാറ്റയുടെ വിശ്വസ്തരെ ഷാപൂര്‍ജി പല്ലോന്‍ജി മിസ്ത്രി കുടുംബം വെച്ചുവാഴിക്കാന്‍ സാധ്യത തീരെ കുറവാണെന്ന പ്രശ്‌നം ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ചന്ദ്രശേഖരന്‍ സമീപകാലത്തെടുത്ത പല തീരുമാനങ്ങളും റദ്ദാക്കപ്പെടാം.

രത്തന്‍ ടാറ്റയുടെ പിടി അയയുന്നതോടെ മിസ്ത്രിക്ക് കമ്പനിയില്‍ അത്ഭുതം കാണിക്കാന്‍ സാധിക്കുമെന്ന വിലയിരുത്തലും ചില നിക്ഷേപകര്‍ പങ്കുവയ്ക്കുന്നുണ്ട്. ടാറ്റ സ്റ്റീല്‍ യൂറോപ്പ്, ഇന്ത്യന്‍ ഹോട്ടല്‍സ്, ഡോക്കോമോ, ടാറ്റ മോട്ടോഴ്സ് ഇന്ത്യ തുടങ്ങി പല ഉപകമ്പനികളും നഷ്ടത്തിലായത് നടത്തിപ്പ് പിഴവുകളും രത്തന്‍ ടാറ്റയുടെ പിടിപാടില്ലായ്മയും കൊണ്ടാണെന്ന വാദം മിസ്ത്രി അനുകൂലികള്‍ ഉന്നയിക്കുന്നു.

കോടതി വിധി അനുകൂലമായ പശ്താത്തലത്തില്‍ 2006 ല്‍ കമ്പനിയില്‍ നിന്ന് പുറത്തായ മിസ്ത്രി അഭിമാനക്ഷതം മറന്ന് ഗ്രൂപ്പിന്റെ വിശാല താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി സൗമനസ്യം കാട്ടുമെന്ന പ്രതീക്ഷയും ഉയരുന്നുണ്ട്. എന്‍ ചന്ദ്രശേഖരനെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ അനുവദിച്ചു കൊണ്ടാവും ഇത്. എന്നാല്‍ രത്തന്‍ ടാറ്റയുടെ സ്വാധീനത്തിനു തടയിടാന്‍ സാധിക്കുമെങ്കില്‍ മാത്രമേ മിസ്ത്രി ഇതിനു സന്നദ്ധനാകൂ. തന്റെ പരാതിയില്‍ ഉന്നയിച്ചിരുന്ന ക്രമക്കേടുകള്‍ സംബന്ധിച്ച് അന്വേഷണത്തിനു മിസ്ത്രി തുനിയുമോയെന്ന നിര്‍ണ്ണായക ചോദ്യവും ഉയരുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it