ഞെട്ടിച്ച് ടാറ്റ സ്റ്റീല്‍, റഷ്യയുമായുള്ള വ്യാപാരം നിര്‍ത്തലാക്കി

റഷ്യ-യുക്രെയ്ന്‍ (Russia Ukraine War) യുദ്ധത്തിനിടെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇന്ത്യന്‍ കമ്പനിയായ ടാറ്റ സ്റ്റീല്‍. റഷ്യയുമായുള്ള വ്യാപാരം അവസാനിപ്പിക്കുമെന്ന് ഇന്ത്യയിലെ മുന്‍നിര സ്റ്റീല്‍ കമ്പനിയായ ടാറ്റ സ്റ്റീല്‍ പറഞ്ഞു. നിലവില്‍ ഇന്ത്യയും റഷ്യയും സൗഹൃദത്തോടെയാണ് മുന്നോട്ടുപോകുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ റഷ്യക്കെതിരേ വിലക്കുകള്‍ ഏര്‍പ്പെടുത്തിയപ്പോള്‍, ഇന്ത്യ റഷ്യയില്‍നിന്നുള്ള പെട്രോളിയം ഇറക്കുമതി കൂട്ടുകയാണ് ചെയ്തത്. വിലക്കുകള്‍ക്കിടെ ഇന്ത്യയും റഷ്യയും അടുക്കുന്നതിനെതിരേ യുഎസും രംഗത്തെത്തിയിരുന്നു.

'ടാറ്റാ സ്റ്റീലിന് റഷ്യയില്‍ പ്രവര്‍ത്തനങ്ങളോ ജീവനക്കാരോ ഇല്ല. റഷ്യയുമായുള്ള വ്യാപാരം നിര്‍ത്താന്‍ ഞങ്ങള്‍ തീരുമാനമെടുത്തിട്ടുണ്ട്,' ടാറ്റ സ്റ്റീല്‍ () പ്രസ്താവനയില്‍ പറഞ്ഞു. കമ്പനിയുടെ ഇന്ത്യ, യുകെ, നെതര്‍ലാന്‍ഡ്‌സ് എന്നിവിടങ്ങളിലെ എല്ലാ സ്റ്റീല്‍ നിര്‍മാണ സൈറ്റുകളും റഷ്യയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുന്നതിന് അസംസ്‌കൃത വസ്തുക്കളുടെ ബദല്‍ വിതരണക്കാരെ സജ്ജമാക്കിയിട്ടുണ്ടെന്ന് ടാറ്റ സ്റ്റീല്‍ പറഞ്ഞു.
നിലവില്‍ നിരവധി ആഗോള കമ്പനികള്‍ റഷ്യക്കെതിരേ നിലപാടെടുക്കുകയും വ്യാപാരം നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്. ഏപ്രില്‍ 13ന് ഇന്ത്യയിലെ ടെക് ഭീമനായ ഇന്‍ഫോസിസ് റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കിയിരുന്നു. Oracle Corp, SAP SE എന്നിവയുള്‍പ്പെടെ നിരവധി ആഗോള ഐടി, സോഫ്‌റ്റ്വെയര്‍ കമ്പനികളും റഷ്യയിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തലാക്കിയിട്ടുണ്ട്.
ഫെബ്രുവരി 24ന് ആരംഭിച്ച യുക്രെയ്നിലെ റഷ്യന്‍ അധിനിവേശം 56 ദിവസമായി തുടരുകയാണ്. റഷ്യയുടെ നിരന്തരമായ ഷെല്ലാക്രമണം മൂലം ഉക്രെയ്‌നില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും നിരവധി വീടുകളും സ്വത്തുക്കളും നശിക്കുകയും ചെയ്തിട്ടുണ്ട്. യുക്രെയ്‌നില്‍ യുദ്ധം ഏറ്റവും കൂടുതല്‍ ബാധിച്ച നഗരം മരിയുപോളാണ്. അധിനിവേശം ആരംഭിച്ചതിന് ശേഷം അഞ്ച് ദശലക്ഷത്തിലധികം ആളുകള്‍ രാജ്യം വിട്ടുപോയതായി യുഎന്‍ പറഞ്ഞു.


Related Articles
Next Story
Videos
Share it