12,100 കോടിക്ക് മറ്റൊരു പൊതുമേഖലാ സ്ഥാപനത്തെ കൂടി സ്വന്തമാക്കി ടാറ്റ

എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ പൊതുമേഖലാ സ്ഥാപനമായ നീലാചല്‍ ഇസ്പാറ്റ് നിഗമം ലിമിറ്റഡിനെ ( എന്‍ഐഎന്‍എല്‍) ടാറ്റാ ഗ്രൂപ്പ് ഏറ്റെടുക്കുന്നു. ഒഡീഷയിലെ കലിംഗാ നഗറില്‍ പ്രവര്‍ത്തിക്കുന്ന ഇരുമ്പ് ഉരുക്ക് ശാലയാണ് എന്‍ഐഎന്‍എല്‍. 12,100 കോടിക്ക് സ്ഥാപനത്തിന്റെ 93.71 ശതമാനം ഓഹരികളാണ് ടാറ്റ സ്റ്റീല്‍ ലോങ് പ്രോഡക്ട് ഏറ്റെടുക്കുന്നത്. രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഒഡീഷ സര്‍ക്കാരിന്റെയും ഉടമസ്ഥതയിലുള്ള ഓഹരികളാണ് കൈമാറുന്നത്.

2020 മാര്‍ച്ച് മുതല്‍ പൂട്ടിക്കിടക്കുന്ന എന്‍ഐഎന്‍എല്ലിന്റെ കടബാധ്യത 6,600 കോടിയാണ്. 2020-21 സാമ്പത്തിക വര്‍ഷത്തെ കണക്ക് അനുസരിച്ച് 572 കോടി രൂപയുടെ ലാഭത്തിലാണ് ടാറ്റാ സ്റ്റീല്‍ ലോങ് പ്രോഡക്ട്‌സ് പ്രവര്‍ത്തിക്കുന്നത്. ടാറ്റാ സ്റ്റീല്‍സിന് 74.91 ശതമാനം ഓഹരികളുള്ള കമ്പനിയാണ് ടാറ്റാ സ്റ്റീല്‍ ലോങ് പ്രോഡക്ട്‌സ്.
എന്‍ഐഎന്‍എല്ലിനെ ഏറ്റെടുക്കുന്നതിലൂടെ ഒരു മില്യണ്‍ ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള പ്ലാന്റും 2,500 ഏക്കര്‍ ഭൂമിയുമാണ് ടാറ്റയ്ക്ക് ലഭിക്കുന്നത്.2030 ഓടെ എന്‍ഐഎന്‍എല്ലിന്റെ ഉല്‍പ്പാദന ശേഷി വര്‍ഷം 10 മില്യണ്‍ ടണ്ണായി ഉയര്‍ത്തുകയാണ് ടാറ്റയുടെ ലക്ഷ്യം. എന്‍ഐഎന്‍എല്ലിനെ സ്വന്തമാക്കാനുള്ള ലേലത്തില്‍ ടാറ്റയെ കൂടാതെ ജെഎസ്പിഎല്‍, എല്‍എസ്പില്‍, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ ലിമിറ്റഡ് എന്നിവരും പങ്കെടുത്തിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it