ടിസിഎസ് ബൈബാക്ക് ഓഫര്‍ നാളെ മുതല്‍

രാജ്യത്തെ പ്രമുഖ ഐടി സേവന കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ബൈബാക്ക് ഓഫര്‍ നാളെ മുതല്‍ 23 വരെയായി നടക്കും. ഫെബ്രുവരി 12 നാണ് നാല് കോടി ഓഹരികള്‍ ഉള്‍ക്കൊള്ളുന്ന ബൈബാക്ക് ഓഫര്‍ കമ്പനി പ്രഖ്യാപിച്ചത്. ഒരു ഓഹരിക്ക് 4500 രൂപ എന്ന നിരക്കിലാണ് ഓഹരികള്‍ മടക്കിവാങ്ങുന്നത്. സ്റ്റോക്ക് എക്സ്ചേഞ്ചുകളിലെ ബിഡ്ഡുകള്‍ തീര്‍പ്പാക്കുന്നതിനുള്ള അവസാന തീയതിയായി ടിസിഎസ് 2022 ഏപ്രില്‍ 1 നിശ്ചയിച്ചിട്ടുണ്ട്, ഇത് നേരത്തെ തീര്‍പ്പാക്കാന്‍ സാധ്യതയുള്ളതായി ബിഎസ്ഇ ഫയലിംഗ് വ്യക്തമാക്കുന്നു.

ടിസിഎസ് പ്രൊമോട്ടര്‍മാരായ ടാറ്റ സണ്‍സും ടാറ്റ ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡും (ടിഐസിഎല്‍) ഏകദേശം 12,993.2 കോടി രൂപയുടെ ഓഹരികള്‍ ടെന്‍ഡര്‍ ചെയ്താണ്‌ ബൈബാക്ക് ഓഫറില്‍ പങ്കെടുക്കുന്നത്. 266.91 കോടി ഓഹരികള്‍ കൈവശമുള്ള ടാറ്റ സണ്‍സ് 2.88 കോടി ഓഹരികള്‍ ടെന്‍ഡര്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. 10,23,685 ഓഹരികള്‍ കൈവശമുള്ള ടിഐസിഎല്‍ 11,055 ഓഹരികള്‍ ടെന്‍ഡര്‍ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ, 2020 ഡിസംബര്‍ 18 മുതല്‍ ജനുവരി ഒന്നുവരെയായി ടിസിഎസ് ബൈബാക്ക് ഓഫര്‍ നടത്തിയിരുന്നു. അന്ന് 16,000 കോടി രൂപയായിരുന്നു ടിസിഎസ് മടക്കി വാങ്ങിയത്. ആ ഓഫറില്‍ ടാറ്റ സണ്‍സ് 9,997.5 കോടി രൂപയുടെ ഓഹരികളാണ് റീട്ടെയ്ല്‍ നിക്ഷേപകരില്‍നിന്ന് തിരികെവാങ്ങിയത്. ഇന്ന് (12.10, 08-03-2022) ഓഹരി വില 2.5 ശതമാനം ഉയര്‍ന്ന് 3,571 രൂപ എന്ന തോതിലാണ് ടിസിഎസ് വിപണിയില്‍ വ്യാപാരം നടത്തുന്നത്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it