വരുമാനവും അറ്റാദായവും ഉയര്‍ന്നു; നിക്ഷേപകര്‍ക്ക് ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ച് ടിസിഎസ്

ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കമ്പനിയുടെ വരുമാനത്തില്‍ 16.2 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്

രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസി (TCS) ന്റെ ജൂണ്‍ പാദത്തിലെ അറ്റാദായം ഉയര്‍ന്നു. 9,478 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് ടിസിഎസ് കഴിഞ്ഞപാദത്തില്‍ രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ കാലയളവിലെ 9,031 കോടി രൂപയേക്കാള്‍ 5.2 ശതമാനം വര്‍ധനവാണിത്. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ കമ്പനിയുടെ വരുമാനം 16.2 ശതമാനം ഉയര്‍ന്ന് 52,758 കോടി രൂപയായി. മുന്‍വര്‍ഷമിത് 45,411 കോടി രൂപയായിരുന്നു.

അതേസമയം മുന്‍പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ടിസിഎസിന്റെ അറ്റാദായം 9,959 കോടി രൂപയില്‍ നിന്ന് 4.82 ശതമാനം ഇടിഞ്ഞു. 51,572 കോടി രൂപയില്‍ നിന്ന് െ്രെതമാസിക വരുമാനം 2.29 ശതമാനം വര്‍ധിച്ചു. 2022 ജൂണ്‍ പാദത്തില്‍ ടിസിഎസിന്റെ മൊത്തം ചെലവ് 19.95 ശതമാനം ഉയര്‍ന്ന് 40,572 കോടി രൂപയായി, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 33,823 കോടി രൂപയായിരുന്നു. ബിഎസ്ഇ ഫയലിംഗ് പ്രകാരം ജീവനക്കാരുടെ ചെലവ് 18.23 ശതമാനം ഉയര്‍ന്ന് 25,649 കോടി രൂപയില്‍ നിന്ന് 30,327 കോടി രൂപയായി.
ജൂണ്‍ പാദത്തില്‍ കമ്പനി 14,136 ജീവനക്കാരെയാണ് നിയമിച്ചത്. ജൂണ്‍ 31 വരെ കമ്പനിയുടെ മൊത്തം തൊഴിലാളികളുടെ എണ്ണം 6,06,331 ആണ്.
കമ്പനി ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ ഇക്വിറ്റി ഷെയറിനും 8 രൂപയാണ് ഇടക്കാല ലാഭവിഹിതമായി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച ടിസിഎസിന്റെ ഓഹരികള്‍ ബിഎസ്ഇയില്‍ 22.10 രൂപ അഥവാ 0.67 ശതമാനം ഇടിഞ്ഞ് 3,264.85 രൂപയിലാണ് ക്ലോസ് ചെയ്തത്.


Related Articles
Next Story
Videos
Share it