സാങ്കേതിക വിദ്യ പ്രവര്ത്തന ചെലവ് കുറയ്ക്കും, കാര്യക്ഷമത വര്ധിപ്പിക്കും

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലേക്ക് കണ്ണോടിക്കുമ്പോള്‍ എല്‍.പി.ജി (ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം, ആഗോളവല്‍ക്കരണം) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സാമ്പത്തിക പരിഷ്‌കാരമാണ് നമ്മുടെ രാജ്യത്തിന്റെ നയങ്ങളില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടാക്കിയത്. ആഗോളതലത്തില്‍ ഇന്ത്യയെ ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാക്കാനുദ്ദേശിച്ച് നടപ്പാക്കിയ ഈ പരിഷ്‌കാരം ഇന്ന് ആഗോളതലത്തില്‍ നമ്മുടെ രാജ്യത്തിന്റെ സ്ഥാനം ഉയര്‍ത്തിയെന്ന് മാത്രമല്ല കേരളത്തിന്റെ സാമ്പത്തിക വികസനത്തിലും വന്‍ മാറ്റമാണുണ്ടാക്കിയത്.

ഇന്ന് കേരളം സമ്പദ്‌വ്യവസ്ഥയുടെ വലുപ്പത്തില്‍ ഇന്ത്യയില്‍ 13-ാം സ്ഥാനത്താണ്. കേരള കമ്പനികള്‍, പ്രത്യേകിച്ച് ധനകാര്യമേഖലയിലുള്ളവ ഇന്ത്യയിലെമ്പാടും പടര്‍ന്നു പന്തലിച്ചിരിക്കുന്നു.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ മൂലക്കല്ലായ ധനകാര്യസേവനമേഖല അപ്പാടെ മാറി. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ആധിപത്യമുണ്ടായിരുന്ന ഈ മേഖലയില്‍ സ്വകാര്യസംരംഭങ്ങളുടെ പങ്കാളിത്തം കൂടി. ഇന്ന് അവയാണ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്.

രാജ്യത്തെ അര്‍ധ നഗരപ്രദേശങ്ങളെടുത്താല്‍ കേരളത്തിലാണ് ഏറ്റവും അധികം ബാങ്ക് ശാഖകള്‍ - മാര്‍ച്ച് 2016ലെ കണക്കനുസരിച്ച് 6,166 ശാഖകള്‍

കേരളത്തിലെ ആറില്‍ ഒരാള്‍ വിദേത്ത് ജോലി ചെയ്യുന്നു. വിദേശത്തുനിന്നുള്ള പണം വരവ് 1997-98ല്‍ 50,266 കോടിയായിരുന്നത് 2016-17ല്‍ 3,66,593 കോടിയായി ഉയര്‍ന്നിരിക്കുന്നു. ഇത് കേരളത്തിന്റെ ജിഡിപിയുടെ 36 ശതമാനത്തിലധികം വരും.

വരാനിരിക്കുന്ന മാറ്റങ്ങള്‍

ധനകാര്യരംഗം ആഗോളതലത്തില്‍, പ്രത്യേകിച്ചും ഇന്ത്യയില്‍ അതിവേഗത്തിലുള്ള മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. തന്ത്രപരമായ ഫോക്കസും ടെക്‌നോളജിയുടെ കരുത്തും ഊര്‍ജസ്വലമായ പ്രവര്‍ത്തനശൈലിയും കൊണ്ടുമാത്രമേ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തലയെടുപ്പോടെ നില്‍ക്കാനാകൂ. ടെക്‌നോളജിയുടെ സഹായത്താല്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഒന്നാംനിര രണ്ടാംനിര നഗരങ്ങള്‍ക്കപ്പുറത്തേക്ക് തങ്ങളുടെ സേവനങ്ങള്‍ വ്യാപിപ്പിക്കാന്‍ കഴിയും. സോഷ്യല്‍മീഡിയ ഉപയോഗിച്ച് പുതിയ അവസരങ്ങള്‍ കണ്ടെത്താനും കഴിയും.

ഡാറ്റയുടെ ലഭ്യതയും അത് ഖനനം ചെയ്യാനുള്ള കഴിവുമായിരിക്കും ഭാവിയില്‍ ധനകാര്യസേവനരംഗത്ത് സംഭവിക്കുന്ന എല്ലാത്തിന്റെയും കേന്ദ്രബിന്ദു.

ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതിലും നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിലുമൊക്കെ കൃത്രിമബുദ്ധി, ബ്ലോക് ചെയ്ന്‍ മുതലായ ആധുനിക സാങ്കേതിക വിദ്യകള്‍ സഹായിക്കും.

അത് പ്രവര്‍ത്തനചെലവ് കുറയ്ക്കാനും കാര്യക്ഷമത വര്‍ധിക്കാനും ഇടയാക്കുകയും ചെയ്യും. ഏറ്റവും വലിയ മാറ്റം കൊണ്ടുവരാന്‍ പോകുന്നത് ഫിന്‍ടെക് കമ്പനികളായിരിക്കും. മൊബീല്‍ ആപ്പുകള്‍, ബിഗ് ഡാറ്റ എന്നിവയെല്ലാം ഉപയോഗപ്പെടുത്തി ഇവ പരമ്പരാഗത ധനകാര്യസ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കാതിരുന്ന പുതുതലമുറ സേവനങ്ങളെല്ലാം പ്രദാനം ചെയ്യും.

സംരംഭകര്‍ ചെയ്യേണ്ടത്

മാറ്റങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും കാലത്ത് വിജയിക്കാന്‍ ഒരു സംരംഭകന് ഏറ്റവും ആവശ്യം പോസിറ്റീവായ മനോഭാവമാണ്. തുറന്ന മനസോടെ പ്രവര്‍ത്തിക്കുകയും അനുകൂല, പ്രതികൂല സാഹചര്യങ്ങളെ വിലയിരുത്തി വേണ്ടിവന്നാല്‍ തീരുമാനങ്ങളില്‍ മാറ്റം വരുത്തുകയും വേണം. സാഹചര്യങ്ങള്‍ക്കൊത്ത് പ്രവര്‍ത്തനശൈലി രൂപപ്പെടുത്തുന്ന അയവുള്ള സമീപനമാണ് ആവശ്യം.

സംരംഭകര്‍ പരാജയത്തോട് ഒരു പോസിറ്റീവ് മനോഭാവം പുലര്‍ത്തേണ്ടതും അനിവാര്യമാണ്. പരാജയം പഠനപ്രക്രിയയുടെ ഒരു ഭാഗം മാത്രമാണെന് തിരിച്ചറിയുന്നവരാണ് വിജയികളായ സംരംഭകര്‍. അവര്‍ എന്ത് തിരിച്ചടികളുണ്ടായാലും ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it