റിന്യൂവബ്ള്‍ എനര്‍ജി: ലക്ഷ്യത്തിലെത്താന്‍ വേണ്ടത് 564 ശതകോടി ഡോളര്‍

പുനരുപയോഗ ഊര്‍ജ മേഖലയില്‍ സുസ്ഥിരതയും ലക്ഷ്യത്തിലെത്തുകയും ചെയ്യണമെങ്കില്‍ ഇന്ത്യക്ക് ഇനിയും വന്‍തുക ചെലവിടേണ്ടി വരും. നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സുജായ് ബോസിനെ ഉദ്ധരിച്ച് ഇത് 560 ശതകോടി ഡോളര്‍ വരെയാകാമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 3,5 ലക്ഷം കോടി ഡോളര്‍ വരുന്ന ഇന്ത്യയുടെ ജിഡിപിയുടെ ഏഴിലൊന്നിലേറെ വരും ഈ തുക.

ഹരിതവാതക മുക്തമാക്കുക എന്ന നെറ്റ് സീറോ 2070 ലേക്കുള്ള ലക്ഷ്യം രാജ്യത്തിന് കൈവരിക്കണമെങ്കില്‍ ലക്ഷക്കണക്കിന് കോടി ഡോളര്‍ ചെലവിടേണ്ടി വരുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
നിലവില്‍ ഇന്ത്യയുടെ വൈദ്യുതി ആവശ്യത്തിന്റെ 40 ശതമാനം റിന്യൂവബ്ള്‍, ഹൈഡ്രോ പവര്‍ മേഖലയില്‍ നിന്നാണ്. 2030 ഓടെ ഇത് 70 ശതമാനത്തിലെത്തിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതിനായി 200 ശതകോടി ഡോളറിലേറെ വേണ്ടി വരുമെന്നാണ് സുജോയ് ബോസ് പറയുന്നത്. നിലവില്‍ 160 ജിഗാവാട്ട് ആണ് രാജ്യത്തിന്റെ റിന്യൂവബ്ള്‍ എനര്‍ജി ഉല്‍പ്പാദനം. 2030 ഓടെ ഇത് 500 ജിഗാവാട്ടായി ഉയര്‍ത്തുകയാണ് ലക്ഷ്യം.
നിലവിലുള്ള ആകെ വൈദ്യുതി ഉല്‍പ്പാദനമായ 404 ജിഗാവാട്ട് 2030 ഓടെ 820 ജിഗാവാട്ടായി ഉയര്‍ത്താമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
നെറ്റ് സീറോ എന്ന ലക്ഷ്യത്തിലെത്താന്‍ ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഇതിനായി ചുരുങ്ങിയത് 160 ശതകോടി ഡോളര്‍ നിക്ഷേപം വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.
വൈദ്യുത വാഹനങ്ങള്‍ വ്യാപകമാക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. ഇതിനായി 200 ശതകോടി ഡോളറിന്റെ നിക്ഷേപം ആവശ്യമായി വരുമെന്നും അദ്ദേഹം പറയുന്നു.


Related Articles
Next Story
Videos
Share it