ഇനി, എൻജിനീയർ ആകണോ? ഈ പാഠങ്ങൾ കൂടുതൽ പഠിക്കണം

എഞ്ചിനീയറിംഗ് പഠിച്ചു ഒരു ജോലിയുമില്ലാതെ ചുറ്റിക്കറങ്ങുന്നവരുടെ എണ്ണം കൂടി വരുകയാണ്. എഞ്ചിനീയറിംഗ് പഠനത്തിന്റെ ഫലമായി സാങ്കേതിക അറിവുകൾ കൂടുന്നുണ്ടെങ്കിലും പ്രാക്ടിക്കൽ ജീവിതത്തിൽ പലരും പരാജയപ്പെടുന്നതായി കാണുന്നു. ഇതിനൊരു പരിഹാരമായി എഞ്ചിനീയറിംഗ് വിദ്യാഭ്യാസം കൂടുതൽ വ്യവസായ ബന്ധിതമാക്കാനും നവീകരിക്കാനുമായി വ്യവസായികളും സാങ്കേതിക വിദഗ്ധരുമടങ്ങുന്ന നവീകരണ വ്യവസായ കൗൺസിൽ (ഇന്നൊവേഷൻ ഇൻഡസ്ട്രി കൗൺസിൽ) ആരംഭിക്കാൻ സാങ്കേതിക സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു.

വിക്രം സാരാഭായി സ്പേസ് സെൻറർ ഡയറക്ടർ ഡോക്ടർ എസ്.സോമനാഥന്റെ നേതൃത്വത്തിലാകും കൗൺസിൽ. യൂണിവേഴ്സിറ്റികളിലെ അക്കാഡമിക് ഗവേഷണ കൗൺസിലുകൾക്കുള്ള സ്റ്റാറ്റ്യൂട്ടറി അധികാരങ്ങൾ, വ്യവസായ കൗൺസിലിനും നൽകാൻ സർവകലാശാല ആക്ട് ഭേദഗതി ചെയ്യാൻ സർക്കാരിന് ശുപാർശ നൽകും. പുതിയ കൗൺസിൽ എൻജിനിയറിഗ് പാഠ്യ പദ്ധതിയും പഠനരീതിയും അപഗ്രഥിക്കുകയും മാറ്റങ്ങൾ വരുത്തുകയും കോഴ്സുകൾ കൂടുതൽ തൊഴിധിഷ്ഠിതമാക്കുകയും ചെയ്യും. വിദ്യാർത്ഥികൾക്ക് തൊഴിൽ ഉറപ്പു നൽകുന്ന വൈദഗ്ധ്യവും നൈപുണ്യവും പഠനകാലയളവിൽ തന്നെ ആർജ്ജിക്കാവുന്ന രീതിയിൽ വ്യവസായ ബന്ധിതമായ ഇന്റേണ്‍ഷിപ്പുകളും പ്രൊജക്ടുകളും അധിക വിഷയങ്ങളും പാഠ്യപദ്ധതിയുടെ ഭാഗമാക്കും.

വൈജ്ഞാനിക സമൂഹ നിർമ്മിതിക്കാവശ്യമായ തൊഴിലധിഷ്ഠിത കോഴ്സുകൾ രൂപീകരിക്കുക, നിലവിലെ കോഴ്സുകളിലെ വിജ്ഞാന നൈപുണ്യ ന്യൂനതകൾ പരിഹരിച്ച് നവീകരിക്കുക. വ്യവസായശാലകളുടെ പങ്കാളിത്തത്തോടെയുള്ള പരീക്ഷണശാലകൾ കോളേജുകളിൽ ആരംഭിക്കുക തുടങ്ങിയവയും കൗൺസിലിന്റെ ചുമതലയാണ്. സാങ്കേതിക സർവ്വകലാശാലയുടെ പുതിയ തീരുമാനം സ്വാഗതാർഹമാണെന്ന് എഞ്ചിനീയറിംഗ് കോളേജ് അധ്യാപകനും തിരുവനന്തപുരം ഫ്യൂചർ ടെക്ക് സൊലൂഷൻസ് ഡയറക്ടറുമായ ഡോ.വൈ..ജോൺസൺ അഭിപ്രായപ്പെട്ടു. പാഠ്യപദ്ധതിയും വ്യവസായ പരിശീലനവും ഒരുമിച്ചു കൈകോർത്ത് കൊണ്ടുപോയാൽ സംസ്ഥാനത്തും രാജ്യത്തും വലിയ മാറ്റമായിരിക്കും ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.


Related Articles
Next Story
Videos
Share it