ഭക്ഷണം വിൽക്കുന്ന ആരും ഈ നമ്പർ മറക്കണ്ട; തട്ടുകടകള്‍ക്കും ബാധകം

ഭക്ഷണം വിൽക്കുന്ന ആർക്കും ഭക്ഷ്യസുരക്ഷാ നമ്പർ നിർബന്ധമായും ഇനി ഉണ്ടായിരിക്കണം. തട്ടുകടകൾ ഉൾപ്പെടെ ചെറുതും വലുതുമായ ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ ഇത് ബാധകമാണ്. ഭക്ഷ്യ വ്യാപാരികൾ നൽകുന്ന ബില്ലുകളിൽ ഭക്ഷ്യ സുരക്ഷ ഗുണനിലവാര അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ) നൽകുന്ന നമ്പർ ആണ് ഭക്ഷ്യസുരക്ഷാ നമ്പർ.

ഭക്ഷ്യ വ്യാപാരികൾ നൽകുന്ന ബില്ലുകൾക്ക്‌ പുറമെ ക്യാഷ് മെമ്മോ, രസീതുകൾ എന്നിവയിലും രജിസ്ട്രേഷൻ നമ്പർ നിർബന്ധമായും രേഖപ്പെടുത്തണം. ജി.എസ്.ടി., ഇ-വേ ബില്ലുകളിലും, സിസ്റ്റം ജനറേറ്റ് ചെയ്യുന്ന സർക്കാർ രേഖകൾക്കും മാത്രമാണ് ഇളവ് നൽകിയിട്ടുള്ളത്. 2006-ൽ ആണ് സുരക്ഷാ നമ്പർ വേണമെന്നുള്ള ഉത്തരവിറങ്ങിയതെങ്കിലും പലരും അത് കാര്യമാക്കിയിരുന്നില്ല. ഇതിനെ തുടർന്ന് നിർബന്ധമാക്കിയുള്ള പുതിയ ഉത്തരവ് ഇറങ്ങുകയായിരുന്നു. 12 ലക്ഷം രൂപക്ക് മുകളിൽ ഒരു വർഷം വിറ്റ് വരവുള്ളവർക്ക്, ഭക്ഷ്യാസുരക്ഷാ നമ്പറിനും ലൈസൻസിനുമായി 2000രൂപയും, അതിന് താഴെയുള്ളവർക്ക് 100രൂപ രജിസ്ട്രേഷൻ ഫീസുമാണ് ഭക്ഷ്യസുരക്ഷാ നമ്പറിന് വേണ്ടി അടക്കേണ്ടതെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റാറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ സെക്രട്ടറി എൻ.പ്രതീഷ് 'ധന' ത്തോട് പറഞ്ഞു. തട്ടുകടകൾക്ക്‌ പുറമെ വീടുകളിൽ ഇരുന്ന് കേക്ക് നിർമ്മിക്കുന്നവർ വരെ ഈ സുരക്ഷാ നമ്പർ എടുത്തിരിക്കണമെന്ന് അദ്ദേഹം അറിയിച്ചു.

ഹോട്ടലുകൾ, റസ്റ്റോറൻറുകൾ, തട്ടുകടകൾ, തുടങ്ങി എല്ലാ ഭക്ഷണശാലകളിലും ബേക്കറി, മിഠായി വിൽപന, പലചരക്ക് സ്ഥാപനങ്ങൾ തുടങ്ങി എല്ലാ റീട്ടെയിൽ സ്ഥാപനങ്ങളിലും ലൈസൻസ് നമ്പർ രേഖപ്പെടുത്തിയ ബോർഡ് നിർബന്ധമാക്കിയും ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി ബോർഡുകൾക്ക് വിവിധ നിറം നൽകിയിട്ടുണ്ട്. ഹോട്ടൽ, റസ്റ്റോറൻറ്, തട്ടുകട, തെരുവോര കച്ചവടം (പർപ്പിൾ നിറം) പഴം, പച്ചക്കറി (പച്ച), ഇറച്ചി വിൽപന (ചുവപ്പ്), പാൽ, വിൽപ്പന (നീല), ചെറുകിട പലചരക്ക് വ്യാപാരം (ചാരനിറം), മദ്യവിൽപന (തവിട്ട്) ട്രാൻസ്പോർട്ടേഷൻ വിതരണം (നേവി ബ്ലൂ), സ്റ്റോറേജ് (മഞ്ഞ) എന്നിങ്ങനെയാണ് നിറങ്ങൾ. പക്ഷെ നമ്പർ കളർ ബോർഡിൽ പ്രദർശിപ്പിക്കണമെന്നുള്ള നിയമം പെട്ടെന്നാണ് വന്നതെന്നും ഓരോ കടകളിലും ഇത് പ്രാവർത്തികമാക്കാൻ സമയമെടുക്കുമെന്നും പ്രതീഷ് പറഞ്ഞു.



Related Articles
Next Story
Videos
Share it