വിദേശ പഠനത്തിനായി ഏറ്റവുമധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പോകുന്നത് ഈ 4 രാജ്യങ്ങളിലേക്ക്

ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം പേര്‍ വിദേശ വിദ്യാഭ്യാസം തേടി പോകുന്നത് യു.സ്, യു.കെ, ഓസ്‌ട്രേലിയ, കാനഡ എന്നിവടങ്ങളിലേക്കെന്ന് റിപ്പോര്‍ട്ട്. വണ്‍സ്റ്റെപ്പ് ഗ്ലോബല്‍ യൂണിവേഴ്സിറ്റി ലിവിംഗ് റിപ്പോര്‍ട്ട് അനുസരിച്ച് ഈ നാല് രാജ്യങ്ങളിലായി ഏകദേശം 8.5 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നു.

വിവിധ കോഴ്‌സുകളില്‍ പഠിക്കാനും പിന്നീട് 'സ്റ്റേ ബാക്ക്' ഓപ്ഷനിലൂടെ ജോലി ചെയ്യാനും സ്ഥിര പൗരന്മാരാകാനുമൊക്കെ പണ്ട് മുതലേ ഈ രാജ്യങ്ങളിലേക്കാണ് വിദ്യാര്‍ത്ഥികളുടെ ഒഴുക്ക്. എന്നാല്‍ ഏറ്റവുമധികം ഇന്ത്യക്കാര്‍ എത്തുന്ന രാജ്യങ്ങളും ഇവയാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഈ രാജ്യങ്ങള്‍ക്കൊപ്പം ജര്‍മനി, കിര്‍ഗിസ്ഥാന്‍, അയര്‍ലന്‍ഡ്, സിംഗപ്പൂര്‍, റഷ്യ, ഫിലപ്പീന്‍സ്, ഫ്രാന്‍സ്, ന്യൂസിലാന്‍ഡ് എന്നിവയുള്‍പ്പെടെ മറ്റ് രാജ്യങ്ങളും ഇന്ത്യൻ വിദ്യാർഥികൾ പഠിക്കാൻ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയിലുണ്ട്.

ഇന്ത്യയില്‍ നിന്നും ഏറ്റവുമധികം പേര്‍ വിദേശത്തേക്ക് പഠനത്തിനായി പോകുന്നത് പഞ്ചാബില്‍ നിന്നാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 12.5 ശതമാനമാണിത്. വിദേശ വിദ്യാഭ്യാസം തേടിപ്പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ആന്ധ്രാപ്രദേശ്/തെലങ്കാന (12.5ശതമാനം), മഹാരാഷ്ട്ര (12.5ശതമാനം), ഗുജറാത്ത് (8 ശതമാനം), ഡല്‍ഹി/എന്‍സിആര്‍ (8ശതമാനം), തമിഴ്നാട് (8ശതമാനം), കര്‍ണാടക (6ശതമാനം) എന്നിവരും മുന്നിലുണ്ട്. മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നായി 33 ശതമാനം വിദ്യാര്‍ത്ഥികളും വിദേശ പഠനം നേടുന്നു.

സമ്പദ്‌വ്യവസ്ഥയിലേക്ക്

ഇന്ത്യയില്‍ നിന്ന് യു.എസിലേക്ക് പഠിക്കാനെത്തിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍(ഏകദേശം 2.4ലക്ഷം) യു.എസ് സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുന്നത് 12.48 ബില്യണ്‍ ഡോളറാണെന്നാണ് (1.03 ലക്ഷം കോടി രൂപ) ബിയോണ്ട് ബെഡ്‌സ്‌&ബൗണ്ടറീസ്: ഇന്ത്യന്‍ സ്റ്റുഡന്റ് മൊബിലിറ്റി റിപ്പോര്‍ട്ട്, 2023'ല്‍ പറയുന്നത്.

യു.എസില്‍ ചെലവഴിക്കുന്ന അക്കാദമിക് ഫീസ് മാത്രം 7.2 ബില്യണ്‍ ഡോളറും താമസത്തിനായി 2.9 ബില്യണ്‍ ഡോളറും മറ്റ് ജീവിത ചെലവുകള്‍ക്കായി 2.4 ബില്യണ്‍ ഡോളറും ഉള്‍പ്പെടുന്നു.

അത്‌പോലെ കാനഡയിലുള്ള വിദ്യാര്‍ത്ഥികള്‍ (ഏകദേശം 3 ലക്ഷം) 11.7 ബില്യണ്‍ ഡോളര്‍ (97,110 കോടി രൂപ) ആണ് സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുന്നത്. അക്കാദമിക് ഫീസ് 6 ബില്യണ്‍ ഡോളറും താമസച്ചെലവുകള്‍ക്കായി 3 ബില്യണ്‍ ഡോളറും ജീവിത ചെലവുകള്‍ക്കായി 2.7 ബില്യണ്‍ ഡോളറും ചേരുന്നതാണ്.

യു.കെയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍(ഏകദേശം1.32 ലക്ഷം) 5.9 ബില്യണ്‍ ഡോളറാണ്(48,970 കോടിരൂപ) സമ്പദ്‌വ്യവസ്ഥയിലേക്ക് ചേര്‍ക്കുന്നത്. അക്കാദമിക് ഫീസ് ആയി 3.4ബില്യണ്‍ ഡോളറും താമസ സൗകര്യങ്ങള്‍ക്കായി 1.3 ബില്യണ്‍ ഡോളറും ജീവിത ചെലവുകള്‍ക്കായി 1.2 ബില്യണ്‍ ഡോളറുമുള്‍പ്പെടുന്നതാണ് ഇത്.

ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ (ഏകദേശം 76,500) 3.9 ബില്യണ്‍ ഡോളറാണ് (32,370 കോടി രൂപ),1.68 ബില്യണ്‍ ഡോളര്‍ ആണ് ഇതില്‍ അക്കാദമിക് ഫീസ് വരും. 0.99 ബില്യണ്‍ ഡോളര്‍ ആണ് താമസ സൗകര്യങ്ങള്‍ക്കായി ഇവിടെ വിദ്യാര്‍ത്ഥികള്‍ ചെലവിടുന്നത്. 1.22 ബില്യണ്‍ ഡോളര്‍ ആണ് ഇവിടെ മറ്റ് ആവശ്യങ്ങൾക്കായി വിദ്യാര്‍ത്ഥികള്‍ ചെലവിടുന്നത്.

2019ല്‍ ഏകദേശം 11 ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് വിദേശ പഠനത്തിനായി വിവിധ രാജ്യങ്ങളിലേക്ക് പോയിരുന്നതെങ്കില്‍ ഇത് 2022ഓടെ 13.24 ലക്ഷം ആയി വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. 15 ശതമാനമാണ് ഇപ്പോഴുള്ള വളര്‍ച്ചാ നിരക്കെന്നും 2025ഓടെ ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 20ലക്ഷത്തിലേക്ക് ഉയരുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതോടൊപ്പം വിദേശ പഠനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികളുടെ ചെലവഴിക്കലും ഉയര്‍ന്നിട്ടുണ്ട്.

2025ഓടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിവിധ വിദേശ രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥയിലേക്ക് 70 ബില്യണ്‍ ഡോളറോളം സംഭാവന ചെയ്‌തേക്കുമെന്നാണ് ഇവരുടെ കണക്കു കൂട്ടല്‍.

(This Report is based on the University Living study Report titled, ‘Beyond Beds & Boundaries: Indian Student Mobility Report, 2023’.)

Related Articles
Next Story
Videos
Share it