ഭക്ഷ്യ മേഖലയില്‍ നേട്ടം കൊയ്യാം; എന്തൊക്കെയാണ് മുന്‍ കരുതല്‍

സ്വന്തമായി ബിസിനസ് ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ മേഖലയാണ് ഭക്ഷ്യസംസ്‌കരണം. താല്‍പര്യമുള്ള ഏതൊരാള്‍ക്കും കുറഞ്ഞ മുതല്‍മുടക്കില്‍ ഭക്ഷ്യ ബിസിനസ് ആരംഭിക്കാനാകും. ചെറുകിട വ്യവസായ രംഗത്തെ ഏറെ സാധ്യതയുള്ള ഭക്ഷ്യ ബിസിനസ് മികച്ച ലാഭം നല്‍കുന്നവയാണ്. അധികം കടബാധ്യതകളോ പരിസ്ഥിതി പ്രശ്നങ്ങളോ ഇവ കൊണ്ട് ഉണ്ടാകില്ല എന്നതിനാല്‍ വിപണിയില്‍ ശോഭിക്കാനുമാകും. യുവാക്കള്‍ കൂടുതലായി ഭക്ഷ്യ ബിസിനസിലേക്ക് കടന്നുവരുന്നുണ്ട്. ഫുഡ് ട്രക്ക്, മോഡേണ്‍ തട്ടുകട തുടങ്ങിയ നൂതന ആശയങ്ങളാണ് യുവതലമുറ കൊണ്ടുവരുന്നത്. ആര്‍ട്ട് കഫേയും കോഫി ഷോപ്പും തന്നെ തനി നൂതനമായാണ് അവതരിപ്പിക്കുന്നത്.

ഭക്ഷ്യ ബിസിനസ് ആരംഭിക്കാന്‍

കാഴ്ചയില്‍ ചെലവേറിയതാണെന്ന് തോന്നിക്കുമെങ്കിലും ഇവിടങ്ങളില്‍ കുറഞ്ഞ തുകയ്ക്ക് ഉല്‍പന്നങ്ങള്‍ ലഭ്യമാണ്. ഇനി പുതുതായി ഭക്ഷ്യ് ബിസിനസിലേക്ക് കടന്നുവരുന്നവരോട്, നിങ്ങള്‍ ബിസിനസ് തുടങ്ങാനുള്ള പണവും സ്ഥലവും ആളുകളേയും കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അടുത്തതായി ആലോചിക്കേണ്ടത് സംരംഭം തുടങ്ങാന്‍ നിയമപരമായ എന്തൊക്കെ കാര്യങ്ങള്‍ ആവശ്യമാണ് എന്നാണ്. പഞ്ചായത്ത്/ മുനിസിപ്പാലിയുടെ അനുമതി, ഭക്ഷ്യ സുരക്ഷ സര്‍ട്ടിഫിക്കറ്റ്, ആരോഗ്യവകുപ്പ് അധികൃതരുടെ അനുമതി തുടങ്ങി നിരവധി കടമ്പകള്‍ കടന്നാല്‍ മാത്രമേ ഒരാള്‍ക്ക് ഹോട്ടല്‍ ഉള്‍പ്പടെയുള്ള ഭക്ഷ്യ ബിസിനസ് ആരംഭിക്കാനാകുകയുള്ളൂ.

നിയമപ്രകാരം എഫ്എസ്എസ്എഐ, പായ്ക്കര്‍, ജിഎസ്ടി എന്നിവയും സംരംഭത്തിന് ബാധകമായ രീതിയില്‍ എടുത്തിരിക്കണം. വീട്ടില്‍നിന്നായാലും പുറത്തുനിന്നായാലും ഭക്ഷ്യ ബിസിനസ് ആരംഭിക്കാന്‍ ചില ലൈസന്‍സുകളും ആവശ്യമാണ്. കഴിക്കാന്‍ ഉപയോഗിക്കുന്ന ഏതൊരു ഭക്ഷ്യ ഉത്പന്നത്തിന്റെയും ഉത്പാദനം, വിപണനം, വിതരണം,സൂക്ഷിക്കല്‍, കയറ്റുമതി, ഇറക്കുമതി, ഗതാഗതം എന്നിവയ്ക്ക് ലൈസന്‍സ് അല്ലെങ്കില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. ഓണ്‍ലൈനായി മാത്രമേ രജിസ്ട്രേഷന്‍/ ലൈസന്‍സ് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയുകയുള്ളൂ. എഫ്എസ്എസ്എഐയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി www.fssai.gov.in വേണം അപേക്ഷ സമര്‍പ്പിക്കാന്‍.

ഭക്ഷ്യ ബിസിനസ് രജിസ്ട്രേഷന്

വാര്‍ഷിക വിറ്റുവരവ് 12 ലക്ഷം രൂപയില്‍ താഴെ വരുന്ന സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. ദിവസം 100 കിലോഗ്രാമില്‍ താഴെ ഖര ഭക്ഷ്യസാധനങ്ങളും 100 ലിറ്ററില്‍ താഴെ ദ്രാവകഭക്ഷ്യവും ഉല്‍പാദിപ്പിക്കുന്ന സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. പ്രതിദിനം രണ്ട് വലിയ മൃഗങ്ങള്‍, 10 ചെറിയ മൃഗങ്ങള്‍, 50 പക്ഷികള്‍ എന്നിവയെ അറുത്ത് വില്‍ക്കുന്നവര്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. 100 രൂപയാണ് വാര്‍ഷിക രജിസ്ട്രേന്‍ ഫീസ്.

ഫീസ് അടച്ച് ആധാര്‍ കാര്‍ഡും ഫോട്ടോയും നല്‍കി തൊട്ടടുത്ത അക്ഷയകേന്ദ്രത്തില്‍ നിന്ന് രജിസ്ട്രേഷന്‍ എടുക്കാം. രജിസ്ട്രേഷന്‍ അല്ലെങ്കില്‍ ലൈസന്‍സ് അഞ്ച് വര്‍ഷത്തേക്ക് ഒരുമിച്ച് എടുക്കാം. ഫോം 'എ' യിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഭക്ഷ്യ സേഫ്റ്റി ഓഫീസര്‍ അഥവ ഫുഡ് ഇന്‍സ്പെക്ടര്‍ ആണ് സംരംഭം ആരംഭിക്കുന്നതിനുള്ള അനുമതി നല്‍കുന്നത്. ഓരോ നിയമസഭാ മണ്ഡലത്തിലും ഒരു ഫുഡ് ഇന്‍സ്പെക്ടറെ നിയമിച്ചിട്ടുണ്ടാകും.

ഭക്ഷ്യ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷ ഫോം 'ബി' യില്‍ സമര്‍പ്പിക്കണം. ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറാണ് അനുമതി നല്‍കുക. നിര്‍മാണ സ്ഥാപനങ്ങളില്‍ നിന്ന് 3,000 രൂപയും മറ്റുള്ളവരില്‍നിന്ന് 2,000 രൂപയും വാര്‍ഷിക ഫീസായി ഈടാക്കും. വാര്‍ഷിക വിറ്റുവരവ് 12 ലക്ഷം രൂപയില്‍ കൂടുതല്‍ ഉള്ളവരാണ് ലൈസന്‍സ് എടുക്കേണ്ടത്. പ്രതിദിനം 100 കിലോഗ്രാമിന് മുകളില്‍ ഖരഭക്ഷ്യവും 100 ലിറ്ററിനു മുകളില്‍ ദ്രാവകഭക്ഷ്യവും ഉല്‍പാദിപ്പിക്കുന്നവര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാണ്.

രണ്ട് മുതല്‍ 50 വരെ വലിയ മൃഗങ്ങളെയും 10 മുതല്‍ 150 വരെ ചെറിയ മൃഗങ്ങളെയും 50 മുതല്‍ 100 വരെ പക്ഷികളെയും വില്‍ക്കുന്ന അറവ് കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ദിവസം 500 കിലോഗ്രാമം വരെ മാംസം സംസ്‌കരിക്കുന്നവര്‍, രണ്ട് ടണ്‍ വരെ ഭക്ഷ്യവസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്നവര്‍, ഭക്ഷ്യഎണ്ണ ശുദ്ധീകരിക്കുന്നവര്‍, റീ ലേബലിങ് നടത്തുന്നവര്‍, റീപായ്ക്ക് ചെയ്യുന്നവര്‍ എന്നിവരും ലൈസന്‍സ് എടുക്കണം. ഒന്നില്‍ കൂടുതല്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഓരോ ജില്ലയിലും പ്രത്യേകം ലൈസന്‍സ് ഉണ്ടായിരിക്കണം.

സെന്‍ട്രല്‍ ലൈസന്‍സ്

കൂടുതല്‍ അളവില്‍ ഉത്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്ന വലിയ സ്ഥാപനങ്ങളാണ് സെന്‍ട്രല്‍ ലൈസന്‍സ് എടുക്കേണ്ടത്. ഉദാഹരണത്തിന് കയറ്റുമതി അല്ലെങ്കില്‍ ഇറക്കുമതി ചെയ്യുന്നവര്‍ക്ക് സെന്‍ട്രല്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. റെയില്‍വേ, എയര്‍പോര്‍ട്ട്, സീപോര്‍ട്ട് തുടങ്ങിയ രംഗത്തുള്ളവര്‍ക്കും ഒന്നില്‍ കൂടുതല്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും ഈ ലൈസന്‍സ് നിര്‍ബന്ധമാണ്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നവരും സെന്‍ട്രല്‍ ലൈസന്‍സ് ആണ് എടുക്കണം.

സെന്‍ട്രല്‍ ലൈസന്‍സിങ് അതോറിറ്റിയുടെ കീഴില്‍ നിന്നാണ് ലൈസന്‍സ് എടുക്കേണ്ടത്. ആധാര്‍ കാര്‍ഡ്, ഫോട്ടോ, തദ്ദേശ സ്വയംഭരണ സ്ഥാപന അനുമതി, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ജല പരിശോധനാ സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ വിവരങ്ങള്‍ എന്നിവയാണ് സെന്‍ട്രല്‍ ലൈസന്‍സ് എടുക്കാന്‍ ആവശ്യമുള്ള രേഖകള്‍. 7,500 രൂപയാണ് ലൈസന്‍സ് എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള വാര്‍ഷിക ഫീസ്.

പായ്ക്കര്‍ ലൈസന്‍സ്

ഉപഭോക്താവിന്റെ മുന്നില്‍ വച്ചല്ലാതെയാണ് പായ്ക്ക് ചെയ്യുന്നതെങ്കില്‍ അത്തരം ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് പായ്ക്കര്‍ ലൈസന്‍സ് എടുക്കണം. ലീഗല്‍ മെട്രോളജി വകുപ്പാണ് ലൈസന്‍സ് നല്‍കുന്നത്. ഒരു ടണ്‍ വരെ പ്രതിദിനം കൈകാര്യം ചെയ്യുന്നവര്‍ 3,000 രൂപയും അതിന് മുകളിലുള്ളവര്‍ 5,000 രൂപയും വാര്‍ഷിക ഫീസായി അടയ്ക്കേണ്ടതുണ്ട്. ചെറുകിട കച്ചവടക്കാര്‍ 2,000 രൂപയാണ് ഫീസായി അടയ്ക്കേണ്ടത്. പായ്ക്കര്‍ ലൈസന്‍സ് ലഭിക്കാന്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.

Related Articles
Next Story
Videos
Share it