കയറ്റുമതി ചെയ്യുവാന്‍ എന്തൊക്കെ അറിയണം?

വര്‍ഷങ്ങള്‍ക്ക് മുമ്പ് മലബാറിലെ കയറ്റുമതി രംഗത്തെ ഒരു ബിസിനസുകാരനുമായുള്ള സംസാരത്തിനിടെ സര്‍ക്കാരിന്റെ കൈത്താങ്ങ് പദ്ധതികളെ കുറിച്ച് പരാമര്‍ശം വന്നു. ആ ബിസിനസുകാരന് അതേ കുറിച്ച് യാതൊരു ധാരണയുമില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് വന്നിരിക്കുന്നത് കോടികളുടെ നഷ്ടവും! എന്നിട്ടും അദ്ദേഹം വിജയകരമായി ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നുവെന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്.

കേരളത്തില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ല. കയറ്റുമതി രംഗത്ത് അനേകം സംരംഭകരുണ്ടെങ്കിലും അവരെല്ലാവരും വിദേശ വ്യാപാര നയങ്ങളും നടപടിക്രമങ്ങളും പൂര്‍ണമായി മനസ്സിലാക്കിയല്ല കാര്യങ്ങള്‍ ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ നല്ല വിവരവും വിദ്യാഭ്യാസവുമുള്ള മലയാളികള്‍ക്ക് ഇവയൊക്കെ മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകില്ല. പക്ഷേ അശ്രദ്ധ നന്നായുണ്ട്. മലയാളികള്‍ പ്രബുദ്ധരാണ്. അതിന്റെ ആധിക്യത്താല്‍ അന്ധരുമാണ്. എല്ലാ കാര്യങ്ങളെ കുറിച്ചും അവബോധമുണ്ടെന്ന വിശ്വാസത്തില്‍ പലതും ആരോടും ചോദിക്കില്ല. അറിയാന്‍ ശ്രമിക്കില്ല. കയറ്റുമതിയുടെ കാര്യത്തില്‍ അത് പാടില്ല. കാരണം, കയറ്റുമതി ഒരു ഏക വിഷയമല്ല. അതിനു ചുറ്റും നിയമപാലകരും കസ്റ്റംസും ജി എസ്ടി അധികൃതരും ബാങ്കും ഫേര നിയമങ്ങളും നാര്‍ക്കോട്ടിക്സ് അധികൃതരും സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യുറോയും റവന്യൂ ഇന്റെലിജന്‍സുകാരും തുടങ്ങി വലിയ ഒരു വൃന്ദം ഉണ്ടാവും. ഇതിനൊപ്പം തന്നെ നമ്മുടെ രാജ്യത്തിന്റെ വിദേശകാര്യ നിയമങ്ങളും ഉണ്ടാവും.

നിയമം അറിയാത്തതും കുറ്റം തന്നെ അറിഞ്ഞോ അറിയാതെയോ ഉണ്ടാവുന്ന തെറ്റുകള്‍ക്കുത്തരവാദി നാം തന്നെ. ഇത് കയറ്റുമതി ഇറക്കുമതി നയങ്ങളുടെ ആത്യന്തിക നിയമം തന്നെയാണ്. 'അറിഞ്ഞിരുന്നില്ല' എന്ന് പറഞ്ഞാല്‍ രക്ഷപെടാനാവില്ല. ഇക്കാര്യം കൂടുതല്‍ വ്യക്തമാകാന്‍ ഒരു സംഭവകഥ പറയാം. ഒരു കയറ്റുമതിക്കാരന്‍. അദ്ദേഹത്തിന്റെ ഉല്‍പ്പന്നം ഒരു കെമിക്കല്‍ ആയിരുന്നു. നല്ല നിലയില്‍ വളര്‍ന്നു. അപ്പോള്‍ അദ്ദേഹത്തിന് തോന്നി കയറ്റുമതി മാത്രമേ ചെയുന്നുള്ളു. എങ്കില്‍ പിന്നെ നൂറു ശതമാനം കയറ്റുമതി യൂണിറ്റാക്കിയാല്‍ എന്തെന്ന്. അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച കാര്യം ലളിതമാണ്.

ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നത്തില്‍ നിന്നാണ് കയറ്റുമതി ഉല്‍പ്പന്നം ഉണ്ടാക്കിയിരുന്നത്. അഡ്വാന്‍സ് ലൈസന്‍സ് എന്ന ഒരു സമ്പ്രദായം നിലവില്‍ ഉണ്ടായിരുന്നു. (ഇപ്പോഴും ഉണ്ട്). കയറ്റുമതിക്കു മുന്‍പോ ശേഷമോ ആ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാം, യാതൊരു വിധ ഡ്യൂട്ടിയും നല്‍കണ്ട. എന്നാല്‍ കയറ്റുമതി ചെയ്യുമ്പോള്‍ ആ ലൈസന്‍സില്‍ പറഞ്ഞത്രയും ചെയ്തിരിക്കണം. സമയപരിധിയും തീര്‍ച്ചപ്പെടുത്തിയിട്ടുള്ളതാണ്. എത്ര അസംസ്‌കൃത വസ്തുക്കള്‍ വേണം, ഉല്‍പ്പാദനം നടക്കുമ്പോള്‍ എത്ര നഷ്ടമാകും, എത്ര ബാക്കിയുണ്ടാവും എന്നൊക്കെ നിശ്ചയമുണ്ടാവണം. ഇതിനൊക്കെ പ്രത്യേക സമിതികള്‍ സര്‍ക്കാര്‍ ഓഫീസില്‍ ഉണ്ട്. അപേക്ഷ കൊടുക്കേണ്ടത് സ്ഥലത്തെ ഓഫീസിലാണ്. അപ്പോള്‍ തന്നെ ലൈസന്‍സ് കിട്ടുകയും ചെയ്യും. പിന്നെ അപേക്ഷയുടെ കോപ്പി വിദഗ്ധസമിതിയിലെ

മീറ്റിങ്ങില്‍ പരിശോധിച്ച് കണക്കുകള്‍ കൂട്ടി നിശ്ചയിക്കും. ഏറ്റക്കുറച്ചിലുണ്ടെങ്കില്‍ അത് ഒടുവില്‍ ശരിയാക്കി വേണം ആ ഫയല്‍ അവസാനിപ്പിക്കാന്‍.

കയറ്റുമതിക്കു മുന്‍പായി എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് പരിശോധിക്കും. കസ്റ്റംസും പരിശോധിക്കും. എന്നു വെച്ചാല്‍ ഈ ഒരു ഉല്‍പ്പന്നം ഇന്ത്യ വിടുന്നതിനു മുന്‍പ് പല അധികൃതരുടെ മുന്നിലൂടെയാണ് പോകുന്നത്. ഇവരെല്ലാം തങ്ങളുടേതായ രീതിയില്‍ വിഷയത്തില്‍ വൈദഗ്ധ്യം നേടിയവരാണ്. നൂറ് ശതമാനം കയറ്റുമതി യൂണിറ്റായാല്‍ ഈ ബുദ്ധിമുട്ടുകളില്‍ നിന്നൊഴിവാകാം. അപേക്ഷ കൊടുത്തു. എല്ലാം ചട്ടങ്ങളും പാലിച്ചു കൊണ്ട്, കയറ്റുമതി യൂണിറ്റായി പ്രവര്‍ത്തനം ആരംഭിച്ചു. തരക്കേടില്ലാതെ കാര്യങ്ങള്‍ മുന്നോട്ട് പോയി.

അങ്ങനെയിരിക്കേ ഇദ്ദേഹത്തിന് 'കാരണം കാണിക്കല്‍' നോട്ടീസ് കിട്ടി. ആദ്യകാലത്ത് കയറ്റുമതി ചെയ്തതിന്റെ മേലേ ആയിരുന്നു നോട്ടീസ് വന്നത്. 'താങ്കള്‍ കയറ്റുമതി ചെയ്ത ഉല്‍പ്പന്നം കയറ്റുമതി ചെയ്യാന്‍ അനുവദിച്ചിട്ടുള്ളതല്ല.' എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ അതിനുള്ള രേഖകളും വേണം. നടന്നു കൊണ്ടിരിക്കുന്ന കയറ്റുമതിയും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

കയറ്റുമതി യൂണിറ്റിന്റെ പ്രവര്‍ത്തനവും നിലച്ചു. കുറച്ചു ചരക്കുകള്‍ പോര്‍ട്ടിലും കിടക്കുന്നു. മൊത്തത്തില്‍ എല്ലാം നിശ്ചലമായി. പലരും പല ഉപദേശങ്ങള്‍ നല്‍കി. ഒടുവില്‍ അദ്ദേഹം എന്റെയടുത്ത് വന്നു. ഔദ്യോഗികമായി കാര്യങ്ങളെ നേരിട്ടു. ഒന്നും ഒളിക്കാതെ എല്ലാം അധികൃതരുടെ മുന്നില്‍ വെളിപ്പെടുത്തി. എല്ലാ പരിശോധനകളും നടത്തി കയറ്റുമതി ചെയ്ത ആ വ്യക്തിക്ക് ഇതെല്ലാം താങ്ങാവുന്നതിന് അപ്പുറമായിരുന്നു. അദ്ദേഹത്തെ അറിയുന്ന, കൂടെ നിന്നിരുന്നവര്‍ പോലും കൈമലര്‍ത്തി. അദ്ദേഹത്തിന്റെ ഉല്‍പ്പന്നം കയറ്റുമതി ചെയ്യുന്നതിന് സര്‍ക്കാരിന്റെ ലൈസന്‍സോ അനുവാദമോ വേണമെന്ന് ആരും അദ്ദേഹത്തിന് ഉപദേശം കൊടുത്തിരുന്നില്ല.

ഈ അനുഭവം പഠിപ്പിക്കുന്നത്

സ്‌കോമെറ്റ് എന്ന ഒരു വിഭാഗമുണ്ട്. അതായത് Special Chemicals, Organisms, Materials, Equipments and Technologies (SCOMET), എന്നു പറഞ്ഞാല്‍ രണ്ട് ഉപയോഗം (DUAL USE). ഒന്ന് ആയുധനിര്‍മാണം മറ്റേത് സാധാരണ ഉപയോഗം. ഇതില്‍ ഏതിനെന്ന് തീരുമാനിച്ച് അതിന് പ്രത്യേകാനുവാദം നേരത്തെ വാങ്ങിയിരിക്കണം. ഇതാണ് നിയന്ത്രണത്തിലെ നിബന്ധന. ഇതുണ്ടായിട്ടില്ല എന്നും ഇന്ത്യയുടെ നയതന്ത്ര പ്രശ്നങ്ങളെ ഇതു ബാധിക്കുമെന്നുമായിരുന്നു വിശകലനം. ഇതൊന്നും അറിയാതെ കയറ്റുമതി ചെയ്തു. ഒടുവില്‍ നോട്ടീസായി. പിഴ അടച്ചില്ലെങ്കില്‍ നേരേ തടവും, പിന്നെയും എന്തൊക്കെയോ. ഒടുവില്‍ മാപ്പെഴുതിക്കൊടുത്ത് തുകയുടെ തോത് കുറപ്പിച്ചു.

അന്നു നടത്തിയ വാദത്തില്‍ 'വിവരമറിയാവുന്നവര്‍ എന്ന് ഞങ്ങള്‍ ധരിച്ചവരാരും തടഞ്ഞില്ല' എന്നു പറഞ്ഞത് ശരിയായില്ലത്രെ. എല്ലാ റിപ്പോര്‍ട്ടുകളും എല്ലായിടത്തും നല്‍കിയിരുന്നു, ആരും തടഞ്ഞില്ല, പിന്നെ ഒരിക്കലും ഇങ്ങനെ ഒരു സംശയവും തോന്നിയില്ല. കെമിക്കല്‍സ് കയറ്റുമതി ചെയ്യുമ്പോള്‍ അനാലിസിസ് റിപ്പോര്‍ട്ട് നല്‍കണം. നോംസ് കമ്മിറ്റിക്കും എല്ലാ കെമിക്കല്‍ ഘടനയും മൂല്യവും സമര്‍പ്പിക്കണം. ഇതെല്ലാം പാലിച്ചു കൊണ്ടുതന്നെ ആയിരുന്നു കയറ്റുമതി ചെയ്തിരുന്നത്. എന്നിട്ടും ഇത് സംഭവിച്ചു.

അന്ന് കിട്ടിയ താക്കീതിന്റെ രത്നചുരുക്കം ഇതായിരുന്നു. 'കയറ്റുമതി ചെയ്യാന്‍ പോകുന്ന ഉല്‍പ്പന്നത്തിനെ പറ്റി മൊത്തമായി എല്ലാ കാര്യങ്ങളും അറിഞ്ഞു വെക്കേണ്ടത് കയറ്റുമതി ചെയ്യുന്ന ആളിന്റെ ചുമതലയാണ്. അതിനോട് ചേര്‍ന്നുള്ള എല്ലാ നിയമവശങ്ങളും സ്വയം മനസ്സിലാക്കിയിട്ട് വേണം കയറ്റുമതിക്കു മുതിരാന്‍. അതിലെ പിഴവിന് മറ്റാരും ഉത്തരവാദികളായിരിക്കുന്നതല്ല.' അപ്പോള്‍ പറഞ്ഞു വരുന്നത് നിങ്ങളുടെ ബിസിനസിന്റെ അകവും പുറവും അറിയുന്ന ഒരാള്‍ നിങ്ങള്‍ മാത്രമാണ്. മറ്റുള്ളവരൊക്കെ ഒന്നുകില്‍ ദൃക്സാക്ഷികള്‍, അല്ലെങ്കില്‍ മൂകസാക്ഷികള്‍. അതിനാല്‍ യുക്തിയും സാമാന്യബുദ്ധിയുമെല്ലാം ഉപയോഗിച്ച് ജാഗ്രതയോടെ മുന്നോട്ടു പോകുക.


ലേഖകന്‍ ബാബു എഴുമാവില്‍ നാല് ദശാബ്ദക്കാലമായി കയറ്റുമതി- ഇറക്കുമതി കണ്‍സള്‍ട്ടന്‍സി രംഗത്ത് പ്രവര്‍ത്തിക്കുന്ന ( എക്‌സിം എക്‌സ്‌പെര്‍ട്ടൈസ്, അഹമ്മദാബാദ്) വ്യക്തിയാണ്.

Related Articles
Next Story
Videos
Share it