5 വര്‍ഷത്തിനിടെ ഓഹരിക്ക് 1400% നേട്ടം; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡുമായും സഹകരണം, ഈ കമ്പനി കേരളത്തില്‍ സാന്നിദ്ധ്യം ശക്തമാക്കുന്നു

ഹൈഡ്രജന്‍ ഇന്ധനമായുള്ള, ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മ്മിത യാത്രാബോട്ട് കഴിഞ്ഞവാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചത്. കപ്പല്‍ നിര്‍മ്മാണത്തിലും അറ്റകുറ്റപ്പണിയിലും ഇന്ത്യയുടെ തന്നെ അഭിമാനമായ കൊച്ചി ആസ്ഥാനമായുള്ള കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലാണ് ബോട്ട് നിര്‍മ്മിച്ചത്. എന്നാല്‍, ആദ്യ ഹൈഡ്രജന്‍ ബോട്ട് നീരണിഞ്ഞപ്പോള്‍ അതില്‍ അഭിമാനംകൊണ്ട മറ്റൊരു കമ്പനിയുമുണ്ട്. പൂനെ ആസ്ഥാനമായുള്ള ഐ.ടി-സോഫ്റ്റ്‌വെയര്‍ കമ്പനിയായ കെ.പി.ഐ.ടി ടെക്‌നോളജീസ്.
ഹൈഡ്രജന്‍ യാത്രാബോട്ടിന്റെ സോഫ്റ്റ്‌വെയര്‍ സാങ്കേതികവിദ്യക്ക് പിന്നില്‍ ചുക്കാന്‍ പിടിച്ചത് കെ.പി.ഐ.ടി ടെക്‌നോളജീസാണ്. ആസ്ഥാനം പൂനെയിലാണെങ്കിലും ബംഗളൂരു, നമ്മുടെ കൊച്ചിയിലെ ഇന്‍ഫോപാര്‍ക്ക് എന്നിവിടങ്ങളിലും ജര്‍മ്മനി, ബ്രസീല്‍, ഫ്രാന്‍സ്, സ്‌പെയിന്‍, അമേരിക്ക, ചൈന, ജപ്പാന്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലും കെ.പി.ഐ.ടി ടെക്‌നോളജീസിന് ഓഫീസുകളുണ്ട്.
വൈദഗ്ദ്ധ്യമുള്ള ജീവനക്കാരുടെ ലഭ്യത, മികച്ച അടിസ്ഥാനസൗകര്യം, നല്ല പ്രവര്‍ത്തനാന്തരീക്ഷം എന്നിവയാണ് കൊച്ചിയിലും ഓഫീസ് തുറക്കാന്‍ കമ്പനിക്ക് പ്രേരകമായതെന്ന് കെ.പി.ഐ.ടി ടെക്‌നോളജീസ് സഹസ്ഥാപകനും സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ കിഷോര്‍ പാട്ടീല്‍ 'ധനംഓണ്‍ലൈനിനോട്' പറഞ്ഞു. കൊച്ചിയില്‍ 200ഓളം ജീവനക്കാരുണ്ട്. വൈകാതെ, ഓഫീസ് കൂടുതല്‍ വിപുലമാക്കുകയും ജീവനക്കാരുടെ എണ്ണം ഉയര്‍ത്തുകയും ചെയ്യും.
കഴിഞ്ഞ ഏറെക്കാലമായി മികച്ച വളര്‍ച്ചയുടെ ട്രാക്കിലാണ് കമ്പനി. കൂടുതല്‍ മുന്നേറാനുള്ള അവേശമുണ്ട്. അതിന്റെ ഭാഗമായി കൂടിയാണ് കേരളത്തിലും സാന്നിദ്ധ്യം ശക്തമാക്കുന്നതെന്ന് കിഷോര്‍ പാട്ടീല്‍ പറഞ്ഞു.
വാഹനങ്ങളുടെ മാസ്റ്റര്‍ബ്രെയിന്‍!
കാറുകളിലെ സോഫ്റ്റ്‌വെയര്‍ സാങ്കേതികവിദ്യക്ക് പിന്നിലെ ബുദ്ധികേന്ദ്രമെന്ന് കെ.പി.ഐ.ടിയെ വിശേഷിപ്പിക്കാം. സ്വയംഓടുന്ന സംവിധാനം (Autonomous Driving), അത്യാധുനിക സുരക്ഷാ സൗകര്യമായ അഡ്വാന്‍സ് ഡ്രൈവര്‍ അസിസ്റ്റ് സിസ്റ്റംസ് അഥവാ എ.ഡി.എ.എസ് (ADAS), കണക്റ്റഡ് വെഹിക്കിള്‍സ്, ഡിജിറ്റല്‍ സംവിധാനങ്ങള്‍, വാഹനങ്ങളുടെ ബോഡി ഇലക്ട്രോണിക്‌സ് തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജമാക്കുകയാണ് കെ.പി.ഐ.ടിയുടെ പ്രവര്‍ത്തനം.
അതായത്, 360 ഡിഗ്രി ക്യാമറ, ഡ്രൈവര്‍ അസിസ്റ്റ് സംവിധാനങ്ങള്‍ തുടങ്ങി വാഹനത്തിലെ ഓരോ ഫീച്ചറിന് പിന്നിലെയും സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ച് നല്‍കുകയാണ് കെ.പി.ഐ.ടി ടെക്‌നോളജീസ് ചെയ്യുന്നത്.
സോഫ്റ്റ്‌വെയറുകളാല്‍ നിയന്ത്രിക്കപ്പെടുന്ന വാഹനങ്ങളുടെ ലോകമാണിത്. വരുംനാളുകളില്‍ ഇത് കൂടുതല്‍ ശക്തമാകും. കെ.പി.ഐ.ടി ടെക്‌നോളജീസിനും ഇനിയുള്ളത് അവസരങ്ങളുടെ കാലമാണെന്ന് കിഷോര്‍ പാട്ടീല്‍ വ്യക്തമാക്കി.
ബി.എം.ഡബ്ല്യു, ഹോണ്ട, റെനോ തുടങ്ങിയ ആഗോള വാഹന നിര്‍മ്മാണ നിര്‍മ്മാതാക്കള്‍ കെ.പി.ഐ.ടിയുടെ ഉപയോക്തൃനിരയിലുണ്ട്. 30 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കെ.പി.ഐ.ടിയില്‍ ജോലി ചെയ്യുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ (EV), സ്വയംഓടുന്ന വാഹനങ്ങള്‍ (Autonomus Driving Vehicles) എന്നിവയിലാണ് കെ.പി.ഐ.ടി കൂടുതല്‍ ശ്രദ്ധയൂന്നുന്നത്. ഇന്ത്യന്‍ കമ്പനികളെയും വൈകാതെ ഉപയോക്തൃനിരയിലേക്ക് കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷയെന്നും കിഷോര്‍ പാട്ടീല്‍ പറഞ്ഞു.
വളര്‍ച്ചയുടെ ട്രാക്ക്
42,649 കോടി രൂപ വിപണിമൂല്യമുള്ള (Market cap) കമ്പനിയാണ് കെ.പി.ഐ.ടി ടെക്‌നോളജീസ്. 5 വര്‍ഷം മുമ്പ് കമ്പനിയുടെ ഓഹരിവില 34 രൂപയിലേക്ക് താഴ്ന്നിരുന്നു. 5 വര്‍ഷത്തിപ്പുറം ഓഹരിവില ഒരുവേള 1400 ശതമാനത്തിലധികം കുതിച്ച് 1,727 രൂപവരെയെത്തി. നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത് 1,549 രൂപയിലാണ്.
ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കെ.പി.ഐ.ടി ടെക്‌നോളജീസ് 55 ശതമാനം വര്‍ധനയോടെ 155.33 കോടി രൂപ ലാഭം നേടിയിരുന്നു. വരുമാനം 37 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,256.96 കോടി രൂപയിലുമെത്തി. ഡിസംബര്‍ പാദത്തില്‍ 1,570 കോടി രൂപയുടെ (18.9 കോടി ഡോളര്‍) പുതിയ ഓര്‍ഡറുകളും കമ്പനി കരസ്ഥമാക്കിയിരുന്നു. ഓഹരി ഒന്നിന് 2.10 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിരുന്നു.


(ശ്രദ്ധിക്കുക: ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് നിങ്ങൾ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക. ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന ഓഹരി വാങ്ങാനുള്ള നിർദേശമല്ല)

Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it