അലച്ചിലാണ് മെയിന്‍, പ്രതിസന്ധികള്‍ അതിജീവിക്കുന്ന സെയില്‍സ് ജീവനക്കാര്‍

നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉള്ളത് ഏത് മേഖലയിലാണെന്ന് അറിയാമോ..? സെയില്‍സ് എന്നാണ് അതിന് ഉത്തരം. ഏറ്റവും കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്നതും എന്നാല്‍ ആളെക്കിട്ടാന്‍ കമ്പനികള്‍ പാടുപെടുന്നതും ഈ സെയില്‍സില്‍ തന്നെയാണ്. ഏതൊരു ബിസിനസിന്റെയും അടിത്തറ സെയില്‍സിലാണെന്നിരിക്കെ, മേഖലയിലെ രീതികള്‍ ഒട്ടും പ്രൊഫഷണ്‍ അല്ല.

സെയില്‍സ് രംഗത്തെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കവെ കൊച്ചിയിലെ ഒരു എച്ച്ആര്‍ കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തിന്റെ ഉടമ സെയില്‍സ് മേഖലയില്‍ പണിയെടുക്കുന്നവരെ ചാവേറുകള്‍ എന്നാണ് വിശേഷിപ്പിച്ചത്. സെയില്‍സില്‍ ജോലിക്കെത്തുന്നവരെ വലിയൊരു വിഭാഗം സ്ഥാപനങ്ങളും പരിഗണിക്കുന്നത് അങ്ങനെയാണ്. ഒരു വര്‍ഷം സെയില്‍സ് രംഗത്ത് പിടിച്ചു നില്‍ക്കാന്‍ സാധിക്കുന്നവരെ കിട്ടാനില്ല എന്നാണ് കമ്പനികള്‍ പറയുന്നത്. സെയില്‍സ് ജോലിയില്‍ നിന്ന് ആളുകളെ അകറ്റുന്ന പ്രധാന ഘടകം സമ്മര്‍ദ്ദം തന്നെയാണ്.

ബോസ് കൂളാണെങ്കില്‍ ടെന്‍ഷനില്ല

ഏതൊരു ജോലിക്കും അതിന്റേതായ സമ്മര്‍ദ്ദങ്ങളും പിരിമുറുക്കങ്ങളും ഉണ്ടാവും. എന്നാല്‍ മറ്റ് തൊഴില്‍ രംഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജോലി ചെയ്യുന്നയാളുടെ പ്രകടനം മോശമായാല്‍ സെയില്‍സില്‍ അത് എളുപ്പം തിരിച്ചറിയാനാവും. ഈ രംഗത്ത് ജോലി ചെയ്യുന്ന യുവാക്കളുമായി സംസാരിച്ചപ്പോള്‍ ഭൂരിഭാഗവും പറഞ്ഞ കാര്യം ബോസ് കൂളാണെങ്കില്‍ ടെന്‍ഷനില്ല എന്നാണ്. അതായത് തങ്ങളുടെ മുകളിലുള്ള ഉദ്യോഗസ്ഥന്‍ സമ്മര്‍ദ്ദത്തെ എങ്ങനെയാണോ കൈകാര്യം ചെയ്യുന്നത് അതിന് അനുസരിച്ചാവും ഇവരുടെ വര്‍ക്ക് ലൈഫ്. ഒരേ കമ്പനിയില്‍ തന്നെ പല മാനേജര്‍മാര്‍ക്കു കീഴില്‍ ഇവര്‍ അനുഭവിക്കുന്ന ജോലി സമ്മര്‍ദ്ദം വ്യത്യസ്തമാണ്. കാരണം വന്‍കിട കമ്പനികള്‍ക്കൊഴികെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കൊന്നും പൊതുവായ സെയില്‍സ് സ്ട്രാറ്റജി ഇല്ല. പ്രകടനം മോശമാണെങ്കില്‍ ഏപ്പോള്‍ വേണമെങ്കിലും നഷ്പ്പെടാവുന്ന ജോലി എന്നതും സമ്മര്‍ദ്ദം ഉയര്‍ത്തും.

സെയില്‍സും മാര്‍ക്കറ്റിംഗും വേര്‍തിരിച്ചറിയാന്‍ സാധിക്കാത്ത കമ്പനികള്‍

മാര്‍ക്കറ്റിംഗും സെയില്‍സും രണ്ട് മേഖലകളാണെന്ന് ജോലിക്കെത്തുന്നവര്‍ക്കോ കമ്പനികള്‍ക്കോ വ്യക്തമായ ധാരണ ഇല്ല എന്നാണ് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരു സ്ഥാപനത്തിന്റെ ഉല്‍പ്പന്നങ്ങളിലേക്ക് ആളുകളെ എത്തിക്കുക എന്നത് മാത്രമാണ് മാര്‍ക്കറ്റിംഗില്‍ ചെയ്യേണ്ടത്. വില്‍പ്പന സെയില്‍സ് ടീമിന്റെ ഉത്തരവാദിത്തമാണ്. സെയില്‍സില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിപക്ഷവും മാര്‍ക്കറ്റിംഗ് കൂടി നോക്കുന്നവരാണ്. കമ്പനികള്‍ക്ക് സെയില്‍സില്‍ കൃത്യമായ സ്ട്രാറ്റജി ഇല്ലാത്തതിനാല്‍ എങ്ങനെ ഈ പ്രൊഫഷനെ സമീപിക്കണം എന്ന ധാരണ പുതുതായി ജോലിക്കെത്തുന്നവര്‍ക്ക് ലഭിക്കണമെന്നില്ല. ശമ്പളത്തെക്കാള്‍ കൂടുതല്‍ ഇന്‍സെന്റീവുകള്‍ നല്‍കുന്ന കമ്പനികളുണ്ട്. ഇങ്ങനെയുള്ള കമ്പനികളില്‍ ഏതെങ്കിലും ഒരുമാസം പ്രകടനം മോശമായാല്‍, ലഭിക്കുന്ന ശമ്പളവും കുറവായിരിക്കും.

ആനുകൂല്യങ്ങളുടെ കാര്യത്തില്‍ സ്‌ക്വയര്‍ഫീറ്റിന് അനുസരിച്ച് ഇന്‍സെന്റീവ്സ് നല്‍കുന്ന റിയല്‍ എസ്റ്റേറ്റ് മേഖല ആണ് മുമ്പില്‍. കഷ്പ്പെടാന്‍ തയ്യാറാണെങ്കില്‍ അതിനുതക്ക പ്രതിഫലം ലഭിക്കുമെന്നാണ് കേരളത്തിലെ ഒരു പ്രമുഖ റിയല്‍എസ്റ്റേറ്റ് കമ്പനിയില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഒരാള്‍ പറഞ്ഞത്. എന്നാല്‍ കമ്പനികള്‍ സെയില്‍സ് ജീവനക്കാരുടെ പ്രകടനത്തിന് അര്‍ഹമായ പരിഗണന നല്‍കുന്നില്ല എന്നാണ് ഭൂരിഭാഗത്തിന്റെയും പരാതി. ശമ്പളം കൊടുക്കുന്നുണ്ടല്ലോ പിന്നെന്തിന് പ്രത്യേക പരിഗണന എന്ന സമീപനമാണ് പല കമ്പനികളുടേതും. തുടക്കക്കാര്‍ക്ക് ഈ മേഖലയില്‍ 12,000 രൂപ മുതലാണ് ശമ്പളം. ബംഗളൂരുവും നോയിഡയും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ജീവനക്കാര്‍ക്ക് ബ്രാന്‍ഡിന്റെ പേരെഴുതിയ ടീ-ഷര്‍ട്ട് മുതല്‍ ദീപാവലിക്കും ജന്മദിനത്തിനുമെല്ലാം പ്രത്യേത ഗിഫ്റ്റും പുതിയ ലാപ്ടോപ്പുമൊക്കെ നല്‍കുമ്പോള്‍ കേരളത്തില്‍ ഇത്തരം ശീലങ്ങളൊന്നും എത്തിത്തുടങ്ങിയിട്ടില്ല.

ആളെക്കിട്ടാന്‍ പാടാണ്

സെയില്‍സിലേക്ക് 20 പേരെ ആവശ്യം വന്നാല്‍ 5 പേരെപ്പോലും റിക്രൂട്ട് ചെയ്യാന്‍ കഴിയില്ല എന്നാണ് ഏജന്‍സികള്‍ പറയുന്നത്. കൂടുതല്‍ മെച്ചപ്പെട്ട പാക്കേജ് പ്രതീക്ഷിച്ച് ഒരു കമ്പനിയില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടാന്‍ നില്‍ക്കുന്നവര്‍ മാത്രമാണ് എത്തുന്നത്. പലരുടെയും ആദ്യ ജോലി ആയിരിക്കും സെയില്‍സിലേത്. തല്‍ക്കാലത്തേക്ക് ഒരു പിടിവള്ളി എന്ന നിലയില്‍ എത്തുകയും പിന്നീട് ഈ ജോലിയില്‍ തുടരുകയും ചെയ്യുന്നവരാണ് അധികവും.

പലപ്പോഴും ഒരു സെയില്‍സ്മാന്‍ ഉപഭോക്താവില്‍ നിന്ന് ആദ്യം കേള്‍ക്കുന്ന വാക്ക് 'നോ' എന്നാവും, ഈ 'നോ'യിനെ യെസ് ആക്കി മാറ്റുക എല്ലാവരെയും കൊണ്ട് സാധിക്കുന്ന കാര്യമല്ല. സേവന മേഖലയില്‍ ആണ് സെയില്‍സിന് ആളെക്കിട്ടാന്‍ കൂടുതല്‍ പ്രയാസം. ചൂണ്ടിക്കാണിക്കാന്‍ ആകൃതിയുള്ള ഒരു പ്രോഡക്ട് ഇല്ല എന്നത് തന്നെ കാരണം. എന്നാല്‍ പ്രശസ്തമായ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനികളിലേക്ക് എപ്പോള്‍ വേണമെങ്കിലും ആളെകിട്ടും.

വെയിലത്തും മഴയത്തും ടുവീലറിലുള്ള യാത്ര, ഉപഭോക്താക്കളെ പറഞ്ഞ് മനസിലാക്കല്‍ തുടങ്ങിയ കാര്യങ്ങളൊടൊന്നും പുതുതലമുറയ്ക്ക് അത്ര താല്‍പ്പര്യമില്ല. ഇന്‍ഷര്‍ട്ട് ചെയ്ത് താടിയും മുടിയും കൃത്യമായി വെട്ടിയൊതുക്കി നടക്കേണ്ടതുകൊണ് അങ്ങനെയുള്ള ഒരു ജോലിയോടും താല്‍പ്പര്യമില്ലാത്തവരും കേരളത്തിലുണ്ട്. കല്യാണാലോചന വരുമ്പോഴും ജോലി സെയില്‍സിലാണെന്നത് തടസമാകാറുണ്ട്.

സെയില്‍സ് റെപ്രസെന്റീവ് ആയി എത്തി പിന്നീട് അതേ കമ്പനിയുടെ സിഇഒ ആയി മാറിയ ആളുകളുടെ കഥയൊക്കെ ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ കിട്ടും. കമ്പനികളടെ സമീപനത്തിനൊപ്പം ഒരു കരിയര്‍ എന്ന നിലയില്‍ സെയില്‍സ് മേഖലയിലെ നേട്ടങ്ങള്‍ യുവാക്കള്‍ക്ക് തിരിച്ചറിയാനാവുന്നില്ല എന്നതും യാഥാര്‍ത്ഥ്യമാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it