ലോറി സമരം: പച്ചക്കറി വില കൂടുന്നു, പലചരക്കിനും വില വർധിക്കും
രാജ്യത്തെ ചരക്ക് ലോറി സമരം അഞ്ചാം ദിവസം പിന്നിടുമ്പോൾ അവശ്യ വസ്തുക്കളുടെ വിപണിയിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ലഭ്യത കുറഞ്ഞതിനൊപ്പം പഴ വർഗ്ഗങ്ങളുടെയും പച്ചക്കറിയുടെയും വില കുത്തനെ ഉയർന്നു കൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്ത് ചരക്കുനീക്കം ഏതാണ്ട് നിലച്ച മട്ടാണ്. സമരം തുടർന്നാൽ വരും ദിവസങ്ങളിൽ പലചരക്കു മേഖലയിലും പ്രതിസന്ധിയുണ്ടാകാനാണു സാധ്യത.
ഇപ്പോൾ കേരളത്തിൽ പച്ചക്കറികള്‍ക്ക് പലതിനും അഞ്ചു മുതൽ 20 രൂപ വരെ വിലവര്‍ധിച്ചിട്ടുണ്ട്.
ഡീസൽ വിലവർധന, തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധന, അശാസ്ത്രീയ ടോൾ പിരിവ് എന്നിവയ്ക്കെതിരെ ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസാണ് രാജ്യവ്യാപകമായി സമരത്തിന് ആഹ്വാനം നൽകിയത്.
ഇതിനു പിന്തുണ പ്രഖ്യാപിച്ച് കേരളത്തിൽ ലോറി ഒാണേഴ്സ് വെൽഫെയർ ഫെഡറേഷനും സമരത്തിലാണ്. ദിവസം ഏകദേശം 2000 ത്തിലധികം ചരക്കുലോറികൾ സംസ്ഥാനത്തേക്ക് വന്നിരുന്നിടത്ത് ഇപ്പോൾ 300-400 ലോറികളേ അതിർത്തി കടന്ന് എത്തുന്നുള്ളൂ. സംസ്ഥാനത്താകെ രണ്ടരലക്ഷത്തോളം വാഹനങ്ങൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
നിലവിൽ മഹാരാഷ്ട്രയിൽ മാത്രം 2000 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അവശ്യ വസ്തുക്കളുടെ വില വർധിക്കുന്നത് നാണയപ്പെരുപ്പം വർധിപ്പിക്കും.
വ്യവസായ സംഘടനയായ അസോച്ചാമിന്റെ കണക്ക് പ്രകാരം ലോറി സമരം 25,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കും. വിലക്കയറ്റവും പ്രകൃതിക്ഷോഭവും രാജ്യത്തെ അലട്ടുന്ന സമയത്ത് സമരം സമ്പദ് വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നും സംഘടന മുന്നറിപ്പ് നൽകിയിരുന്നു.