വീണ്ടും ടയര്‍വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കമ്പനികള്‍; മനപ്പൂർവം വില ഉയർത്തുന്നതായി ആരോപണം

രാജ്യത്തെ ടയര്‍ വില വര്‍ധിപ്പാക്കാന്‍ ഒരുങ്ങുകയാണ് ടയര്‍ കമ്പനികള്‍. ജെകെ ടയര്‍, അപ്പോളോ ടയേഴ്‌സ് എന്നിവയാണ് വീണ്ടും വില ഉയര്‍ത്തുന്നത്. അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതും വര്‍ധിക്കുന്ന ഇന്ധനവിലയുമാണ് കമ്പനികള്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ചിന് ശേഷം ടയര്‍ കമ്പനികള്‍ 10 ശതമാനം വരെ വില വര്‍ധിപ്പിച്ചിരുന്നു. വില 25 ശതമാനം വരെ വര്‍ധിപ്പിക്കേണ്ടിവരുമെന്നാണ് അപ്പോളോ ടയേഴ്‌സ് ഏഷ്യ- പസഫിക് മേഖലയുടെ ചുമതലയുള്ള സതീഷ് ശര്‍മ പറയുന്നത്. കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 120 രൂപയായിരുന്ന റബ്ബര്‍ വില ഇപ്പോള്‍ 173 ആയി. കടല്‍ മാര്‍ഗമുള്ള ചരക്ക് നീക്കത്തിനും ചെലവ് 5-7 മടങ്ങ് വര്‍ധിച്ചു.

വര്‍ധിച്ചു വരുന്ന ഇന്‍പുട്ട് ചെലവുകള്‍ വില വര്‍ധനവിലൂടെയേ ലഘൂകരിക്കാനാവു എന്നാണ് ജെകെ ടയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രഘുപതി സിംഘാനിയ അറിയിച്ചു.

ടയര്‍ കമ്പനികളുടെ തീരുമാനത്തിനെതിരെ അഖിലേന്ത്യ ടയര്‍ ഡീലേഴ്‌സ് ഫെഡറേഷന്‍ രംഗത്തുവന്നിട്ടുണ്ട്. നേരത്തെ ക്രൂഡ് ഓയില്‍ വില ബാരലിന് 115 ഡോളറായപ്പോള്‍ അക്കാര്യം ചൂണ്ടിക്കാട്ടി ടയര്‍ കമ്പനികള്‍ വില ഉയര്‍ത്തി. എന്നാല്‍ വില 35-38 ഡോളറിലെത്തിയപ്പോള്‍ ഈ കമ്പനികള്‍ വില കുറയ്ക്കാന് തയ്യാറായിരുന്നില്ലെന്നും ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി.

വില വര്‍ധനവിന് പിന്നില്‍ ടയര്‍ കമ്പനികളുടെ സംഘടനയായ ആത്മ (ATMA) ആണെന്നാണ് കേരള ടയര്‍ ഡീലേഴ്‌സ് അലൈന്‍മെന്റ് അസോസിയേഷന്‍ (TDAAK) സെക്രട്ടറി ഫൈസല്‍ സിവിഎം പറയുന്നത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ടയര്‍ കമ്പനികള്‍ ഇടയ്ക്കിടക്ക് വില വര്‍ധിപ്പിക്കുകയാണ്. ഇത് കച്ചവടത്തെ ബാധിക്കുന്നുണ്ട്. ടയറുകളുടെ ഇറക്കുമതിക്ക് കേന്ദ്രം ഏര്‍പ്പെടുത്തിയ വിലക്ക് ചൂഷണം ചെയ്യുകയാണെന്നും ഫൈസല്‍ പറഞ്ഞു.

നേരത്തെ ചൈനീസ്, കൊറിയന്‍ ബ്രാൻഡുകളുടെ ടയര്‍ ധാരാളം എത്തിയിരുന്നപ്പോള്‍ കമ്പനികള്‍ക്ക് ഇങ്ങനെ വില ഉയര്‍ത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഓരോ 15 ദിവസം കൂടുമ്പോള്‍ വില ഉയര്‍ത്തുന്ന കമ്പനികള്‍ ഉണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ ചെറിയ കാറുകളില്‍ ഉപയോഗിക്കുന്ന ടയറുകളുടെ വിലയില്‍ 350-400 രൂപവരെ ആണ് വര്‍ധിച്ചതെന്നും ഫൈസല്‍ ചൂണ്ടിക്കാട്ടി. ടയര്‍ ഇറക്കുമതിക്ക് കേന്ദ്രം ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കണം എന്നതാണ് അഖിലേന്ത്യ ടയര്‍ ഡീലേഴ്‌സ് ഫെഡറേഷൻ്റെ നിലപാട്.

Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it