വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് സണ്‍ഫ്ളെയിം എന്റര്‍പ്രൈസസ് ലിമിറ്റഡിനെ ഏറ്റെടുക്കുന്നു; ഇടപാടിന്റെ മൂല്യം 660 കോടി രൂപ

ഗൃഹോപകരണ ഉല്‍പ്പാദന രംഗത്ത് മുന്‍നിരയിലെത്താന്‍ പുതിയ ഏറ്റെടുക്കലുമായി വി ഗാര്‍ഡ്. ഡല്‍ഹി ആസ്ഥാനമായ ഗൃഹോപകരണ നിര്‍മാതാക്കളായ സണ്‍ഫ്ളെയിം എന്റര്‍പ്രൈസസ് ലിമിറ്റഡിനെ വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കുന്നു. 660 കോടി രൂപ മൂല്യമുള്ള ഇടപാടില്‍ സണ്‍ഫ്ളെയിമിന്റെ 100 ശതമാനം ഓഹരികളും വി-ഗാര്‍ഡിന് സ്വന്തമാകും. അടുത്തമാസം പകുതിയോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും.

ഗൃഹോപകരണ രംഗത്ത് ഇന്ത്യയിലുടനീളം വിപുലമായ സാന്നിധ്യമുള്ള ബ്രാന്‍ഡുകളിലൊന്നാണ് സണ്‍ഫ്ളെയിം. കമ്പനിയുടെ ഉല്‍പ്പന്ന വികസന ശേഷിയും ഈയിടെ സ്ഥാപിച്ച അത്യാധുനിക ഉല്‍പ്പാദന പ്ലാന്റും വി-ഗാര്‍ഡിന് തങ്ങളുടെ അടുക്കള, ഗൃഹോപകരണ ഉല്‍പ്പാദന ബിസിനസ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ മികച്ച അവസരങ്ങള്‍ തുറന്നു നല്‍കും. വിറ്റുവരവില്‍ നിന്നും വായ്പ മുഖേനയുമാണ് ഈ ഇടപടാനുള്ള പണം കണ്ടെത്തുക.

വി-ഗാര്‍ഡിന്റെ യാത്രയിലെ പ്രധാന നാഴികക്കല്ലാകും ഈ ഏറ്റെടുക്കലെന്ന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. ഇന്ത്യയിലുടനീളം സുപരിചിതമായ സണ്‍ഫ്ളെയിം ബ്രാന്‍ഡ് ഗൃഹോപകരണ ഉല്‍പ്പാദന, വിതരണ രംഗത്ത് വി-ഗാര്‍ഡിന് മുന്‍നിരയിലേക്കുള്ള വഴി എളുപ്പമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാലു പതിറ്റാണ്ടിന്റെ പാരമ്പര്യത്തിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചുപറ്റാനും അതു നിലനിര്‍ത്താനും കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ഈ പൈതൃകത്തെ മുന്നോട്ടു നയിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥാപനമാണ് വി-ഗാര്‍ഡ്. ഈ ഏറ്റെടുക്കല്‍ വി-ഗാര്‍ഡിന് ഗൃഹോപകരണ രംഗത്ത് ഇന്ത്യയില്‍ മുന്‍നിരയിലെത്തിക്കും- സണ്‍ഫ്ളെയിം എന്റര്‍പ്രൈസസ് പ്രൈ. ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ കെ എല്‍ വര്‍മ അഭിപ്രായപ്പെട്ടു.

സണ്‍ഫ്ളെയിമിന്റെ ഉല്‍പ്പന്ന ശ്രേണി, വിപുലമായ സാന്നിധ്യം, വിതരണ ശൃംഖല എന്നിവ ബഹുവിധ അവസരങ്ങളാണ് തുറന്നിടുന്നതെന്ന് വി ഗാര്‍ഡ് സിഒഒ വി രാമചന്ദ്രന്‍ അറിയിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it