ബിപിസിഎല്ലിനെ ഏറ്റെടുക്കാന്‍ തയ്യാറായി അനില്‍ അഗര്‍വാളിന്‍റെ വേദാന്ത ലിമിറ്റഡ്

സൗദി ആരാംകോയും റിലയന്‍സും കൈവിട്ടെങ്കിലും ബിപിസിഎല്ലിലെ സര്‍ക്കാര്‍ ഓഹരികള്‍ സ്വന്തമാക്കാന്‍ വേദാന്ത ഗ്രൂപ്പ് ലിമിറ്റഡ് താല്‍പ്പര്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ഇന്ത്യയില്‍ ലോഹം, എണ്ണ, പ്രകൃതി വാതക മേഖലയില്‍ വ്യാപാരമുള്ള വേദാന്ത റിസോഴ്സസ് ലിമിറ്റഡ് ബിപിസിഎല്‍ ഓഹരി വാങ്ങലിന് താല്‍പര്യപത്രം സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. 1000 കോടി ഡോളർ ആസ്തിയുള്ള സ്വകാര്യകമ്പനികൾ അല്ലെങ്കിൽ കൺസോർഷ്യത്തിനാണ് താല്‍പര്യപത്രം (EoI) സമർപ്പിക്കാൻ യോഗ്യതയുണ്ടായിരുന്നത്.

52.98 ശതമാനം ബിപിസിഎല്‍ ഓഹരി സ്വന്തമാക്കുന്നതിന് നവംബര്‍ 16 ആയിരുന്നു താല്‍പ്പര്യ പത്രം സമര്‍പ്പിക്കാനുള്ള അവസാന തിയതി. നാല് കമ്പനികള്‍ താല്‍പര്യ പത്രം സമര്‍പ്പിച്ചുവെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചിരുങ്കിലും പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളുടെയും പെൻഷൻ ഫണ്ട് സ്ഥാപനങ്ങളുടെയും കൺസോർഷ്യങ്ങളാണ് ബി.പി.സി.എല്ലിനായി രംഗത്തുവന്നിട്ടുള്ളതെന്നായിരുന്നു ഇതുവരെ പുറത്തു വന്നിരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ഇന്നാണ് പുതിയ പേര് പുറത്തുവരുന്നത്.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേദാന്ത ലിമിറ്റഡിന് ഇന്ത്യയ്ക്ക് പുറമെ ഓസ്ട്രേലിയ, സാംബിയ, ദക്ഷിണാഫ്രിക്ക, നമീബിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം വിശാലമായ വ്യവസായമാണ് ഉള്ളത്.

ഇന്ത്യയിലെ ഓയ്ല്‍ ആന്‍ഡ് ഗ്യാസ് ബിസിനസ് വിപുലമാക്കുകയാണ് ഈ നീക്കത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നതെന്ന് വേദാന്ത ഗ്രൂപ്പ് പ്രതിനിധി അറിയിച്ചു. അതേ സമയം താല്‍പര്യപത്രം സമര്‍പ്പിച്ച മറ്റ് കമ്പനികളാരെന്ന സൂചനകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it