രാജ്യത്ത് ഐഫോണ്‍ നിര്‍മാണകേന്ദ്രമൊരുക്കാന്‍ വേദാന്ത
മഹാരാഷ്ട്രയില്‍ ആപ്പിള്‍ ഐഫോണുകളും മറ്റ് ടെലിവിഷന്‍ ഉപകരണങ്ങളും നിര്‍മിക്കുന്നതിനായി കേന്ദ്രമൊരുക്കാന്‍ വേദാന്ത. ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിലൂടെ രാജ്യത്തെ ഇലക്ട്രോണിക്‌സ് നിര്‍മാണത്തിന് ഉത്തേജനം നല്‍കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഖനന രംഗത്തെ പ്രമുഖ കമ്പനി ഇവി വാഹന രംഗത്തേക്കും ചുവടുവയ്ക്കാനുള്ള ഒരുക്കത്തിലാണ്.
രാജ്യത്ത് ഐഫോണ്‍ നിര്‍മിക്കുന്നതിന് തായ്വാന്‍ ഇലക്ട്രോണിക്‌സ് ഭീമനായ വിസ്‌ട്രോണുമായി സംയുക്ത സംരംഭം സ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണ് ടാറ്റ ഗ്രൂപ്പ്. ഇതിനിടെയാണ് വേദാന്ത ചെയര്‍മാന്റെ പ്രഖ്യാപനം. നിലവില്‍ ചൈനയില്‍നിന്ന് ആഗോള ഇലക്ട്രോണിക്‌സ് നിര്‍മാതാക്കള്‍ പിന്നോട്ടടിക്കുകയാണ്. ഈ നീക്കം ഇന്ത്യയെ ഇലക്ട്രോണിക്സ് നിര്‍മ്മാണത്തിന്റെ കേന്ദ്രമാക്കി മാറ്റാന്‍ സാധ്യതയുണ്ട്.
വേദാന്ത അര്‍ധചാലക നിര്‍മാണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അര്‍ധചാലകവും ഡിസ്പ്ലേ ഫാബ്രിക്കേഷന്‍ യൂണിറ്റും സ്ഥാപിക്കുന്നതിനായി കമ്പനി മഹാരാഷ്ട്രയില്‍ 1.54 ലക്ഷം കോടി രൂപയിലധികം നിക്ഷേപിക്കുമെന്ന് ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി സംസ്ഥാന സര്‍ക്കാര്‍ ചൊവ്വാഴ്ച പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. സംയുക്ത സംരംഭത്തില്‍ വേദാന്ത 60 ശതമാനം ഓഹരിയും തായ്വാനീസ് ചിപ്പ് നിര്‍മ്മാതാക്കളായ ഫോക്സ്‌കോണ്‍ 40 ശതമാനം ഓഹരിയും സ്വന്തമാകും.