ഒടുവില്‍ ലാഭത്തിലെത്തി ടാറ്റയുടെ വിമാനക്കമ്പനി
ആദ്യമായി ലാഭത്തിലെത്തി ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള വിമാനക്കമ്പനി വിസ്താര. നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലാണ് കമ്പനി അറ്റാദായം നേടിയത്. അതേ സമയം ലാഭം ഏത്രയാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ വരുമാനം ഒരു ശതകോടി ഡോളര്‍ കടന്നിരുന്നു.
2015ല്‍ പ്രവര്‍ത്തനം തുടങ്ങിയ നാള്‍ മുതല്‍ വിസ്താര നഷ്ടത്തിലായിരുന്നു. സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായുള്ള ടാറ്റയുടെ സംയുക്ത സംരംഭമാണ് കമ്പനി. വിസ്താരയില്‍ 51 ശതമാനം ഓഹരി വിഹിതമാണ് ടാറ്റയ്ക്കുള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ വിസ്താരയിലെ യാത്രക്കാരുടെ എണ്ണം 47 ശതമാനത്തോളം വര്‍ധിച്ചിരുന്നു. 33.06 ലക്ഷം യാത്രക്കാരാണ് വിസ്താരയില്‍ സഞ്ചരിച്ചത്. 2022ല്‍ ആകെ 1.1 കോടി യാത്രക്കാരെയാണ് കമ്പനി നേടിയത്.
പുതിയ എയര്‍ക്രാഫ്റ്റുകളിലൂടെ ഉള്‍ക്കൊള്ളാവുന്ന യാത്രക്കാരുടെ എണ്ണം 37 ശതമാനം ഉയര്‍ത്തിയിരുന്നു. ലോകത്തെ ഏറ്റമും മികച്ച എയര്‍ലൈനുകളുടെ സ്‌കൈട്രാക്‌സ് (Skytrax) പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഇടംനേടിയ ഏക കമ്പനിയും വിസ്താരയാണ്. അയ്യായിരത്തിലധികം ജീവനക്കാരുള്ള കമ്പനി ഒരുമാസം ഏകദേശം 8500 സര്‍വീസുകളാണ് നടത്തുന്നത്.
ആഭ്യന്തര സര്‍വീസുകളില്‍ ഇന്‍ഡിഗോയ്ക്ക് പിന്നാലെ രണ്ടാമതാണ് വിസ്താര. വിപണി വിഹിതം 9.2 ശതമാനം ആണ്. 55.7 ശതമാനമാണ് ഇന്‍ഡിഗോയുടെ വിപണി വിഹിതം. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയര്‍ ഇന്ത്യയ്ക്ക് 6.2 ശതമാനവും എയര്‍ ഏഷ്യയ്ക്ക് 0.6 ശതമാനവും വിപണിയാണുള്ളത്. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എല്ലാ എയര്‍ലൈന്‍ കമ്പനികളെയും എയര്‍ ഇന്ത്യയുടെ കീഴില്‍ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ. നടപടികള്‍ പൂര്‍ത്തിയാവുന്നതോടെ വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് എന്നിവ എയര്‍ ഇന്ത്യയുടെ ഭാഗമാവും.