Begin typing your search above and press return to search.
ഏറ്റവും വലിയ ഓഹരി ഉടമ, പക്ഷെ കമ്പനിയില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് വോഡാഫോണ്‍ ഐഡിയ സിഇഒ
വോഡാഫോണ്‍ ഐഡിയയുടെ (വിഐ) നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് കമ്പനി സിഇഒ രവീന്ദര്‍ തക്കര്‍. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എജിആര്‍ കുടിശികയുടെ പലിശ ഇനത്തില്‍ കേന്ദ്രത്തിന് നല്‍കാനുണ്ടായിരുന്ന 16000 കോടിരൂപ ഓഹരികളായി മാറ്റുമെന്ന് ചൊവ്വാഴ്ചയാണ് വിഐ അറിയിച്ചത്. ഇതനുസരിച്ച് കമ്പനിയുടെ 35.8 ശതമാനം ഓഹരികള്‍ കേന്ദ്ര സര്‍ക്കാരിന് ലഭിക്കും.
ഓഹരി കൈമാറ്റത്തോടെ വിഐയുടെ ഏറ്റവും വലിയ ഓഹരി ഉടമകളായി കേന്ദ്രം മാറും. വോഡാഫോണിന് 28.5 ശതമാനവും ആദിത്യ ബിര്‍ള ഗ്രൂപ്പിന് 17.8 ശതമാനം ഓഹരികളുമാവും കമ്പനിയില്‍ ഉണ്ടാവുക. പ്രൊമോട്ടര്‍മാര്‍ തന്നെ കമ്പനിയെ നയിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. മൂന്ന് കമ്പനികളെയും സര്‍ക്കാരിന് വേണമെന്നും ടെലികോം മേഖലയുടെ കുത്തകവത്കരണം അവര്‍ ആഗ്രഹിക്കുന്നില്ലെന്നും രവീന്ദര്‍ പറഞ്ഞു. വിഐ ഡയറക്ടര്‍ ബോര്‍ഡിലും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി ഉണ്ടാവില്ല എന്നാണ് വിവരം. കുടിശികയുടെ പലിശ ഓഹരിയായി സ്വീകരിക്കുന്നത് സംബന്ധിച്ച് ടെലികോം വകുപ്പ് യാതൊരു നിബന്ധനയും മുന്നോട്ട് വെച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത മാസം ഓഹരി കൈമാറ്റം പൂര്‍ത്തിയാക്കാനാണ് വിഐ ലക്ഷ്യമിടുന്നത്. വിഐക്ക് പുറമെ ടാറ്റാ ടെലിസര്‍വീസസും കേന്ദ്രത്തിന് ഓഹരികള്‍ കൈമാറുമെന്ന് അറിയിച്ചിരുന്നു. വിഐയുടെ ഏറ്റവും വലിയ ഓഹരി ഉടമകളായതിന് ശേഷമുള്ള പദ്ധതികളെക്കുറിച്ച് കേന്ദ്രവും പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോവുന്നത്. അതുകൊണ്ട് തന്നെ മറ്റൊരു ടെലികോം കമ്പനിയില്‍ കേന്ദ്രത്തിന് താല്‍പ്പര്യമുണ്ടാവില്ല. പ്രത്യേകിച്ചും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നയം പിന്തുടരുന്ന സാഹചര്യത്തില്‍. വിഐയുടെ ഓഹരികള്‍ ഭാവിയില്‍ കേന്ദ്രം വിറ്റഴിച്ചേക്കാമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
Next Story
Videos