Begin typing your search above and press return to search.
വോഡഫോണ്‍ ഐഡിയയുടെ 5ജി എന്നെത്തും? കമ്പനിയുടെ സി.ഇ.ഒ പറയുന്നത് ഇങ്ങനെ
പ്രമുഖ സ്വകാര്യ ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയ അടുത്ത ഒമ്പത് മാസത്തിനകം രാജ്യത്ത് 5ജി സേവനം ലഭ്യമാക്കുമെന്ന് കമ്പനി സി.ഇ.ഒ അക്ഷയ് മുന്ദ്ര പറഞ്ഞു. അടുത്ത 24-30 മാസത്തിനകം കമ്പനിയുടെ മൊത്തം വരുമാനത്തിന്റ 40 ശതമാനവും 5ജി സേവനത്തിലൂടെ നേടാനാണ് ലക്ഷ്യമെന്നും മുന്ദ്ര പറഞ്ഞു.
എന്നാല്‍ എവിടെയൊക്കെയാകും സേവനം ലഭ്യമാക്കുകയെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. നിലവില്‍ പരീക്ഷണം പൂര്‍ത്തിയാക്കിയതായും കമ്പനിയുടെ 90 ശതമാനം നെറ്റ്‌വര്‍ക്കും 5ജി സേവനങ്ങള്‍ക്ക് പ്രാപ്തമാണെന്നും ആറ് മുതല്‍ ഒമ്പത് മാസത്തിനകം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമായും 17 സര്‍ക്കിളുകള്‍ കേന്ദ്രീകരിച്ചാണ് കമ്പനിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നത്.
♦ ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സ്ആപ്പ്, ടെലഗ്രാം
ഉടൻ നടക്കുന്ന ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്.പി.ഒ) വഴി സമാഹരിക്കുന്ന തുക വിനിയോഗിച്ച് 5ജി ഉപകരണങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. നിലവിലുള്ള 4ജി നെറ്റ്‌വര്‍ക്കിന്റെ ശേഷി വിപുലമാക്കാനും ഈ തുക വിനിയോഗിക്കും. എഫ്.പി.ഒ വഴി 18,000 കോടി രൂപയാണ് കമ്പനി സമാഹരിക്കുന്നത്. ഇതില്‍ 12,750 കോടി രൂപ 5ജി സേവനങ്ങള്‍ക്കായി ഉപയോഗിക്കും. അതില്‍ 5,720 കോടി രൂപ 5 ജി നെറ്റ്‌വര്‍ക്ക് സ്ഥാപിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്.
എഫ്.പി.ഒയ്ക്ക് ഇനി രണ്ടു നാള്‍
ഏപ്രില്‍ 18 മുതൽ 22 വരെയാണ് വോഡഫോണ്‍ ഐഡിയ എഫ്.പി.ഒ. ഓഹരിക്ക് 10-11 രൂപ നിരക്കിലായിരിക്കും വില്‍പ്പന. ആങ്കര്‍ ബിഡുകള്‍ക്ക് ഇന്ന് അംഗീകാരം ലഭിക്കും. ജെഫറീസ്, എസ്.ബി.ഐ ക്യാപ്‌സ്, ആക്‌സിസ് ക്യാപിറ്റല്‍ എന്നിവരാണ് എഫ്.പി.ഒയുടെ ലീഡ് മാനേജര്‍മാര്‍.
നിക്ഷേപകര്‍ക്ക് ഏറ്റവും കുറഞ്ഞത് 1,298 ഓഹരികള്‍ക്കായി അപേക്ഷിക്കാം. ഓഹരിയുടെ ഉയര്‍ന്ന പ്രൈസ് ബാന്‍ഡ് അനുസരിച്ച് കുറഞ്ഞ നിക്ഷേപതുക 14,278 രൂപയാണ്. തുടര്‍ന്ന് 1,298 ഓഹരികളുടെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.
പ്രതിസന്ധിക്കിടെ
കമ്പനിയുടെ നിലവിലുള്ള നിക്ഷേപകര്‍ക്കോ ഓഹരിയുടമകള്‍ക്കോ പ്രമോട്ടര്‍ക്കോ പുതിയ ഓഹരികള്‍ അനുവദിക്കുന്ന നടപടിക്രമമാണ് ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍. കമ്പനിക്ക് ഇതുവഴി കൂടുതല്‍ മൂലധനസമാഹരണം നടത്താന്‍ സാധിക്കും. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന വോഡഫോണ്‍ ഐഡിയയ്ക്ക് കച്ചിത്തുരുമ്പാണ് എഫ്.പി.ഒ.
ഓഹരികള്‍ വഴി 20,000 കോടി രൂപ വരെ സമാഹരിക്കാൻ ഫെബ്രുവരി 27ന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രിഫറന്‍ഷ്യല്‍ ഓഹരികളിറക്കി 2,075 കോടി രൂപ സമാഹരിച്ചു. ബാക്കി 18,000 കോടിയാണ് എഫ്.പി.ഒ വഴി സമാഹരിക്കുന്നത്. ബാങ്കുകളിൽ നിന്ന് വായ്പയായി പണം നേടാനും കമ്പനി ശ്രമം നടത്തുന്നുണ്ട്.
കഴിഞ്ഞ കുറെ പാദങ്ങളായി തുടര്‍ച്ചയായി നഷ്ടം രേഖപ്പെടുത്തുന്ന കമ്പനിക്ക് അടുത്തിടെയായി നഷ്ടത്തിന്റെ തോത് കുറയ്ക്കാന്‍ സാധിക്കുന്നുണ്ട്. പുതിയ ഫണ്ട് സമാഹരണത്തിലൂടെ ഉപയോക്തൃ സേവനം മെച്ചപ്പെടുത്തുന്നത് വഴി കൂടുതല്‍ വരുമാനം നേടാനാകുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.
Next Story
Videos