ഇന്ത്യയില്‍ വീണ്ടും നിക്ഷേപത്തിനൊരുങ്ങി വോഡഫോണ്‍, വിഐ സമാഹരിക്കുക 14,500 കോടി

ഇനി ഇന്ത്യയില്‍ നിക്ഷേപത്തിനില്ലെന്ന് അറിയിച്ച ഇംഗ്ലണ്ടിലെ വോഫോണ്‍ ഗ്രൂപ്പ് തീരുമാനം മാറ്റുകയാണ്. ആദിത്യ ബിര്‍ലാ ഗ്രൂപ്പും വോഫോണും ചേര്‍ന്ന് വിഐ (വോഡാഫോണ്‍ ഐഡിയ) ലിമിറ്റഡില്‍ 4500 കോടി രൂപ നിക്ഷേപിക്കും. നേരത്തെ വിഐയിലെ പങ്കാളിത്തം പൂര്‍ണമായി ഒഴിവാക്കുന്നതിനെ കുറിച്ച് ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള സൂചനകള്‍ നല്‍കിയിരുന്നു.

എന്നാല്‍ വീണ്ടും വിഐയില്‍ നിക്ഷേപം നടത്താന്‍ ഇരു കമ്പനികളും ഒരുങ്ങുമ്പോള്‍ ഓഹരി ഉടമകള്‍ക്കടക്കം പ്രതീക്ഷയ്ക്ക് വകയുണ്ട്. അള്‍ട്രാടെക്കിന്റെ വൈസ് ചെയര്‍മാന്‍ കെകെ മഹേശ്വരിയെ വിഐ ബോര്‍ഡില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശവും ആദ്യത്യ ബിര്‍ള ഗ്രൂപ്പ് മുന്നോട്ട് വെച്ചു. ഓഹരികളിലൂടെയോ കടപ്പത്രങ്ങളിലൂടെയോ 10,000 കോടി രൂപ കണ്ടെത്താനും വിഐ തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് അവസാനത്തോടെ ഫണ്ട് സമാഹരണം പൂര്‍ത്തിയാക്കാനാണ് കമ്പനിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
3.38 ബില്യണ്‍ ഓഹരികള്‍ അനുവദിക്കാന്‍ കമ്പനി ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. 13.30 നിരക്കിലായിരിക്കും ഓഹരികള്‍ വില്‍ക്കുക. വിഷയത്തില്‍ മാര്‍ച്ച് 26ന് ഓഹരി ഉടമകളുടെ അനുമതിയും വിഐ തേടും. നേരത്തെ വിഐയിലേക്ക് പണം കണ്ടെത്തുന്നതിന്റെ ഭാഗമായി ഇന്‍ഡസ് ടവേഴ്സിലെ ഓഹരികള്‍ വില്‍ക്കാന്‍ വോഫോണ്‍ തീരുമാനിച്ചിരുന്നു. അതില്‍ 4.7 ശതമാനം ഓഹരികള്‍ വാങ്ങുന്നത് എയര്‍ടെല്ലാണ്.


Related Articles
Next Story
Videos
Share it