മെറ്റയില്‍ എന്താണ് സംഭവിക്കുന്നത്? വാട്‌സാപ്പിന്റെ ഇന്ത്യന്‍ മേധാവി അഭിജിത് ബോസും രാജിവച്ചു

വാട്സാപ്പിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഇന്ത്യന്‍ മേധാവി അജിത് മോഹന്‍ രാജിവച്ച് രണ്ടാഴ്ച പിന്നിടുമ്പോള്‍ വാട്സാപ്പിന്റെ ഇന്ത്യന്‍ മേധാവി അഭിജിത് ബോസ് രാജിവച്ചു. കൂടാതെ മെറ്റയുടെ ഇന്ത്യയിലെ പബ്ലിക് പോളിസി മേധാവി രാജീവ് അഗര്‍വാളും രാജിവച്ചു. അതേസമയം വാട്ട്‌സ്ആപ്പ് ഇന്ത്യയുടെ നിലവിലെ പബ്ലിക് പോളിസി ഡയറക്ടര്‍ ശിവനാഥ് തുക്രാലിനെ മെറ്റാ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് എന്നിങ്ങനെ എല്ലാ പ്ലാറ്റ്‌ഫോമുകളുടെയും പബ്ലിക് പോളിസി ഡയറക്ടറായി നിയമിച്ചു.

രാജിക്ക് ശേഷം ഇത്തരത്തിലെ കടുത്ത തീരുമാനത്തിന് പിന്നിലെ കാരണം വിശദീകരിച്ചുകൊണ്ട് അഭിജിത് ബോസ് ലിങ്ക്ഡ്ഇനില്‍ ഒരു കുറിപ്പ് എഴുതി. മെറ്റായിലെ പിരിച്ചുവിടല്‍ മൂലമാണ് രാജി നല്‍കാനുള്ള തീരുമാനം വൈകിപ്പിച്ചതെന്ന് അദ്ദേഹം കുറിപ്പില്‍ പറഞ്ഞു. നിരവധി ടീമംഗങ്ങളോട് വിട പറയേണ്ടിവന്നത്കൊണ്ട് തന്നെ വാട്ട്‌സ്ആപ്പിലെ എല്ലാ ടീമിനും ഇത് വളരെ ബുദ്ധിമുട്ടുള്ള ആഴ്ചയായിരുന്നുവെന്നും ലിങ്ക്ഡ്ഇനിലെ പോസ്റ്റില്‍ ബോസ് എഴുതി. ലോകത്തെ മാറ്റാനുള്ള സാധ്യതയും അവസരവും വാട്ട്‌സ്ആപ്പിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019 ജനുവരിയിലാണ് അഭിജിത് ബോസ് വാട്ട്‌സ്ആപ്പ് ഇന്ത്യയില്‍ ചേര്‍ന്നത്. തങ്ങളുടെ ഇന്ത്യയിലെ ആദ്യത്തെ വാട്ട്‌സ്ആപ്പ് തലവന്‍ എന്ന നിലയില്‍ അഭിജിത് ബോസിന്റെ മഹത്തായ സംഭാവനകള്‍ക്ക് നന്ദി പറയുന്നുവെന്നും ദശലക്ഷക്കണക്കിന് ആളുകള്‍ക്കും ബിസിനസുകള്‍ക്കും പ്രയോജനകരമായ പുതിയ സേവനങ്ങള്‍ നല്‍കാന്‍ വാട്ട്‌സ്ആപ്പ് ടീമിനെ അദ്ദേഹത്തിന്റെ സംരംഭകത്വ മികവ് സഹായിച്ചുവെന്നും വാട്ട്‌സ്ആപ്പ് മേധാവി വില്‍ കാത്കാര്‍ട്ട് പറഞ്ഞു.

2021 സെപ്തംബര്‍ മുതല്‍ മെറ്റാ ഇന്ത്യയുടെ പബ്ലിക് പോളിസി ചീഫായി പ്രവര്‍ത്തിച്ചിരുന്ന രാജീവ് അഗര്‍വാളും മെറ്റയില്‍ നിന്നും രാജിവച്ചു. കമ്പനിയുടെ ഉപഭോക്തൃ-സുരക്ഷ, സ്വകാര്യത, രാജ്യത്ത് ഡിജിറ്റല്‍ ഉള്‍പ്പെടുത്തല്‍ വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ പോലുള്ള കാര്യങ്ങളില്‍ നേതൃത്വം നല്‍കുന്നതില്‍ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഇന്ത്യ മെറ്റാ പങ്കാളിത്ത ഡയറക്ടര്‍ മനീഷ് ചോപ്ര പറഞ്ഞു. 1993 ബാച്ചിലെ യുപി കേഡറില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനായ അഗര്‍വാള്‍ ഊബര്‍ ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും പബ്ലിക് പോളിസി മേധാവിയായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് മെറ്റയില്‍ ചേര്‍ന്നത്.

ഫേസ്ബുക്ക് ഉടമയായ മെറ്റ ആഗോളതലത്തില്‍ തങ്ങളുടെ 11,000 ജീവനക്കാരെ പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചതോടെയാണ് കമ്പനിയില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥര്‍ രാജിവച്ചത്. വാട്ട്‌സ്ആപ്പിന് ഇന്ത്യയില്‍ 487 ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്. കൂടാതെ വാട്ട്‌സ്ആപ്പിന്റെ ചെറുകിട ബിസിനസ്സ് ആപ്ലിക്കേഷനില്‍ 15 ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്. വാട്ട്‌സ്ആപ്പ് ബിസിനസിന്റെ ഇന്ത്യയിലെ വരുമാനം അടുത്ത വര്‍ഷം 1 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles
Next Story
Videos
Share it