അന്ന് ബില്‍ ഗേറ്റ്സിനെയും പിന്നിലാക്കി ഒന്നാമതായി, ഇന്ന് സക്കര്‍ബര്‍ഗിന്റെ തൊട്ടുപിന്നില്‍; മുകേഷ് അംബാനിയുടെ വിജയത്തിലേക്ക് ഒരെത്തിനോട്ടം

ഇന്ത്യയിലെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ അനുസരിച്ച് ഏറ്റവും മൂല്യമേറിയ കമ്പനിയുടെ തലവന്‍ ആരാണ്? ഇന്ത്യയിലെ ടോപ് ബിസിനസ് ടൈക്കൂണുകള്‍ മുതല്‍ ധാരാവിയില്‍ ചായ വില്‍ക്കുന്ന കച്ചവടക്കാരന് പോലും അതിനുള്ള ഉത്തരം വ്യക്തം, 'റിലയന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി തന്നെ.' അഞ്ച് ദശകങ്ങള്‍ക്ക് മുമ്പ് ആയിരം രൂപയും ഒരു മേശയും കസേരയുമായി ധിരുഭായ് അംബാനി ഒരു ചെറിയ കച്ചവടം ആരംഭിച്ചിരുന്നു. പിന്നീടത് പടര്‍ന്നു പന്തലിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്ന വന്‍ മരമായി.

വച്ച ചുവടുകളെല്ലാം സസൂക്ഷ്മം വിജയത്തിലേക്കു തന്നെയെന്നുറപ്പിച്ച ആ ബിസിനസുകാരന്റെ മൂത്ത മകനും അച്ഛന്റെ കച്ചവടക്കണക്കിന്റെ പിന്തുടര്‍ച്ചക്കാരനും നല്ലൊരു മാന്ത്രികനുമായി. അതെ ബിസിനസിന്റെ മാന്ത്രികത കൈവശമാക്കിയ ആളെ ഇതിനപ്പുറം എങ്ങനെ വിശേഷിപ്പിക്കാം? മുകേഷ് അംബാനിയാണ് ഈ കൊറോണക്കാലത്തും വ്യവസായ ലോകത്തെ ചര്‍ച്ചാവിഷയം.

88.9 ബില്യണ്‍ ഡോളര്‍ അഥവാ ഏകദേശം 6,53,237 കോടി രൂപയുടെ സമ്പത്തുമായി ഫോബ്സ് റിയല്‍-ടൈമിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിലെ അഞ്ചാം സ്ഥാനക്കാരനാണിന്ന് മുകേഷ് അംബാനി. മാത്രമല്ല, ഫോബ്സ് റിയല്‍-ടൈം ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 98 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഫേസ്ബുക്കിന്റെ മാര്‍ക്ക് സക്കര്‍ബര്‍ഗിന് തൊട്ടുപിറകെയാണ് ലോകത്തിലെ അഞ്ചാമത്തെ സമ്പന്നനായ മുകേഷ് അംബാനി ഇപ്പോള്‍.

അംബാനിയുടെ വിജയം ഇത്തരത്തില്‍ മാത്രമല്ല മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്‍ ഗേറ്റ്‌സിനെ മറികടന്ന് ലോകത്തെ ഏറ്റവും സമ്പന്നനായി ചരിത്ര താളുകളില്‍ എഴുതപ്പെട്ട കാലവുമുണ്ടായിരുന്നു ആര്‍ഐഎല്ലിന്റെ ബോസിന്. 2007 ഒക്ടോബറിലാണ് ടെക്ക് ഭീമന്‍ ബില്‍ ഗേറ്റ്‌സ്, മെക്‌സിക്കന്‍ ബിസിനസ് മാഗ്‌നറ്റ് കാര്‍ലോസ് സ്ലിം ഹെലു, ബെര്‍ക്ഷയര്‍ ഹാത്വേയിലെ ശതകോടീശ്വര നിക്ഷേപകന്‍ വാറന്‍ ബഫെറ്റ് എന്നിവരെ മറികടന്ന് ആഗോള സമ്പന്ന പട്ടികയില്‍ മുകേഷ് അംബാനി ഒന്നാമതെത്തിയത്. 2007 ല്‍ 63.2 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അംബാനിയുടെ സമ്പത്ത് 13 വര്‍ഷത്തിനിപ്പുറം 25 ബില്യണ്‍ ഡോളറിലധികം ഉയര്‍ന്നു.

ഈ കാലഘട്ടത്തില്‍ ആഗോള മാന്ദ്യവും ലോകം അഭിമുഖീകരിച്ചു. അപ്പോഴും ധിരുഭായ് അംബാനിയുടെ പേരുയര്‍ത്തി മുകേഷ് അംബാനി ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ തന്നെ നിലകൊണ്ടു. സമ്പത്തിന്റെ കാര്യത്തില്‍ ഏഷ്യ, യൂറോപ്പ് എന്നിവടങ്ങളില്‍ മുകേഷ് അംബാനിക്ക് എതിരാളികളില്ല എന്നതു വരെയായി കാര്യങ്ങള്‍. റിലയന്‍സിന്റെ ഡിജിറ്റല്‍ വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസിലേക്കുള്ള വിദേശനിക്ഷേപം റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ കടബാധ്യതയില്ലാത്ത കമ്പനിയാക്കി മാറ്റി.

2021 മാര്‍ച്ചിന് മുന്‍പ് ബാധ്യതകളെല്ലാം തീര്‍ക്കുമെന്ന് മുകേഷ് അംബാനി 2019 ഓഗസ്റ്റില്‍ തന്നെ ഓഹരിയുടമകള്‍ക്കു വാഗ്ദാനം നല്‍കിയിരുന്നു. ആ വാക്ക് പാലിച്ചെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചതോടെ ഓഹരി വിലയില്‍ അടുത്തിടെയുണ്ടായ കുതിച്ചുചാട്ടവും ലോകം കണ്ടു. റിലയന്‍സിന്റെ വിപണി മൂലധനം 200 ബില്യണ്‍ ഡോളറിലെത്തി, ഇത്തരത്തിലെ ഇന്ത്യയിലെ ആദ്യത്തെ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്.

കോവിഡ് കാലത്തും ആഗോളനിക്ഷേപമാകര്‍ഷിച്ച് റിലയന്‍സും ബൈജൂസും

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it