Begin typing your search above and press return to search.
വോഡഫോണ്‍ ഐഡിയയിൽ മൂലധന പ്രതിസന്ധി രൂക്ഷം; ഭാവി പുതിയ സര്‍ക്കാരിന്റെ കൈയില്‍
ഓഹരികള്‍ ഇന്ന് നേട്ടത്തില്‍
റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും രാജ്യം മുഴുവന്‍ 5ജി സേവനം അവതരിപ്പിച്ച് നാളേറെയായിട്ടും ഇപ്പോഴും 4ജിയിലോടി കിതയ്ക്കുകയാണ് വോഡഫോണ്‍ ഐഡിയ. അതിരൂക്ഷമായ മൂലധന ഞെരുക്കമാണ് കമ്പനിയെ വലയ്ക്കുന്നത്.
കഴിഞ്ഞമാസം ഫോളോ-ഓണ്‍ ഓഹരി വില്‍പന (FPO) വഴി 20,000 കോടി രൂപ കമ്പനി സമാഹരിച്ചിരുന്നെങ്കിലും പ്രവര്‍ത്തനം മെച്ചമാക്കാന്‍ തീരെ അപര്യാപ്തം. വീണ്ടും ഓഹരി വിറ്റ് 35,000 കോടി രൂപ സമാഹരിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ കനിയണം.
കടുക്കുന്ന പ്രതിസന്ധി
സ്‌പെക്ട്രം ഫീസ്, കേന്ദ്രത്തിന് നല്‍കാനുള്ള അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ (AGR) കുടിശിക എന്നിങ്ങനെ ഇനങ്ങളിലായി മൊത്തം 70,300 കോടി രൂപയുടെ ബാധ്യത നിലവില്‍ വോഡഫോണ്‍ ഐഡിയയ്ക്കുണ്ട്.
കമ്പനിയുടെ പ്രതിസന്ധി പരിഗണിച്ച് ഫീസുകള്‍ അടയ്ക്കുന്നതിന് 2021ല്‍ കമ്പനിക്ക് കേന്ദ്രം 4 വര്‍ഷത്തെ മോറട്ടോറിയം (സാവകാശം) അനുവദിച്ചിരുന്നു. അടുത്തവര്‍ഷം മോറട്ടോറിയം അവസാനിക്കും.
അതായത്, കേന്ദ്രത്തിനുള്ള കുടിശിക കമ്പനി പലിശയും പിഴയും പിഴപ്പലിശയും സഹിതം തിരിച്ചടയ്‌ക്കേണ്ടി വരും. മറ്റൊരു പ്രതിസന്ധി എന്തെന്നാല്‍, വിപണിയിലെ സാങ്കേതിക മാറ്റത്തിനുസരിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ മൂലധനം കണ്ടെത്തണം.
ഈയിനത്തില്‍ 2028-32 കാലയളവില്‍ 84,000 കോടി രൂപയുടെ മൂലധനക്കുറവ് കമ്പനി നേരിട്ടേക്കുമെന്ന് ബ്രോക്കറേജുകളായ കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ സെക്യൂരിറ്റീസ് വിലയിരുത്തിയിട്ടുണ്ട്.
കേന്ദ്രം കനിയണം
വരുമാനം ഉയരാത്തതാണ് ടെലികോം കമ്പനികളെ പ്രത്യേകിച്ച് വോഡഫോണ്‍ ഐഡിയയെ പ്രധാനമായും പ്രതിസന്ധിയിലാക്കുന്നത്. സേവനങ്ങള്‍ക്കുള്ള താരിഫ് നിരക്കും അതുവഴി ആളോഹരി ഉപയോക്തൃ ചെലവും (ARPU) കൂട്ടുമെന്ന് കമ്പനി സൂചിപ്പിച്ചിട്ടുണ്ട്. ഒന്നിലധികം തവണയായി സേവനനിരക്കുകള്‍ കൂട്ടിയേക്കും; അതായത് ഡേറ്റ, കോള്‍ നിരക്കുകള്‍ കൂടും.
പക്ഷേ, ഇതുകൊണ്ട് കമ്പനിയുടെ പ്രശ്‌നങ്ങള്‍ മാറില്ല. കേന്ദ്രത്തിന് നല്‍കാനുള്ള ഫീസ് കുടിശികകള്‍ ഓഹരികളാക്കി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായാലേ കമ്പനി ദീര്‍ഘകാലത്തില്‍ കരകയറാനാകൂ എന്ന് നിരീക്ഷകര്‍ പറയുന്നു.
മാത്രമല്ല, നിലവിലെ മോറട്ടോറിയത്തിന്റെ കാലാവധി നീട്ടുകയും എ.ജി.ആര്‍ ഉള്‍പ്പെടെയുള്ള ഫീസുകളില്‍ ഇളവ് അനുവദിക്കുകയും വേണം എന്ന വാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
എ.ജി.ആര്‍ കണക്കാക്കിയതില്‍ പിശക് ചൂണ്ടിക്കാട്ടി കമ്പനി തന്നെ രംഗത്തുവന്നിരുന്നു. ഇക്കാര്യം കോടതിയുടെ പരിഗണനയിലുമാണ്. കമ്പനിയുടെ വാദങ്ങള്‍ ശരിവച്ചാല്‍ ബാധ്യതയില്‍ 35,000 കോടി രൂപയുടെ എങ്കിലും കുറവുണ്ടാകുമെന്ന് കരുതുന്നു. ഇത് കമ്പനിക്ക് വലിയ ആശ്വാസമാകും.
മുന്നില്‍ വലിയ ലക്ഷ്യങ്ങള്‍
4ജി സേവനം കൂടുതല്‍ മെച്ചപ്പെടുത്താനും 5ജി സേവനം അവതരിപ്പിക്കാനുമായി 50,000 മുതല്‍ 55,000 കോടി രൂപയുടെ വരെ പദ്ധതികള്‍ വോഡഫോണ്‍ ഐഡിയ ആസൂത്രണം ചെയ്യുന്നുണ്ട്. 5ജി സേവനം പരീക്ഷണാര്‍ത്ഥം ചിലയിടങ്ങളില്‍ ലഭ്യമാക്കിയിട്ടുണ്ട്.
വാണിജ്യാടിസ്ഥാനത്തില്‍ ഈവര്‍ഷം തന്നെ അവതരിപ്പിക്കുകയാണ് കമ്പനിയുടെ ഉന്നം. കമ്പനിക്ക് ഇനിയും വായ്പ നല്‍കുന്ന കാര്യത്തില്‍ ബാങ്കുകള്‍ ജാഗരൂകരാണ്. കമ്പനിയുടെ ആസ്തിനിലവാരം വ്യക്തമായി പഠിച്ചശേഷമേ ഇക്കാര്യത്തില്‍ ബാങ്കുകള്‍ മുന്നോട്ടുപോകൂ.
ഇക്കഴിഞ്ഞ മാര്‍ച്ചുപാദത്തിലെ കണക്കുപ്രകാരം സ്‌പെക്ട്രം ഫീസ്, എ.ജി.ആര്‍ കുടിശിക എന്നിവ ഉള്‍പ്പെടെ മൊത്തം രണ്ടുലക്ഷം കോടിയോളം രൂപയുടെ ബാധ്യതയാണ് വോഡഫോണ്‍ ഐഡിയയ്ക്കുള്ളത്. ബാങ്കുകള്‍ക്ക് വീട്ടാനുള്ള വായ്പാബാധ്യത 7,140 കോടി രൂപയില്‍ നിന്ന് 4,040 കോടി രൂപയായി കഴിഞ്ഞപാദത്തില്‍ കമ്പനി കുറച്ചിരുന്നു.
മുഖ്യ ഓഹരി പങ്കാളി കേന്ദ്രം
ആദിത്യ ബിര്‍ള ഗ്രൂപ്പ്, ബ്രിട്ടനിലെ വോഡഫോണ്‍ ഗ്രൂപ്പ് എന്നിവര്‍ പ്രൊമോട്ടര്‍മാരായ സ്വകാര്യ കമ്പനിയാണെങ്കിലും വോഡഫോണ്‍ ഐഡിയയുടെ നിലവിലെ ഏറ്റവും വലിയ ഓഹരി ഉടമകള്‍ കേന്ദ്രസര്‍ക്കാരാണ്.
കമ്പനിയില്‍ 23.8 ശതമാനം ഓഹരികളാണ് കേന്ദ്രത്തിനുള്ളത്. കഴിഞ്ഞമാസത്തെ എഫ്.പി.ഒയില്‍ ഓഹരി വിറ്റതുവഴി കേന്ദ്രത്തിന്റെ ഓഹരി പങ്കാളിത്തം താഴുകയായിരുന്നു.
മുന്‍കാല ഫീസ് കുടിശികകള്‍ ഓഹരികളാക്കി മാറ്റിയതോടെയാണ്, കമ്പനിയുടെ മുഖ്യ ഓഹരി പങ്കാളികളായി കേന്ദ്രം മാറിയത്. അതേസമയം, ഇനിയുള്ള ഫീസ് കുടിശികകളും ഓഹരികളാക്കി മാറ്റിയാല്‍ വൈകാതെ കേന്ദ്രത്തിന്റെ ഓഹരി പങ്കാളിത്തം 32 ശതമാനത്തിന് മുകളിലേക്ക് ഉയരും.
വോഡഫോണ്‍ ഐഡിയയ്ക്ക് മോറട്ടോറിയം നീട്ടിനല്‍കുക, ഫീസ് കുടിശിക ഓഹരികളാക്കി മാറ്റുക, ഫീസ് ഇളവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളിന്മേല്‍ കേന്ദ്രത്തില്‍ അധികാരത്തിലേറുന്ന പുതിയ സര്‍ക്കാരാകും അന്തിമതീരുമാനമെടുക്കുക. അതിനുശേഷം മാത്രമാകും കമ്പനി വീണ്ടും ഓഹരി വില്‍പനയ്ക്ക് മുതിര്‍ന്നേക്കുക.
ഓഹരി മേലോട്ട്
ഇന്ന് വോഡഫോണ്‍ ഐഡിയയുടെ ഓഹരികള്‍ ഒരുവേള 4 ശതമാനത്തിലധികം ഉയര്‍ന്നിരുന്നു. നിലവില്‍ ഓഹരികളില്‍ വ്യാപാരം നടക്കുന്നത് 2.96 ശതമാനം ഉയര്‍ന്ന് 13.90 രൂപയിലാണ്. 92,412 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണ് വോഡഫോണ്‍ ഐഡിയ.
വോഡഫോണ്‍ ഐഡിയയെ പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്ലുമായി ലയിപ്പിക്കണമെന്ന വാദങ്ങള്‍ നേരത്തേ ഉയര്‍ന്നിട്ടുണ്ടെങ്കിലും അതിനോട് ഇതുവരെ കേന്ദ്രം യോജിച്ചിട്ടില്ല.
Next Story
Videos