ഇന്ത്യ - ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാര്‍ വന്നാല്‍ സ്‌കോച്ച് വിസ്‌കിയുടെ വില കുറയുമോ?

സ്‌കോട്ട്‌ലാന്‍ഡിലെ മൊത്തം സ്‌കോച്ച് വിസ്‌ക്കി ഉല്‍പ്പാദനത്തെ കടത്തിവെട്ടുന്ന അളവില്‍ സ്‌കോച്ച് വിസ്‌ക്കി ഇന്ത്യയില്‍ കൊല്ലം തോറും വിറ്റഴിക്കാറുണ്ടെന്ന പറച്ചില്‍ അതിശയോക്തിയാവും. എന്നാലും അളവില്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നമാത്തെ സ്‌കോച്ച് വിസ്‌ക്കി വിപണി ഇന്ത്യയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇന്ത്യയും, ബ്രിട്ടനുമായി നടക്കുന്ന സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകളില്‍ അതുകൊണ്ട് തന്നെ സ്‌കോച്ച് പ്രധാന വിഷയമാണ്. സ്‌കോച്ചിന്റെ മേല്‍ ഇന്ത്യ ചുമത്തുന്ന 150 ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി അങ്ങേയറ്റം കൂടുതലാണ് എന്നാണ് ബ്രിട്ടന്റെ വാദം. ഈ നിരക്ക് ഗണ്യമായി കുറയ്ക്കണം എന്നാാണ് സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകളില്‍ ബ്രിട്ടന്റെ ശക്തമായ വാദം.

2020-ല്‍ കോവിഡിന്റെ വ്യാപനത്തെ തുടര്‍ന്നും, അമേരിക്ക 25 ശതമാനം നികുതി ഏര്‍പ്പെടുത്തിയതും സ്‌കോച്ചിന്റെ ആഗോള വിപണിയെ വല്ലാതെ തളര്‍ത്തിയിരുന്നു. കയറ്റുമതി വരുമാനം 23 ശതമാനം കുറഞ്ഞ് 380 കോടി പൗണ്ടായെന്നും, അളവ് 13 ശതമാനം കുറഞ്ഞ് 114 കോടി കുപ്പികളായെന്നും സ്‌കോച്ച് വിസ്‌ക്കി അസ്സോസിയേഷന്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഈയൊരു പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്ത്യയിലെ തീരുവ കുറയ്ക്കണമെന്ന ആവശ്യം ബ്രിട്ടന്‍ ഉയര്‍ത്തുന്നത്. സ്‌കോച്ചിന്റെ അളവില്‍ മൂന്നാമത്തെ വിപണിയാണെങ്കിലും മൊത്തം കയറ്റുമതി മൂല്യത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നിലുളള 10 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല. 729 മില്യണ്‍ പൗണ്ടുമായി അമേരിക്ക ഒന്നാം സ്ഥാനത്തും 107 മില്യണ്‍ പൗണ്ടുമായി ചൈന പത്താം സ്ഥാനത്തുമാണ്.
അളവില്‍ കൂടുതല്‍ ആണെങ്കിലും മൊത്തം ഇറക്കുമതി മൂല്യത്തിന്റെ കാര്യത്തില്‍ വലിയ തുക അല്ലാത്തതിനാല്‍ കസ്റ്റംസ് തീരുവ കുറയ്ക്കണമെന്ന ആവശ്യം അംഗീകരിയ്ക്കുന്നതുകൊണ്ട് ഇന്ത്യയ്ക്കു വലിയ ദോഷം വരാനില്ലെന്നു വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സ്‌കോച്ചിന്റെ കാര്യത്തില്‍ അനുവദിക്കുന്ന ഇളവിന് പകരമായി കൂടുതല്‍ കയറ്റുമതി വരുമാനം ഉറപ്പുവരുത്തുന്ന ഉല്‍പ്പന്നങ്ങളുടെയും, സേവനങ്ങളുടെയും മേഖലകളില്‍ കൂടുതല്‍ പ്രയോജനം ചെയ്യുന്നതിനായി ഇന്ത്യക്ക് വില പേശാനാവുമെന്നാണ് അവരുടെ അഭിപ്രായം.
ഫുഡ് ആന്റ് ഡ്രിങ്ക് 2020 എന്ന പ്രസിദ്ധീകരണത്തിലെ റിപോര്‍ട് അനുസരിച്ച് 163 മില്യണ്‍ പൗണ്ടിന്റെ ഭക്ഷ്യപേയ വസ്തുക്കളാണ് ബ്രിട്ടനില്‍ നിന്നും 2018-ല്‍ ഇന്ത്യയിലേക്കുള്ള ഇറക്കുമതി. അതില്‍ ഏകദേശം 143 മില്യണ്‍ പൗണ്ടിന്റെ ഇറക്കുമതിയും സ്‌കോച്ച് അടക്കമുള്ള മദ്യമായിരുന്നു.
.


Related Articles

Next Story

Videos

Share it